ആറാട്ടുപുഴയില്‍ കരിമണലിന് വീണ്ടും 'ചൂടുപിടിക്കുന്നു'
ആറാട്ടുപുഴ: ആറാട്ടുപുഴയുടെ തീരത്തെ കരിമണലിന് വീണ്ടും ചൂടുപിടിക്കുന്നു. ഏറെ നാളുകള്‍ക്കുശേഷം കരിമണല്‍ ഖനനത്തിനെതിരായ സമരം ആറാട്ടുപുഴയില്‍ വീണ്ടും ശക്തിപ്രാപിക്കുകയാണ്. കായംകുളം പൊഴിയുടെ ആഴം കൂട്ടുന്നതിെന്റ മറവില്‍ ആറാട്ടുപുഴയില്‍ കരിമണല്‍ ഖനനം ആരംഭിച്ച ഘട്ടത്തിലാണ് പ്രതിഷേധം ശക്തമായിരിക്കുന്നത്.
പഞ്ചായത്തിെന്റ നിരോധനാജ്ഞ ലംഘിച്ച് പ്ലാന്റ് സ്ഥാപിച്ചാണ് വലിയഴീക്കലില്‍ ധാതുമണല്‍ വേര്‍തിരിക്കുന്ന പ്രവര്‍ത്തനം നടക്കുന്നത്. ഇടതുമുന്നണിയുടെ നേതൃത്വത്തിെല പഞ്ചായത്ത് ഭരണസമിതി ഈ വിഷയത്തില്‍ എന്ത് നിലപാട് എടുക്കുമെന്ന് ജനം ഉറ്റുനോക്കുകയാണ്.
ഐ.ആര്.ഇയിലേക്ക് മണല്‍ കയറ്റി കൊണ്ടുപോകുന്ന ലോറികള്‍ തടഞ്ഞ് കോണ്‍ഗ്രസ് തുടങ്ങിവെച്ച സമരം ജനകീയപ്രക്ഷോഭമായി മാറുകയാണ്. നിയമസഭ തെരഞ്ഞെടുപ്പ് പടിവാതിലില്‍ എത്തിയതോടെ കരിമണല്‍ വിഷയം മുഖ്യ ചര്‍ച്ചവിഷയമാകുന്നത് ഇടതുമുന്നണിക്ക് തലവേദനയാകും. അതുകൊണ്ടുതന്നെ കരിമണല്‍ വിഷയത്തില്‍ പാര്‍ട്ടികള്‍ എടുക്കുന്ന നിലപാടുകള്‍ നിര്‍ണായകമാണ്.
2001-06 വര്‍ഷത്തെ ഉമ്മന്‍ ചാണ്ടി സര്‍ക്കാറിെന്റ കാലത്താണ് കരിമണല്‍ ഖനനം തീരത്ത് ചര്‍ച്ചാവിഷയമാകുന്നത്. ആറാട്ടുപുഴയിലെ വലിയഴീക്കല്‍ മുതല്‍ തൃക്കുന്നപ്പുഴ പഞ്ചായത്തിലെ തോട്ടപ്പള്ളി വരെ സ്വകാര്യകമ്ബനിക്ക് ഖനനത്തിന് നല്‍കാനുള്ള 2003 ഏപ്രില്‍ 30ന് പുറപ്പെടുവിച്ച വ്യവസായ വകുപ്പിെന്റ ഉത്തരവ് തീരത്തെ പ്രക്ഷുബ്ധമാക്കി.
ആലപ്പുഴ എം.പിയായിരുന്ന വി.എം. സുധീരന് സമരത്തിെന്റ നേതൃത്വം ഏറ്റെടുത്ത് മുന്നോട്ടുവന്നതോടെ ഖനനവിരുദ്ധ സമരം ശക്തിപ്രാപിക്കുകയായിരുന്നു. പ്രതിഷേധം ശക്തമായതോടെ, തുടക്കത്തില്‍ മൗനംപാലിച്ച സി.പി.എം ജനരോഷം ഭയന്ന് സമരത്തോടൊപ്പം ചേര്‍ന്നു. പ്രതിഷേധം ജില്ല മുഴുവന്‍ ആഞ്ഞടിച്ചു. കരിമണല്‍ വിരുദ്ധ സമരത്തിനുമുന്നില്‍ പിടിച്ചുനില്‍ക്കാനാകാതെ സര്‍ക്കാറിന് ഉത്തരവ് പിന്‍വലിക്കേണ്ടിവന്നു. ശേഷവും ഖനനത്തിന് പലവിധ ശ്രമങ്ങള്‍ നടന്നെങ്കിലും ജനരോഷത്തില്‍ പരാജയപ്പെട്ടു.
കായംകുളം പൊഴിമുഖം ജലയാനങ്ങള്‍ക്ക് കടന്നുവരാന്‍ പാകത്തില്‍ ആഴം കൂട്ടുന്ന പ്രവര്‍ത്തനം ചവറ ഐ.ആര്.ഇയുടെ നേതൃത്വത്തില്‍ കഴിഞ്ഞ കുറെ മാസങ്ങളായി നടന്നുവരുകയാണ്. തോട്ടപ്പള്ളിയിലും സമാനരീതിയില്‍ ആഴംകൂട്ടല്‍ നടത്തുന്നുണ്ട്. ആറാട്ടുപുഴയുടെ ഹെക്ടറുകണക്കിന് തീരം കരിമണല്‍ ഖനനത്തിന് സ്വകാര്യകമ്ബനികള്‍ വാങ്ങിക്കൂട്ടിയിട്ട് വര്‍ഷങ്ങളായി. ഇവിടെ ഖനനം നടത്താന്‍ ഒളിഞ്ഞും തെളിഞ്ഞും ശ്രമം നടത്തിവരുകയാണ്.
ആറാട്ടുപുഴയുടെ ദുര്‍ബല പാരിസ്ഥിതികഘടനയില്‍ പൊതുമേഖലയിലും സ്വകാര്യമേഖലയിലും കരിമണല്‍ ഖനനം പാടില്ലെന്ന നിലപാടാണ് എല്ലാ പാര്‍ട്ടികളും മുമ്ബ് സ്വീകരിച്ചത്. എന്നാല്‍, എല്ലാ പാര്‍ട്ടികളിലെയും ഒരുവിഭാഗം ഖനനത്തിന് അനുകൂലമാണ്. കായംകുളം പൊഴിയിലെ ആഴംകൂട്ടലിലൂടെ തീരത്ത് കരിമണല്‍ ഖനനം നടത്താനുള്ള നീക്കമാണെന്ന സംശയമാണ് ഖനനവിരുദ്ധര്ക്കുള്ളത്. സംശയം ബലപ്പെടുത്തുന്ന നടപടികളും നിലവിലെ ഖനനപ്രവര്‍ത്തനങ്ങളില്‍ ഉണ്ടാകുന്നുമുണ്ട്.
അതുകൊണ്ടാണ് ചട്ടംലംഘിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ ഉണ്ടാകുമ്ബോള്‍ പ്രതിഷേധം ശക്തമാകുന്നത്. വലിയഴീക്കല്നിന്ന് ചവറ ഐ.ആര്.ഇയിലേക്ക് മണല്‍ കൊണ്ടുപോകാന്‍ അനുവദിക്കില്ലെന്ന നിലപാടില്‍ ലോറികള്‍ തടഞ്ഞ് കോണ്‍ഗ്രസ് തുടങ്ങിവെച്ച സമരം നാട്ടുകാര്‍ ഏറ്റെടുക്കുന്ന സ്ഥിതിയിലേക്ക് മാറുകയാണ്. പ്രകോപനം ഉണ്ടായാല്‍ സമരം കൂടുതല്‍ ശക്തമാകുമെന്ന ആശങ്ക അധികാരികള്‍ക്കുണ്ട്. തെരഞ്ഞെടുപ്പ് അടുത്തതിനാല്‍ സമവായത്തിെന്റ മാര്‍ഗമാണ് അധികാരികള്‍ സ്വീകരിക്കുന്നത്.
എന്നാല്‍, തീരവാസികളുടെ പിന്തുണ ലഭിക്കുന്ന വിഷയമായതിനാല്‍ സമരവുമായി മുന്നോട്ടുപോകാനുള്ള തീരുമാനത്തിലാണ് കോണ്‍ഗ്രസ്. ബി.ജെ.പിയും സമരരംഗത്ത് ശക്തമാകാനുള്ള നീക്കം തുടങ്ങിക്കഴിഞ്ഞു.
Comments (0)