റെഡ് ക്രോസ് സൊസൈറ്റി എറണാകുളം ജില്ലാ ബ്രാഞ്ച് തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ നീക്കം

റെഡ് ക്രോസ് സൊസൈറ്റി എറണാകുളം ജില്ലാ ബ്രാഞ്ച് തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ നീക്കം

കൊച്ചി : ഇന്ത്യൻ റെഡ് ക്രോസ് സൊസൈറ്റി എറണാകുളം ജില്ലാ ബ്രാഞ്ച് ഭാരവാഹി തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ നീക്കമെന്ന് സേവ് റെഡ് ക്രോസ് മൂവ്മെന്റ് ആരോപിച്ചു. റെഡ് ക്രോസ് എറണാകുളം ജില്ലാ കമ്മിറ്റിയിൽ ദീർഘകാലമായി ജനാധിപത്യ രീതിയിൽ ഭാരവാഹി തെരഞ്ഞെടുപ്പ് നടത്താതിരിക്കുകയായിരുന്നു.  ചിലരുടെ കൈകളിൽമാത്രമായി  ഒതുങ്ങിയ റെഡ് ക്രോസിനെ ജനാധിപത്യരീതിയിൽ പു:നസംഘടിപ്പിക്കണമെന്ന സേവ് റെഡ് ക്രോസ് മൂവ്മെന്റിന്റെയും ചില അംഗങ്ങളുടെയും നിരന്തരമായ ആവശ്യത്തെ തുടർന്നാണ് അധികൃതർ തെരഞ്ഞെടുപ്പ് നടത്താൻ തീരുമാനിച്ചത്. ഇതിന്റെ അടിസ്ഥാനത്തിൽ വരണാധികാരിയെ നിയമിക്കുകയും തെരഞ്ഞെടുപ്പ്  വിജ്ഞാപനം പുറപ്പെടുവിക്കുകയും ചെയ്തു. എന്നാൽ മാനേജ് മെന്റ് കമ്മിറ്റിയിലെ ചിലർ 2011 ൽ തട്ടിക്കൂട്ടിയുണ്ടാക്കിയ വ്യാജ ഭരണഘടനയുടെ മറവിൽ തെരഞ്ഞെടുപ്പ് നടത്താതിരിക്കാനുള്ള നീക്കം നടത്തുകയാണ്.  ദേശീയ തലത്തിൽ ഒറ്റ ഭരണഘടനയുടെ അടിസ്ഥാനത്തിൽ  പ്രവർത്തിക്കുന്ന അന്താരാഷ്ട്ര സംഘടനയാണ് റെഡ് ക്രോസ് സൊസൈറ്റി എന്നിരിക്കെ,  എറണാകുളം ജില്ലാ ബ്രാഞ്ചിനു മാത്രമായി പ്രത്യേക ഭരണഘടനയാണെന്നുള്ള വാദം അടിസ്ഥാന രഹിതമാണ്.

ആരോഗ്യ, ജീവൻരക്ഷാ മേഖലയിൽ പ്രവർത്തിക്കേണ്ട റെഡ് ക്രോസ് എറണാകുളം ജില്ലയിൽ 2018, 2019 വർഷങ്ങളിലുണ്ടായ പ്രളയകാലത്തും, 2020, 2021 വർഷങ്ങളിലുണ്ടായ കൊവിഡ് മഹാമാരിക്കാലത്തും കാര്യക്ഷമമായി പ്രവർത്തിക്കാൻ തയ്യാറായില്ല. ഇതേ തുടർന്നാണ് സേവ് റെഡ് ക്രോസ് മൂവ്മെന്റ് നിയമ പോരാട്ടങ്ങളിലേക്ക് നീങ്ങിയത്. പ്രളയഫണ്ട് തട്ടിപ്പുമായി ബന്ധപ്പെട്ട് ചില ഭാരവാഹികൾക്കെതിരെ പൊലീസ് കേസും നിനിൽക്കുന്നുണ്ട്. അഴിമതി മൂടിവെക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് തെരഞ്ഞെടുപ്പ് അട്ടിമറി നടത്താനുള്ള നീക്കമെന്നും സേവ് റെഡ് ക്രോസ് മൂവ്‌മെന്റ് ഭാരവാഹികൾ ആരോപിച്ചു.