കൊച്ചിയില്‍ കപ്പലിറങ്ങിയ വേഷം

കൊച്ചിയില്‍ കപ്പലിറങ്ങിയ വേഷം

ഒരു സമൂഹത്തിന്റെ സാംസ്കാരികവും ചരിത്രപരവുമായ സവിശേഷതകളുടെ നേര്‍ചിത്രം നല്‍കുന്നതില്‍ ആചാരവും വിശ്വാസവും ഭക്ഷണ രീതിയും പോലെ വസ്ത്ര ധാരണ രീതിയും വലിയ പങ്ക് വഹിക്കുന്നുണ്ട്...സംസ്കാരത്തിലും ഭാഷയിലും ആചാരങ്ങളിലും ആഘോഷങ്ങളിലും വിശ്വാസത്തിലും വസ്ത്ര ധാരണത്തിലും ഉളള വൈവിധൃം കൊണ്ട് ലോകശ്രദ്ധയുടെ നെറുകയില്‍ വാഴുന്ന  പൈതൃക കൊച്ചിയില്‍, മറ്റേതു വിഭാഗത്തേയും പോലെ കവായക്കാരികളായ ചൂച്ചിമാര്‍ക്കും വലിയ  സ്ഥാനമാണുളളത്...കാരണം വസ്ത്ര ധാരണം അതിവൈശിഷ്ടൃമാര്‍ന്ന  പ്രഥമദൃഷ്ടൃാ വാചാലമാവുന്ന  സാംസ്കാരിക ചിഹ്നമാണല്ലോ...''


വടക്കേ ഇന്തൃന്‍ സംസ്ഥാനങ്ങളിലെ പ്രതൃേകിച്ച് മേഘാലയിലും  അസാമിലും കണ്ടു വരുന്ന ഗരോ വംശജരായ സ്ത്രീകളുടെ മുട്ടോളം നീണ്ട ചുറ്റിയുടുക്കുന്ന വസ്ത്രമായ ദഖ്മണ്ഡയോടു സാമൃമുളള ''കവായയും മുണ്ടും'' ധരിച്ച 70 കഴിഞ്ഞ സ്ത്രീകള്‍ കൊച്ചിയുടെ പൈതൃക മണ്ണിലും മുളവുകാട്, തേവര, എളന്കുന്നപ്പുഴ, പോഞ്ഞിക്കര തുടങ്ങിയ കൊച്ചിയുടെ പ്രാന്ത പ്രദേശങ്ങളിലും കൊല്ലത്തും കണ്ണൂരും കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ വരെ സാധാരണ കാഴ്ചയായിരുന്നു...കേരളത്തിലെ കവായക്കാരികളില്‍ 80% പേരും കൊച്ചിക്കാരാണ് എന്നതാണ് കണക്ക്...
''#കെബായ'' എന്നും വിളിപ്പേരുളള ''കവായയും തുണിയും' - കൊച്ചിയുടെ 500 വര്‍ഷം പഴക്കമുളള പോര്‍ച്ചുഗീസ് അധിനിവേശ ചരിത്രത്തിന്റെ സ്മൃതി ഉണര്‍ത്തുന്ന...ഈ വസ്ത്ര ധാരണ രീതി കേരളത്തിലെ ആംഗ്ളോ - ഇന്തൃന്‍ സമൂഹത്തിലെ തന്നെ പോര്‍ച്ചുഗീസ് പാരമ്പരൃമുളള വിഭാഗക്കാരിലെ  സ്ത്രീകളുടേതാണ്‌.. യൂറോപൃന്‍ കോളനി വാഴ്ചയുടെ ത്രിതലങ്ങളും കണ്ട കൊച്ചിയിലെ ആദൃ വിഭാഗത്തിന്റെ പിന്‍തുടര്‍ച്ചക്കാരുടെ സ്വത്വമായ വേഷം....അരൂജ, കബ്രാള്‍, അല്‍വര്‍ണാസ്, കൊറയ്യ, ഡിസൂസ, ഡിസില്‍വ, ഡിമെല്ലോ, ഡയസ്, നെറ്റോ, നൊറോണ, റോഡ്രിക്സ്, പൈവ, മെന്‍ഢസ്, ലോപസ്, ലൂയിസ്, ഫെര്‍ണാണ്ടസ് ഡിക്കോത്ത,
ഡിക്കൂഞ്ഞ, സിക്കോറ, പെരേര, അബ്രു, അല്‍മേഡ, അവില, കബ്രാള്‍, കുഞ, ഒലിവേരോ, ഫരിയ, ഗൊണ്‍സാല്‍വസ്,ഗോമസ്, ഫിഗരേദോ, മാര്‍ത്ത, മെനീസസ്, മിറാന്‍ഡ  പെന്‍സ്, പൈസ്, പിന്‍ഹിരോ, പിന്റോ, റിബല്ലോ, ടെല്ലസ്.....അങ്ങനെ നീളുന്നു ഇൗ പിന്തുടര്‍ച്ചക്കാരുടെ പേരിന്റെ വാലറ്റമായ സര്‍നെയിമുകള്‍ അഥവാ  കുടുംബ പേരുകള്‍......

160ഓളം വര്‍ഷം ഇവിടെ ഭരണം നടത്തിയ പോര്‍ച്ചുഗീസുക്കാര്‍ മാസങ്ങളോളം കപ്പല്‍ യാത്ര ചെയ്ത് കൊച്ചിയിലെത്തിവര്‍ഷങ്ങളോളമാണ് ഇവിടെ താമസിച്ചിരുന്നത്...ഇതിനിടയില്‍  കൊച്ചിയില്‍ നിന്നുളള തദ്ദേശീയരായ  സ്ത്രീകളെ ഔദൃോഗികമായി വിവാഹം ചെയ്‌ത് ജീവിക്കാനുളള  കല്‍പ്പന, ഇവരുടെ മേധാവി അല്‍ഫേണ്‍സ് അല്‍ബുക്കക്കര്‍ ഇവര്‍ക്ക് നല്‍കി.....ഇവരുടെ പിന്തുടര്‍ച്ചക്കാരാണ്  Luso - Indians എന്ന ആംഗ്ളോ ഇന്തൃന്‍ വിഭാഗം....അതേ സമയം പോര്‍ച്ചുഗീസുക്കാര്‍ 1511ല്‍ ഇന്തോൃനേഷന്‍, സുമാത്ര ദ്വീപുകളോട് ചേര്‍ന്ന് കിടക്കുന്ന മലാക്ക പിടിച്ചടക്കിയതോടെ,  മലാക്കയില്‍ നിന്നും മക്കാവുവില്‍ നിന്നും  ഇവര്‍  വിവാഹം ചെയ്തു കൊച്ചിയിലേക്ക് കൊണ്ടു വന്ന നോനമാര്‍ ആണ് അവരുടെ വേഷമായ #കെബായ കൊച്ചിയില്‍ പ്രചാരത്തിലാക്കിയത് എന്നാണ് രേഖകള്‍ പറയുന്നത്...ഇന്തൃോനേഷൃ, ജാവാ, മലേഷൃ, സിംഗപ്പൂര്‍, കംമ്പോഡിയ, തെക്കന്‍ തായ്ലന്റ്, ഫിലിപ്പൈന്‍സ് എന്നീ രാജൃങ്ങളിലെ സ്ത്രീകളും കെബായ അണിഞ്ഞിരുന്നു...അതേ സമയം ഇന്തൃോനേഷൃക്കാരികളുടെ ദേശീയ വേഷമാണ് #കെബായ...അതായത് ഇന്തോൃ - പോര്‍ച്ചുഗീസ് പിന്തുടര്‍ച്ചക്കാരുടെ വേഷമാണ് കവായ എന്കിലും, കവായ ഇന്തൃന്‍ വേഷവുമല്ല, പോര്‍ച്ചുഗീസ് വേഷവുമല്ല...എന്നാല്‍ വിദേശ സ്വത്വത്തിനുടമയുമാണ്.. മലാക്കക്കാരികള്‍ക്കൊപ്പം കൊച്ചിതീരമണഞ്ഞ ഈ സുന്ദര വേഷം.!!! 
തെക്കു കിഴക്കന്‍ ഏഷൃയില്‍, പ്രതൃേകിച്ച്  മലേഷൃക്കാരികളുടെ ബുജു കുറുംഗ് (Buju Kurung) വസ്ത്രത്തിന് കവായയോട് സാമൃമുണ്ട്...

കൊച്ചിയിലെ Luso - Indians വിഭാഗത്തിലെ പുരുഷന്‍മാര്‍ മറ്റു ആംഗ്ളോ വിഭാഗക്കാരില്‍ നിന്ന് വൃതൃസ്തമായി ട്രൗസറിനു പകരം മുണ്ടും കമ്മീസ് എന്നു പേരുളള അരക്കയ്യന്‍ ഷര്‍ട്ടുമാണ് ധരിച്ചിരുന്നത്..എന്നാല്‍ സ്ത്രീകള്‍ ''ചൂച്ചിമാര്‍'' ധരിച്ചിരുന്നത് കവായയും തുണിയുമാണ്....കളളിമുണ്ടിനു സമാനമായ കളങ്ങളോടു കൂടിയതാണ് ഈ തുണി..അരകെട്ട് മുതല്‍ കണംകാല് വരെ നീണ്ട ചുറ്റിയുടുക്കുന്ന പരമ്പരാഗത സ്റ്റൈലിലുളള ഇരട്ട പാളിയായുളള 'തുണി' എന്നു പേരുളള മുണ്ടും മുഴുകൈയോടു കൂടിയ മുട്ടു വരെ നീട്ടമുളള ശരീരത്തോടു ചേര്‍ന്നിരിക്കുന്ന കോളറില്ലാത്ത,  ചട്ട പോലുളള  കവായയും,  കാഴ്ചയില്‍ കൗതുകം തോന്നിക്കുന്ന വേഷം ആണ്...ഈ വേഷത്തിന് പിന്നെയും ഉണ്ട് ഒരു പിടി കൗതുകങ്ങള്‍....രണ്ടു നിറത്തിലുളള ചെക്ക് ഡിസൈനിലുളള തുണി മാത്രമേ പ്രചാരത്തിലുണ്ടായിരുന്നുളളൂ.....കടും ചുവപ്പിലും കറുപ്പിലും..ഇവര്‍ സാധാരണ ഉപയോഗിക്കുന്നത് കടും ചുവപ്പ് നിറത്തിലുളള തുണിയാണ്..എന്നാല്‍ കുടുംബത്തിലെ അംഗമോ മറ്റു ബന്ധുക്കളോ മരണപ്പെട്ടാല്‍ കറുത്ത മുണ്ടും കവായയുമായിരിക്കും വേഷം...കുറഞ്ഞത് ഒരു വര്‍ഷമെന്കിലും അത്തരം വേളയില്‍ കറുപ്പായിരിക്കും ധരിക്കുന്നത്... മദ്രാസില്‍ നിന്ന് വരുത്തിയിരുന്ന ഈ തുണി, കൊച്ചിയിലെ ഏതാനും തുണിക്കടകളില്‍ മാത്രമേ ലഭൃമായിരുന്നുളളൂ..തേവരയിലും ഏറ്റവും ഒടുവില്‍ നായരമ്പലത്തും എളന്കുന്നപ്പുഴ വരെയും പോവണമായിരുന്നു തുണി  ഒന്ന് വാങ്ങാന്‍... കവായ തയ്ക്കാനുപയോഗിക്കുന്ന തുണിത്തരത്തിനുമുണ്ട് സവിശേഷത...വളരെ ചെറിയ ഡിസൈനോടു കൂടിയ അതായത് പൊട്ടും പൊടിയും പൂക്കളും ഇലകളും പ്രിന്റായുളള നിറമാര്‍ന്ന തുണിയാണ് കവായയ്ക്ക് വേണ്ടിയിരുന്നത്...
പണ്ടു കാലത്ത് മുണ്ടിലും കവായയിലും മാത്രം ഒതുങ്ങുന്നതായിരുന്നില്ല ഇവരുടെ വേഷവിധാനം...വലിയ സ്വര്‍ണ്ണ മുത്തു കോര്‍ത്തുണ്ടായ മാല ''#കദീഞ്ഞ കഴുത്തിലണിഞ്ഞിരുന്നു.. നെന്ച് ഭാഗത്ത് പിളര്‍പ്പുളള കവായ ചരടില്‍ കൊളുത്തിയ സ്വര്‍ണ്ണ  ബട്ടന്‍സ് ഉപയോഗിച്ചാണ് ചേര്‍ത്ത് ധരിച്ചിരുന്നത്... സ്വര്‍ണ്ണസുൂചി ചൂടിയിരുന്നു...തോളത്ത്  സ്റ്റൈലന്‍ #ബ്രൂച്ച് അഥവാ സൂചിപ്പതക്കം കുത്തിയിരുന്നു.. കഴുത്തില്‍ കദീഞ്ഞ കൂടാതെ #നെക്ലസും പൈശാചിക ശക്തികളില്‍ നിന്നുളള രക്ഷയ്ക്കും സുഖ പ്രസവത്തിനും എന്ന വിശ്വാസത്തില്‍ #വെന്തീഞ്ഞയും അണിഞ്ഞിരുന്നു..മുടി ബണ്‍ സ്റ്റൈലില്‍ ആണ് കെട്ടിയിരുന്നത് സ്വര്‍ണ്ണ സൂചിയും ഉപയോഗിച്ചിരുന്നു......ഇതു കൂടാതെ ആഘോഷ വേളയില്‍ തലയില്‍ തൊപ്പിയും..പളളിയിലേക്കാണെന്കില്‍ തലയില്‍ തൊപ്പിക്ക് പകരം നെറ്റും..

1663 ല്‍ ഡച്ചുക്കാര്‍ കൊച്ചി പിടിച്ചടുക്കിയതോടെ, കേരളത്തിന്റെ വിവിധ ഭാഗങ്ങളിലേക്കും കൊച്ചിയുടെ പ്രാന്ത പ്രദേശങ്ങളിലേക്കും Luso - Indians താമസം മാറ്റുകയാണുണ്ടായത്...
എന്നാല്‍ കാലം മാറുന്നതോടെ, #കെബായ എന്ന വേഷ വിധാനവും നാടു നീങ്ങുകയാണ്... ഇനി എത്ര കാലം   കവായ തുണിയിലെ പൊട്ടും പൊടിയും പൂക്കളും ഇലകളും പോലെ കൊച്ചിയില്‍ അങ്ങിങ്ങ് കെബായധാരികളായ ചൂച്ചിമാരെ കാണാനാവും..????.കത്തോലിക്കരുടെ സാംസ്കാരിക വേഷമായ ചട്ടയും മുണ്ടും പോലെ കവായയും കഥാവശേഷമാവുന്ന നാളും സമീപസ്ഥമാണ്... 

                                                                                                                                                                                                                          -  Entrita Veliparambil