കന്നുകാലികളെ മേയ്ക്കുന്നതിനെ ചൊല്ലി തര്‍ക്കം പഞ്ചാബില്‍ സിഖ് ഗ്രൂപ്പുകള്‍ തമ്മില്‍ ഏറ്റുമുട്ടി; 10 പേര്‍ക്ക് പരുക്ക്

കന്നുകാലികളെ മേയ്ക്കുന്നതിനെ ചൊല്ലി തര്‍ക്കം പഞ്ചാബില്‍ സിഖ് ഗ്രൂപ്പുകള്‍ തമ്മില്‍ ഏറ്റുമുട്ടി; 10 പേര്‍ക്ക് പരുക്ക്

ജലന്ധര്‍ : പഞ്ചാബില്‍ രണ്ട് സിഖ് ഗ്രൂപ്പുകള്‍ തമ്മില്‍ ഏറ്റുമുട്ടല്‍. നിഹാംഗ് സിഖുകാരും, രാധാ സോമി സത്സംഗ് ബിയാസിന്റെ അനുയായികളും തമ്മിലാണ് ഏറ്റുമുട്ടിയത്. കന്നുകാലികളെ മേയ്ക്കാന്‍ ദേര വളപ്പിലേക്ക് ചിലര്‍ പ്രവേശിക്കാന്‍ ശ്രമിച്ചതോടെയാണ് സംഘര്‍ഷം ആരംഭിച്ചത്. സംഭവത്തില്‍ 10 പേര്‍ക്ക് പരുക്കേറ്റതായി പൊലീസ് അറിയിച്ചു. ദേരാ രാധ സോമി വിഭാഗത്തിന്റെ ഭൂമിയില്‍ കന്നുകാലികളെ മേയ്ക്കാന്‍ ഒരു സംഘം നിഹാംഗുകള്‍ പ്രവേശിക്കാന്‍ ശ്രമിച്ചു. ദേരാ രാധാ സോമിയുടെ അനുയായികള്‍ ഇതിനെ എതിര്‍ക്കുകയും പ്രവേശനം നിഷേധിക്കുകയും ചെയ്തത് തര്‍ക്കത്തിന് ഇടയാക്കി. നിഹാംഗുകളുടെ സംഘം ദേര വളപ്പിലേക്ക് ബലമായി കടക്കാന്‍ ശ്രമിച്ചതോടെ സ്ഥിതിഗതികള്‍ വഷളായി. ഇത് ഇരു വിഭാഗങ്ങളും തമ്മിലുള്ള സംഘര്‍ഷത്തിലേക്ക് നയിച്ചു. ഏറ്റുമുട്ടലിനിടെ ഇരുവിഭാഗവും പരസ്പരം കല്ലും ഇഷ്ടികയും എറിയുകയും, ചിലര്‍ ആകാശത്തേക്ക് വെടിയുതിര്‍ക്കുകയും ചെയ്തതായി പൊലീസ് പറഞ്ഞു. തുടര്‍ന്ന് നിഹാംഗിനെയും ദേര അനുയായികളെയും പിരിച്ചുവിടാന്‍ പൊലീസ് ലാത്തി വീശി. സ്ഥിതി നിയന്ത്രണവിധേയമാണെന്ന് സീനിയര്‍ പൊലീസ് സൂപ്രണ്ട് അമൃത്സര്‍ (റൂറല്‍) സ്വപന്‍ ശര്‍മ്മ പറഞ്ഞു. കനത്ത പൊലീസ് സന്നാഹത്തെ ദേര പരിസരത്ത് വിന്യസിച്ചു.