രജിസ്‌ട്രേഷന്‍ നടപടികള്‍ക്ക് പുതിയ വാഹനവുമായി ആര്‍ടി ഓഫിസില്‍ പോകേണ്ട; വാഹന രജിസ്‌ട്രേഷന്‍ ഇനി ഓണ്‍ലൈനില്‍

രജിസ്‌ട്രേഷന്‍ നടപടികള്‍ക്ക് പുതിയ വാഹനവുമായി ആര്‍ടി ഓഫിസില്‍ പോകേണ്ട; വാഹന രജിസ്‌ട്രേഷന്‍ ഇനി ഓണ്‍ലൈനില്‍

തിരുവനന്തപുരം: വാഹന രജിസ്‌ട്രേഷന്‍ പൂര്‍ണമായും ഓണ്‍ലൈനാകുന്നു. പൂര്‍ണമായും ഓണ്‍ലൈനിലൂടെ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കുന്ന സംവിധാനത്തിന് കേന്ദ്ര സര്‍ക്കാരിന്റെ കരട് വിജ്ഞാപനമായി. ഇതോടെ രജിസ്‌ട്രേഷന്‍ നടപടികള്‍ക്ക് ഇനി പുതിയ വാഹനവുമായി ഓഫിസില്‍ പോകേണ്ടിവരില്ല. വാഹന രജിസ്‌ട്രേഷന്‍ ഓണ്‍ലൈനാക്കുന്നതില്‍ സംസ്ഥാനങ്ങളുടെ അഭിപ്രായം തേടിയിരിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. 14 ദിവസത്തിനകം സംസ്ഥാനങ്ങളുടെ അഭിപ്രായം ലഭിച്ചാലുടന്‍ അന്തിമ വിജ്ഞാപനമാകും. കേരളം ഈ മാറ്റം സ്വാഗതം ചെയ്തു.

ഓണ്‍ലൈനായി ലൈസന്‍സ് അപേക്ഷ ഉള്‍പ്പെടെ കേന്ദ്ര കരട് വിജ്ഞാപനത്തിലുള്ള കാര്യങ്ങള്‍ കേരളം നേരത്തെ നടപ്പാക്കിയിരുന്നതാണ്. പുതിയ വാഹനം വാങ്ങുമ്ബോള്‍ ആര്‍ടിഒ ഓഫിസിലെത്തി വാഹനം കാണിക്കുന്ന നടപടിക്രമങ്ങളൊക്കെ അന്തിമവിജ്ഞാപനം വരുന്നതോടെ ഒഴിവാക്കും. ബോഡി നിര്‍മ്മിക്കേണ്ടി വരുന്ന ബസ് ,ലോറി പോലെ വാഹനങ്ങള്‍ക്ക് ഓണ്‍ലൈന്‍ നടപടികള്‍ മാത്രം പോര എന്നതിനാല്‍ ആര്‍ടി ഓഫിസില്‍ കൊണ്ടുവരണം.

വാഹന കൈമാറ്റം നടത്തിയാല്‍ ഉടമസ്ഥാവകാശകൈമാറ്റവും ഇനി ഓണ്‍ലൈന്‍ വഴിയാകും. പഴയ വാഹനത്തിന്റെ ആര്‍സി ബുക്ക് ഉള്‍പ്പെടെ രേഖകള്‍ ആര്‍ടി ഓഫിസില്‍ തിരിച്ചേല്‍പിക്കണമെന്ന വ്യവസ്ഥയ്ക്കും മാറ്റം വരുത്തും.പകരം വാഹനം വില്‍ക്കുന്നയാള്‍ തന്നെ വാങ്ങുന്നയാള്‍ക്ക് നേരിട്ട് രേഖകള്‍ കൈമാറിയാല്‍ മതി. എല്ലാ വാഹന കൈമാറ്റത്തിനും പുതിയ വാഹനം വാങ്ങുമ്ബോഴും ഇനി ആധാര്‍ കൂടി രജിസ്റ്റര്‍ ചെയ്യണമെന്ന വ്യവസ്ഥയും കേന്ദ്ര വിജ്ഞാപനത്തിലുണ്ട്. വിജ്ഞാപനം പുറത്തിറക്കുന്നതോടെ മോട്ടര്‍ വാഹന വകുപ്പിന്റെ സോഫ്റ്റ്‌വെയറുകളിലും മാറ്റം വരും.