മുല്ലപ്പെരിയാർ വിഷയം പഠിക്കാൻ അന്താരാഷ്ട്ര സമിതിയെ ചുമതലപ്പെടുത്തണം: കർദിനാൾ ആലഞ്ചേരി
കൊച്ചി: മുല്ലപെരിയാർ വിഷയം ഒരു അന്താരാഷ്ട്ര സമിതി പഠിക്കണമെന്നും ഇതിനായി കേന്ദ്ര സർക്കാരിന്റെ അടിയന്തിര ഇടപെടൽ ഉണ്ടാകണമെന്നും കർദിനാൾ മാർ ജോർജ് ആലഞ്ചേരി. മുല്ലപ്പെരിയാർ അണക്കെട്ട് ഡീക്കമ്മീഷൻ ചെയ്യണമെന്നും 40 ലക്ഷത്തിലധികം ജീവനുകൾ സംരക്ഷിക്കണമെന്നും ആവശ്യപ്പെട്ട് മുല്ലപ്പെരിയാർ ജനസംരക്ഷണസമിതി സംഘടിപ്പിച്ച കൂട്ട ഉപവാസ സമരം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ശാസ്ത്രീയമായി വലിയ അവഗണനയാണ് ഒരു ജനസമൂഹത്തോടു കാണിക്കുന്നത്. കേന്ദ്ര സർക്കാരും കേരള, തമിഴ്നാട് സർക്കാരുകളും ജനവികാരം അവഗണിക്കുകയാണ്. മുല്ലപെരിയാർ വിഷയം രാഷ്ട്രീയവത്കരിക്കപ്പെട്ടോ എന്ന സംശയമുണ്ടെന്നും കർദിനാൾ ആലഞ്ചേരി പറഞ്ഞു.
. ഒരു ജനതയെ മുഴുവൻ മുൾമുനയിൽ നിർത്തുന്നത് മനുഷ്യ സ്നേഹത്തിനു നിരക്കാത്തതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
മുല്ലപ്പെരിയാർ വിഷയത്തിൽ കോടതിയിൽ രേഖകൾ സമർപ്പിക്കുന്നതടക്കം തമിഴ്നാട് കൃത്യമായി ഇടപെടുമ്പോൾ കേരളം ഉദാസീനഭാവം തുടരുകയാണെന്ന് മുഖ്യ പ്രഭാഷണം നടത്തിയ അബ്ദുൾ ഖരിം സഖാഫി ഇടുക്കി കുറ്റപ്പെടുത്തി. ജനസുരക്ഷയല്ല ലക്ഷ്യമെന്ന് തോന്നിക്കുന്ന നിലപാടാണ് സർക്കാരുകളും വിദഗ്ധ സമിതിയും പിന്തുടരുന്നത്. കോടതിയെ പോലും കാര്യങ്ങൾ ബോധ്യപ്പെടുത്താൻ കേരളത്തിന് കഴിയുന്നില്ല. മുല്ലപ്പെരിയാറിനു സമീപം താമസിക്കുന്ന കുട്ടികളുടെ മനസികാവസ്‌ഥ കണക്കിലെടുക്കണം. പഠിക്കാൻ പോലും കഴിയാത്ത അവസ്‌ഥയിലാണ് അവരെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിന്റെ താത്പര്യത്തിനെതിരായി റിപ്പോർട്ട് നൽകിയ പ്രിൻസിപ്പൽ സെക്രട്ടറി, ജലവിഭവ വകുപ്പ് ചീഫ് എഞ്ചിനീയർ എന്നീ മേൽനോട്ട സമിതി അംഗങ്ങളെ പിരിച്ചു വിടണമെന്ന് മുല്ലപെരിയാർ ജന സംരക്ഷണ സമിതി ചെയർമാൻ അഡ്വ. റോയ് വാരിക്കാട്ട് അധ്യക്ഷ പ്രസംഗത്തിൽ ആവശ്യപ്പെട്ടു.
ജന സംരക്ഷണസമിതി വർക്കിംഗ് ചെയർമാൻ ഷിബു കെ തമ്പി, ഉസ്താദ് ഖാലിദ് സഖാഫി, റഫീഖ് അഹമ്മദ് സഖാഫി, സ്വാമി അയ്യപ്പദാസ്, ഫാ.ഏലിയാസ് ചെറുകാട്ട്, കോർ എപ്പിസ്‌കോപ്പ ഫാ.സ്ലീബാ പോൾ വട്ടവേലിൽ, അഡ്വ. സംഗീത വിശ്വനാഥ്, അഡ്വ ചാർളി പോൾ, പി.ജി സുഗുണൻ, ടി.ആർ ദേവൻ, കുരുവിള മാത്യൂസ്, ജോർജ് സെബാസ്റ്റ്യൻ, എ.എം റെജിമോൻ, സാജു തറനിലം എന്നിവർ പ്രസംഗിച്ചു.
സമാപന സമ്മേളനം എസ് എൻ ഡി പി യോഗം വൈസ് പ്രസിഡൻ്റും എൻ ഡി എ കൺവീനറുമായ ശ്രീ തുഷാർ വെള്ളാപ്പള്ളി ഉദ്‌ഘാടനം ചെയ്തു. ജനങ്ങളുടെ ഭീതിയകറ്റാൻ മുല്ലപെരിയാർ വിഷയത്തിൽ അടിയന്തിര ഇടപെടൽ വേണമെന്ന് തുഷാർ വെള്ളാപ്പള്ളി ആവശ്യപ്പെട്ടു. വിഷയം എൻ ഡി എ നേതാക്കളുടേയും , കേന്ദ്ര ആഭ്യന്തര മന്ത്രിയുടേയും ശ്രദ്ധയിൽപെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. സമരസമിതി ചെയർമാൻ അഡ്വ : റോയ് വാരിക്കാട്ടിലിന് ശ്ര തുഷാർ വെള്ളാപ്പിള്ളി നാരങ്ങാനീരു നൽകിക്കൊണ്ട് ഉപവാസസമരം വൈകിട്ട് നാലുമണിയോടെ അവസാനിപ്പിച്ചു.
Comments (0)