ചികിത്സയ്ക്ക് പണം നല്‍കാനായില്ല; ഗുരുതരാവസ്ഥയിലായ രോഗിയെ ബലമായി പുറത്താക്കി
അമ്ബലപ്പുഴ: ചികിത്സയ്ക്ക് പണം നല്‍കാനായില്ല, ഗുരുതരാവസ്ഥയിലായ രോഗിയെ ബലമായി പുറത്താക്കി കോഴഞ്ചേരിയിലെ സ്വകാര്യ ആശുപത്രി അധികൃതര്‍. വാഹനാപകടത്തില്‍ പരിക്കേറ്റ് തലയോട്ടി അഴിച്ചുമാറ്റി ഗുരുതരാവസ്ഥയില്‍ കഴിഞ്ഞ പത്തനാപുരം പാതിരിക്കലില്‍ വടകര പുത്തന്‍വീട്ടില്‍ ഗോപി (52) യെയാണ് കഴിഞ്ഞ ദിവസം ആശുപത്രി അധികൃതര്‍ ബലമായി വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേയ്ക്ക് പറഞ്ഞയച്ചത്.
ഇത്രയും ഗുരുതരാവസ്ഥയിലുള്ള രോഗിയെ യാതൊരു സുരക്ഷിതത്വവുമില്ലാത്ത ആംബുലന്‍സിലാണ് കയറ്റി വിട്ടതെന്നും ബന്ധുക്കള്‍ പറഞ്ഞു. ടാപ്പിങ് തൊഴിലാളിയായ ഗോപി ജോലി കഴിഞ്ഞ് വീട്ടിലേയ്ക്ക് പോകും വഴി ഡിസംബര്‍ ആറിന് പത്തനാപുരത്ത് പാടം എന്ന സ്ഥലത്ത് വെച്ച് ബൈക്ക് ഇടിക്കുകയായിരുന്നു. ഗുരുതരാവസ്ഥയിലായ ഗോപിയെ ഉടന്‍ തന്നെ കോഴഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
എന്നാല്‍ കഴിഞ്ഞ ദിവസം ആശുപത്രി അധികൃതര്‍ ഗോപിയുടെ ഭാര്യ ബേബിയോട് ചികിത്സാ തുകയായി പതിമൂന്നു ലക്ഷം രൂപ ഉടന്‍ അടയ്ക്കണം എന്നാവശ്യപ്പെട്ടു. ഇത് അടയ്ക്കാന്‍ മാര്‍ഗ്ഗമില്ലെന്നും, ബന്ധുക്കളോട് സഹായം ആവശ്യപ്പെടാന്‍ സാവകാശം നല്‍കണമെന്നും അറിയിച്ചതോടെ ആശുപത്രി അധികൃതര്‍ ട്രോമോകെയറില്‍ നിന്ന് ഗോപിയെ പുറത്ത് എത്തിച്ച് ഭാര്യയോടൊപ്പം ആംബുലന്‍സില്‍ കയറ്റി വണ്ടാനത്തേയ്ക്ക് അയയ്ക്കുകയായിരുന്നു.
തലയോട്ടി പോലും ഇല്ലാതെ ആശുപത്രിയില്‍ എത്തിച്ച രോഗിയുടെ ആരോഗ്യസ്ഥിതി വളരെ ഗുരുതരമെന്നും ഇവിടുത്തെ ഡോക്ടര്‍മാരും പറയുന്നു. വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഗോപിയെ പ്രവേശിപ്പിച്ച ശേഷം ബേബി അമ്ബലപ്പുഴ പോലീസില്‍ ആശുപത്രി അധികൃതര്‍ക്കെതിരെ പരാതി നല്‍കി.
Comments (0)