സാമ്പത്തിക പ്രതിസന്ധിമൂലം പ്രാദേശിക കാര്‍ഷിക വിപണന കേന്ദ്രങ്ങള്‍ക്കുള്ള സഹായം സംസ്ഥാന സര്‍ക്കാര്‍ റദ്ദാക്കി

സാമ്പത്തിക പ്രതിസന്ധിമൂലം പ്രാദേശിക കാര്‍ഷിക വിപണന കേന്ദ്രങ്ങള്‍ക്കുള്ള സഹായം സംസ്ഥാന സര്‍ക്കാര്‍ റദ്ദാക്കി

കോട്ടയം: സാമ്പത്തിക പ്രതിസന്ധിമൂലം പ്രാദേശിക കാര്‍ഷിക വിപണന കേന്ദ്രങ്ങള്‍ക്കുള്ള സഹായം സംസ്ഥാന സര്‍ക്കാര്‍ റദ്ദാക്കി. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ കാര്‍ഷിക വിപണന കേന്ദ്രങ്ങള്‍ക്ക് വാടകയിനത്തില്‍ സംസ്ഥാന സര്‍ക്കാര്‍ നല്കിയിരുന്ന 50 ശതമാനം തുകയാണ് റദ്ദാക്കിയത്. പതിനഞ്ചാം പഞ്ചവത്സര പദ്ധതി പ്രകാരം, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കുള്ള പദ്ധതി വിഹിതം വിനിയോഗിക്കുന്നതിന്റെ മാര്‍ഗ നിര്‍ദേശത്തിലാണ് തുക റദ്ദാക്കിയ വിവരം വ്യക്തമാക്കിയത്. വിപണന കേന്ദ്രത്തിന്റെ വാടക പകുതി വിപണന കേന്ദ്രവും പകുതി സംസ്ഥാന സര്‍ക്കാരുമാണ് നല്കിയിരുന്നത്. ഇപ്പോള്‍ മുഴുവന്‍ തുകയും വിപണന കേന്ദ്രം തന്നെ കണ്ടെത്തേണ്ട അവസ്ഥയാണ്. സര്‍ക്കാര്‍ നടപടി സംസ്ഥാനത്തെ ആയിരത്തിലധികം കാര്‍ഷിക വിപണന കേന്ദ്രങ്ങളുടെ പ്രവര്‍ത്തനം പ്രതിസന്ധിയിലാക്കും. കൃഷിയേയും ജൈവ പച്ചക്കറി കൃഷിയേയും പ്രോത്സാഹിപ്പിക്കുമെന്ന് ആവര്‍ത്തിക്കുന്ന സര്‍ക്കാരാണ് വിപണിക്കുള്ള വിഹിതം റദ്ദാക്കിയത്. സാമ്പത്തിക ബാധ്യതയാണ് കാരണം. ചിങ്ങം ഒന്ന് കര്‍ഷക ദിനമായി ആചരിക്കാന്‍ കോടികള്‍ ചെലവഴിക്കുന്ന സര്‍ക്കാര്‍ കര്‍ഷകരുടെ അടിസ്ഥാന പ്രശ്നങ്ങള്‍ പോലും പരിഹരിക്കുന്നില്ലെന്ന ആക്ഷേപം ഉയരുന്നുണ്ട്. 'കൃഷി ദര്‍ശന്‍' പരിപാടിക്ക് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും വിഐപികള്‍ക്കും കോട്ടും തൊപ്പിയും വാങ്ങാന്‍ ലക്ഷങ്ങളാണ് സര്‍ക്കാര്‍ ചെലവഴിക്കുന്നതെന്ന് പൊതുപ്രവര്‍ത്തകനായ എബി ഐപ്പ് ചൂണ്ടിക്കാട്ടി.