യു.ഡി.എഫ്‌. വെട്ടില്‍ , ഇബ്രാഹിംകുഞ്ഞിന്‌ മത്സരമോഹം; മകനെ പരിഗണിച്ചേക്കും

യു.ഡി.എഫ്‌. വെട്ടില്‍ , ഇബ്രാഹിംകുഞ്ഞിന്‌ മത്സരമോഹം; മകനെ പരിഗണിച്ചേക്കും

കൊച്ചി : കളമശേരിയില്‍ വീണ്ടും മത്സരിക്കാന്‍ സന്നദ്ധനാണെന്ന മുന്‍ മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞിന്റെ നിലപാട്‌ യു.ഡി.എഫിനെ വെട്ടിലാക്കുന്നു. ഇബ്രാഹിംകുഞ്ഞിനു വീണ്ടും മത്സരിക്കാന്‍ അവസരം നല്‍കുന്ന കാര്യത്തില്‍ മുസ്ലിംലീഗ്‌ അന്തിമതീരുമാനം കൈക്കൊണ്ടിട്ടില്ല. ഇബ്രാഹിംകുഞ്ഞ്‌ ഒഴിവായാല്‍ പകരം അദേഹത്തിന്റെ മകന്‍ അഡ്വ. വി.ഇ. അബ്‌ദുള്‍ഗഫൂര്‍ സ്‌ഥാനാര്‍ഥിയാകുമെന്നാണു സൂചന. ലീഗ്‌ എറണാകുളം ജില്ലാ ജന. സെക്രട്ടറിയാണു അബ്‌ദുള്‍ഗഫൂര്‍.

കളമശേരിയില്‍ ഇബ്രാഹിംകുഞ്ഞിനു വിജയ സാധ്യതയുണ്ടെന്ന്‌ അദ്ദേഹത്തെ പിന്തുണക്കുന്നവര്‍ വാദിക്കുന്നുണ്ടെങ്കിലും കോണ്‍ഗ്രസ്‌ സംസ്‌ഥാനഘടകത്തിന്‌ അനുകൂല നിലപാടല്ല. മണ്ഡലത്തിലെ വിജയ സാധ്യത മാത്രം പരിഗണിച്ചാല്‍പോര, അഴിമതിയുടെ പേരില്‍ വിവാദത്തില്‍പ്പെട്ട നേതാവ്‌ മത്സരിക്കുന്നു എന്ന പ്രചരണം എതിരാളികള്‍ മറ്റുമണ്ഡലങ്ങളില്‍ അഴിച്ചുവിടുന്നത്‌ തിരിച്ചടിയാകും. തൃപ്പൂണിത്തുറയില്‍ കെ. ബാബുവിന്റെ പരാജയം ഇതിന്‌ ഉദാഹരണമായി കോണ്‍ഗ്രസ്‌ നേതൃത്വം ചൂണ്ടിക്കാട്ടുന്നു.

പാലാരിവട്ടംപാലം അഴിമതിക്കേസില്‍ റിമാന്‍ഡ്‌ ചെയ്യപ്പെടുന്ന ഘട്ടത്തില്‍ ഗുരുതര-ആരോഗ്യപ്രശ്‌നം ചൂണ്ടിക്കാട്ടി സത്യവാങ്‌മൂലം നല്‍കിയ ഇബ്രാഹിംകുഞ്ഞ്‌ എങ്ങനെ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്നാണ്‌ എതിരാളികള്‍ ഉയര്‍ത്തുന്ന ചോദ്യം. മങ്കട എം.എല്‍.എയും എറണാകുളം സ്വദേശിയുമായ ടി.എ. അഹമ്മദ്‌ കബീര്‍, മുസ്ലിംലീഗിന്റെ അഭിഭാഷക സംഘടനയായ ലോയേഴ്‌സ്‌ ഫോറത്തിന്റെ പ്രസിഡന്റ്‌ അഡ്വ. മുഹമ്മദ്‌ഷാ എന്നിവരുടെ പേരുകളും കളമശേരിയില്‍ പരിഗണിക്കപ്പെടുന്നുണ്ട്‌.