സീറ്റ് വിഭജനം എല്‍.ഡി.എഫിന് കീറാമുട്ടി, എം.പി മാരെ മത്സരിപ്പിച്ചേക്കും

സീറ്റ് വിഭജനം എല്‍.ഡി.എഫിന് കീറാമുട്ടി, എം.പി മാരെ മത്സരിപ്പിച്ചേക്കും

നിയമസഭാ തെരഞ്ഞെടുപ്പിന് രണ്ടു മാസം ബാക്കി നില്‍ക്കേ തുടര്‍ഭരണം ലക്ഷ്യമിട്ട് കച്ച മുറുക്കുന്ന സിപിഎമ്മിന് എല്‍ഡിഎഫിലെ സീറ്റ് വിഭജനം കീറാമുട്ടിയാകുന്നു. കൂടുതല്‍ മുന്നണിയെ ഉള്‍പ്പെടുത്തിയുള്ള തന്ത്രമാണ് തിരിച്ചടിയാകുന്നത്. കേരളാ കോണ്‍ഗ്രസ്, എല്‍ജെഡി എന്നിവ കൂടി മുന്നണിയില്‍ എത്തിയതോടെ നിയമസഭാ സമ്മേളനം തീരും മുമ്പ് എല്‍ഡിഎഫ് യോഗം ചേരാനിരിക്കുകയാണ്.

നേരത്തേ സിപിഐയ്ക്ക് എതിരേ പ്രധാനമായും മത്സരിച്ചിരുന്ന ജോസ് കെ മാണിയുടെ കേരളാകോണ്‍ഗ്രസ്, ഒന്നാകാന്‍ വിമുഖത കാട്ടുന്ന ജെഡിഎസ്, എല്‍ജെഡി, മുന്നണി വിടാന്‍ കാത്തിരിക്കുന്ന എന്‍സിപി എന്നിങ്ങനെയുള്ള ഭീഷണികള്‍ നില നില്‍ക്കുന്ന സാഹചര്യത്തിലാണ് എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിന് തുടക്കമിടുന്നത്. തങ്ങള്‍ മത്സരിച്ചിരുന്ന സീറ്റുകള്‍ വിട്ടുകൊടുക്കാനില്ലെന്ന കടുംപിടുത്തം സിപിഐ നടത്തുന്നുണ്ട്. നേരത്തേ കേരളാകോണ്‍ഗ്രസിന് എതിരേയായിരുന്നു സിപിഐ പ്രധാനമായും മത്സരിച്ചിരുന്നത്. എന്നാല്‍ ഇപ്പോള്‍ അവര്‍ മുന്നണിയില്‍ എത്തിയതോടെ ആര്‍ക്ക് സീറ്റ് നല്‍കണമെന്നത് പ്രശ്മായി മുന്നിലുണ്ട്.

ഒന്നായി നിന്നു മത്സരിക്കാന്‍ പ്രശ്‌നം കാട്ടുന്ന ജെഡിഎസിനും എല്‍ജെഡിയ്ക്കും സീറ്റുകള്‍ എങ്ങിനെ വിഭജിക്കുമെന്ന പ്രശ്‌നമുണ്ട്. പാലായുടെ കാര്യത്തില്‍ നേരത്തേ തന്നെ തര്‍ക്കം തുടങ്ങിയിട്ടുള്ള എന്‍സിപിയിലെ ഒരു വിഭാഗം മുന്നണി വിടുമെന്ന ഭീഷണിയും നില നില്‍ക്കുന്നു. അതേസമയം ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ച് പരാജയം അടഞ്ഞ നേതാക്കളെ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കണമെന്ന സമ്മര്‍ദ്ദവും സിപിഎമ്മിന് മുന്നിലുണ്ട്. പികെ ശ്രീമതിയും കണ്ണൂര്‍ മുന്‍ ജില്ലാ സെക്രട്ടറി പി ജയരാജനും മുന്‍ എംപിമാരായിരുന്ന എംബി രാജേഷും പികെ ബിജുവും എ സമ്പത്തും ഉള്‍പ്പെടെയുള്ളവര്‍ പരിഗണനയിലുണ്ട്. എസ്എഫ്‌ഐ യുടെ ദേശീയ അദ്ധ്യക്ഷന്‍ വി.പി. സാനു, കോട്ടയം ജില്ലാ സെക്രട്ടറി വിഎന്‍ വാസവന്‍ സംസ്ഥാന സെക്രട്ടറിയേറ്റ അംഗം കെ.എന്‍. ബാലഗോപാല്‍ എന്നിവരെയെല്ലാം മത്സരിപ്പിണമെന്ന സ്ഥിതിയുണ്ട്.

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മലപ്പുറം ജില്ലയിലായിരുന്നു വിപി സാനുവിനെ മത്സരിപ്പിച്ചത്. കോട്ടയത്ത് സുരേഷ് കുറുപ്പിന് വീണ്ടും സീറ്റ് നല്‍കുമോ എന്നതിനെ ആശ്രയിച്ചാണ് വിഎന്‍ വാസവന്റെ സാധ്യത. തിരുവനന്തപുരത്ത് സമ്പത്തിനും സാധ്യത പറഞ്ഞു കേള്‍ക്കുന്നു. ആറ്റിങ്ങലില്‍ തോറ്റ ശേഷം ക്യാബിനറ്റ് പദവിയോടെ ഡല്‍ഹിയില്‍ സര്‍ക്കാര്‍ പ്രതിനിധിയാണ് സമ്പത്ത് ഇപ്പോള്‍. കാസര്‍ഗോഡ് കെപി സതീഷ് ചന്ദ്രന്റെയും ജില്ലാ സെക്രട്ടറി എം വി ബാലകൃഷ്ണന്റെയും പേരുകള്‍ കേള്‍ക്കുന്നുണ്ട്.

നേരത്തേ ഇടതുപക്ഷത്തിന്റെ എംപി മാരായിരുന്ന പികെ ബിജുവിനെയും എംബി രാജേഷിനേയും നിയമസഭയിലേക്ക് പരിഗണിക്കാനുള്ള ആലോചനകളുണ്ട്. തൃശൂര്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന പി കെ ബിജുവിനെ അവിടെ മത്സരിപ്പിച്ചേക്കുമെന്നാണ് ശ്രുതി. ആലത്തൂരില്‍ നിന്നും രണ്ടു തവണ പാര്‍ലമെന്റില്‍ എത്തിയ ബിജു ഇത്തവണ രമ്യാ ഹരിദാസിനോട് പരാജയപ്പെടുകയായിരുന്നു. കോണ്‍ഗ്രസിന്റെ വികെ ശ്രീഷകണ്ഠനോട് പരാജയപ്പെട്ട എംബി രാജേഷിനെ തൃത്താലയിലോ മലമ്പുഴയിലോ മത്സരിപ്പിച്ചേക്കാനും സാധ്യതയുണ്ട്.

നിയമസഭാ തെരഞ്ഞെടുപ്പില്‍ അമ്പലപ്പുഴയില്‍ത്തന്നെ മത്സരിക്കുമെന്ന സൂചനയുമായി മന്ത്രി ജി. സുധാകരനും എത്തിയിട്ടുണ്ട്്. മൂന്നു പ്രാവശ്യം തുടര്‍ച്ചയായി അമ്പലപ്പുഴയില്‍നിന്നു മത്സരിച്ച സുധാകരന്‍ ഇത്തവണ മത്സരിക്കില്ലെന്നും അഥവാ മത്സരിച്ചാല്‍ കായംകുളത്തായിരിക്കുമെന്നും പ്രചാരണമുണ്ടായിരുന്നു. എന്നാല്‍ കായംകുളത്തു മത്സരിക്കില്ലെന്നു പരസ്യപ്രതികരണവുമായി എത്തിയിരിക്കുകയാണ് ജി സുധാകരന്‍. സുധാകരനല്ലാതെ മറ്റൊരാള്‍ സ്ഥാനാര്‍ഥിയായാല്‍ മണ്ഡലം നഷ്ടപ്പെടുമെന്ന വിലയിരുത്തല്‍ സി.പി.എമ്മിലുമുണ്ട്.