കിഫ്ബിയാണ് കേരളത്തിന് ഏറ്റവും ദ്രോഹം, കടം വാങ്ങിയ പണം ആര് മടക്കിക്കൊടുക്കും; ഇ.ശ്രീധരന്‍
കോഴിക്കോട്: കിഫ്ബിയാണ് കേരളത്തിന് ഏറ്റവും ദ്രോഹം ചെയ്തിരിക്കുന്നതെന്ന് ഇ. ശ്രീധരന്‍. ഇന്ന് ഓരോ കേരളീയന്റെയും തലയിലും 1.2 ലക്ഷം കടമാണുള്ളതെന്നുമാണ് അദ്ദേഹം പറഞ്ഞത്. ഇങ്ങനെ കടം വാങ്ങി ജീവിക്കാന്‍ നമുക്ക് കഴിയുമോ ഇതെല്ലാം ആര് വീട്ടുമെന്നും അദ്ദേഹം ചോദിച്ചത്. ഇ ശ്രീധരന്‍ ബിജെപിയില്‍ ചേരുന്നതായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനായിരുന്നു കഴിഞ്ഞ ദിവസം മാധ്യമങ്ങളെ അറിയിച്ചത്.
“കിഫ്ബി എന്നുപറഞ്ഞാല്‍ എന്താണ്. കേന്ദ്ര സര്‍ക്കാരും റിസര്‍വ് ബാങ്കും പറയുന്ന പരിധിക്കപ്പുറം പോയി കടംവാങ്ങിക്കുക. ഇങ്ങനെ കടംവാങ്ങി കടംവാങ്ങി നമുക്ക് ജീവിക്കാന്‍ പറ്റുമോ. ഇന്ന് ഓരോ കേരളീയന്റെ തലയിലും 1.2 ലക്ഷം കടമാണുള്ളത്. കടംവാങ്ങി, കടംവാങ്ങി തല്‍ക്കാലം പണിയെടുക്കാം. പക്ഷേ, ആരത് വീട്ടും. കിഫ്ബി കടവാങ്ങി ചെയ്ത പണികള്‍ ഒന്നും ലാഭകരമല്ല, ഇതിനെല്ലാം ആര് പണം മടക്കിക്കൊടുക്കും.” അദ്ദേഹം ചോദിച്ചു.
കിഫ്ബി വായ്പ വാങ്ങി ചെയ്ത പണികള്‍ ഒന്നും ലാഭകരമല്ലെന്നും ഇ ശ്രീധരന്‍ വ്യക്തമാക്കി. സംസ്ഥാന സര്‍ക്കാര്‍ ആരോഗ്യരംഗത്ത് ചില നല്ല കാര്യങ്ങള്‍ ചെയ്തിട്ടുണ്ടെങ്കിലും വിദ്യാഭ്യാസ രംഗത്ത് ഒന്നും ചെയ്തിട്ടില്ലെന്നും ഇ ശ്രീധരന്‍ കുറ്റപ്പെടുത്തുന്നു. നമ്മുടെ കോളേജുകളും സര്‍വ്വകലാശാലയും പാര്‍ട്ടി നേതാക്കളെക്കൊണ്ട് നിറച്ചു കഴിഞ്ഞെന്നും വിദ്യാഭ്യാസ മേഖല താഴേക്ക് പോയെന്നും അദ്ദേഹം കുറ്റപ്പെടുത്തുന്നു. അതേ സമയം ആരോഗ്യമേഖലയില്‍ കൊണ്ടുവന്നിട്ടുള്ള വികസനത്തിനുള്ള ക്രെഡിറ്റ് ശൈലജ ടീച്ചര്‍ക്ക് നല്‍കണമെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തില്‍ പ്രളയമുണ്ടായതിന്റെ കാരണം പോലും സര്‍ക്കാര്‍ കണ്ടുപിടിച്ചിട്ടില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഇതൊരു മനുഷ്യനിര്‍മിത പ്രളയമാണ്, സ്വാഭാവികമല്ല. ഒരു വിദഗ്ദ്ധ സമിതി ഉണ്ടാക്കി പ്രളയത്തിന്റെ കാരണവും വരാതിരിക്കാന്‍ എന്ത് ചെയ്യണം എന്നും കണ്ടെത്തണം. ഒരു നടപടിയും എടുത്തിട്ടില്ല. പ്രളയം ബാധിച്ചവരുടെ പുനരധിവാസം ഇതുവരെ കഴിഞ്ഞിട്ടില്ല. അപ്പോള്‍ പിന്നെ പുനരധിവാസം സര്‍ക്കാറിന്റെ നേട്ടമായി പറയാന്‍ സാധിക്കില്ലല്ലോ എന്നും അദ്ദേഹം ചോദിച്ചു.



Author Coverstory


Comments (0)