ലോകായുക്ത ബില്ലില്‍ മന്ത്രിസഭയില്‍ ഭിന്നത; നിലപാട് കടുപ്പിച്ച് സിപിഐ
തിരുവനന്തപുരം: ലോകായുക്ത നിയമഭേദഗതിയില്‍ എതിര്‍പ്പ് ഉന്നയിച്ച് സിപിഐ. സിപിഐ മന്ത്രിമാരായ കെ രാജനും പി പ്രസാദുമാണ് മന്ത്രിസഭയില്‍ എതിര്‍പ്പ് ഉന്നയിച്ചത്. ഓര്‍ഡിനന്‍സിന് പകരമുള്ള ബില്ലില്‍ മാറ്റം ഇപ്പോള്‍ കൊണ്ട് വന്നാല്‍ നിയമ പ്രശ്‌നം ഉണ്ടാകുമെന്നും ഈ വിഷയത്തില്‍ ചര്‍ച്ച പിന്നീട് ആകാമെന്നും മുഖ്യമന്ത്രി അറിയിച്ചു. ചര്‍ച്ച ഇല്ലെങ്കില്‍ സഭയില്‍ ഭേദഗതി കൊണ്ട് വരാനാണ് സിപിഐ നീക്കം. ജനപ്രതിനിധികളെ അയോഗ്യരാക്കാനുള്ള പതിനാലാം വകുപ്പില്‍ ഭേദഗതി കൊണ്ടുവരാനുള്ള തീരുമാനത്തിലാണ് സിപിഐക്ക് എതിര്‍പ്പ്. അഴിമതി തെളിഞ്ഞാല്‍ പൊതപ്രവര്‍ത്തകന് സ്ഥാനത്തിരിക്കാന്‍ കഴിയില്ലെന്ന ലോകായുക്ത വിധി വീണ്ടും ഹിയറിംഗ് നടത്തി സര്‍ക്കാറിന് തള്ളാമെന്ന പുതിയ വ്യവസ്ഥയാണ് കൊണ്ടുവരുന്നത്. ബില്‍ ഇതേ പോലെ അവതരിപ്പിച്ച ശേഷം ചര്‍ച്ചയില്‍ ഉയരുന്ന നിര്‍ദേശം ഔദ്യോഗിക ഭേദഗതിയായി കൊണ്ട് വരുന്നത് പരിഗണിക്കാം എന്നാണ് പി.രാജീവ് അറിയിച്ചത്. എന്നാല്‍ വിശദമായ ചര്‍ച്ച വേണം എന്ന നിലപാട് സിപിഐ മന്ത്രിമാര്‍ ആവര്‍ത്തിച്ചു. ലോകായുക്ത നിയമഭേദഗതി ചര്‍ച്ചയില്‍ വന്നപ്പോള്‍ ഏറ്റവും കൂടുതല്‍ വിമര്‍ശനം ഉന്നയിച്ച പാര്‍ട്ടിയായിരുന്നു സി.പി.ഐ. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനായിരുന്നു ഇത് പരസ്യമായി വ്യക്തമാക്കിയത്. ഇതുമായി ബന്ധപ്പെട്ട് വേണ്ടത്ര രാഷ്ട്രീയ ചര്‍ച്ചകള്‍ നടന്നിട്ടില്ല എന്നായിരുന്നു കാനത്തിന്റെ വിമര്‍ശനം. ഈ മാസം 22 മുതല്‍ നിയമസഭ കൂടി ലോകായുക്ത നിയമ ഭേദഗതിക്ക് അന്തിമ അനുമതി നല്‍കാന്‍ തയ്യാറെടുക്കുന്നതിനിടെയാണ് തങ്ങളുടെ നിലപാട് കടുപ്പിച്ച് സിപിഐ വീണ്ടും രംഗത്തെത്തിയിരിക്കുന്നത്.



Editor CoverStory


Comments (0)