യു.ഡി.എഫിന്‍റെ കോട്ട തകർത്ത് കേരള കോൺഗ്രസ് (എം)

യു.ഡി.എഫിന്‍റെ കോട്ട തകർത്ത് കേരള കോൺഗ്രസ് (എം)

എഴുപതാണ്ട് പ്രായമുള്ള പാലാ  നഗരസഭയുടെ ഭരണം ആദ്യമായി എൽ.ഡി.എഫിന്. സാക്ഷാൽ ഉമ്മൻചാണ്ടിയുടെ നാടായ പുതുപ്പള്ളി പഞ്ചായത്ത് ഭരണം ഇടതുപക്ഷം തിരികെ പിടിച്ചു.  കോട്ടയം ജില്ലാ പഞ്ചായത്ത് ഭരണവും ഇടതിനൊപ്പം.'മുങ്ങുന്ന കപ്പലിലേക്ക് ചാടി കയറുന്നു'എന്ന പരിഹാസം നേരിട്ട് ജോസ്. കെ മാണിക്ക് ഈ തദ്ദേശ തെരഞ്ഞെടുപ്പ് രാഷ്ട്രീയ വിജയത്തിന്‍റെത്.പത്തനംതിട്ട,  ഇടുക്കി ജില്ലകളിലും കേരള കോൺഗ്രസ് (എം)മായുള്ള കൂട്ടുകെട്ടിൽ എൽ.ഡി.എഫ് നേട്ടമുണ്ടാക്കി.പിളർപ്പിന്റെ  തുടർച്ചയായി യു.ഡി.എഫിൽ തുടർന്ന് കൂടുതൽ സീറ്റുകളിൽ മത്സരിച്ച പി. ജെ ജോസഫിന് പ്രതീക്ഷിച്ച വിജയം നേടാൻ കഴിയാതിരുന്നത് ജോസിന് മധുരമായ പ്രതികാരമായി.കോട്ടയം ജില്ലാ പ്രസിഡന്റ് സ്ഥാനത്തെ ചൊല്ലിയുള്ള തർക്കത്തിന്റെ പേരിൽ ജോസിനെ വിട്ടുകളഞ്ഞ യു.ഡി.എഫ് നേതൃത്വത്തിന്റെ  കണക്കുകൂട്ടൽ തെറ്റി.കോട്ടയം തലസ്ഥാനമായ കേരള കോൺഗ്രസ് രാഷ്ട്രീയത്തിന്റെ കരുത്തിൽ നിയമസഭ തെരഞ്ഞെടുപ്പിൽ മധ്യതിരുവിതാംകൂർ പിടിക്കാനാവും എൽ.ഡി.എഫിന്റെ  നീക്കങ്ങൾ.  കോട്ടയം ഇടുക്കി പത്തനംതിട്ട എറണാകുളം ജില്ലകളിലെ 15 സീറ്റുകൾ യു.ഡി.എഫിൽ നിന്നും പിടിച്ചെടുത്താൽ ഭരണത്തുടർച്ചയെന്ന ലക്ഷ്യം അപ്രാപ്യമല്ലെന്ന് ഇടതുപക്ഷം കണക്ക് കൂട്ടുന്നു.ജോസ്. കെ മാണിയുടെ ചുവടു മാറ്റവും സർക്കാറിനെതിരെ ഉയർന്ന രൂക്ഷമായ വിമർശനങ്ങളും ആക്ഷേപങ്ങളും മുതലാക്കാൻ കഴിയാതെപോയതും യു.ഡി.എഫ് പരാജയത്തിന് ആക്കം കൂട്ടി.കോൺഗ്രസിലെ ഗ്രൂപ്പ് പോരും നേതൃത്വത്തിന്റെ  പിടിപ്പുകേടും കൂനിന്മേൽ കുരുവായി.സ്വന്തം സീറ്റുകൾ വിട്ടു കൊടുത്തും ഘടകകക്ഷികളുടെ സീറ്റുകൾ പിടിച്ചെടുത്തും ജോസിന് നൽകിയ സി.പി.എമ്മിന് തലയുയർത്തി നിൽക്കാം.