കലിപ്പെങ്കില്‍ തീര്‍ക്കാം; ചൈനയ്ക്ക് യു.എസിന്റെ മുന്നറിയിപ്പ്

കലിപ്പെങ്കില്‍ തീര്‍ക്കാം; ചൈനയ്ക്ക് യു.എസിന്റെ മുന്നറിയിപ്പ്

വാഷിങ്ടന്‍: അയല്‍രാജ്യങ്ങളെ ഭീഷണിപ്പെടുത്തിയുള്ള ചൈനയുടെ നീക്കങ്ങളില്‍ ആശങ്കയുണ്ടെന്ന് യുഎസ്. ഇന്ത്യ പസിഫിക് മേഖലയുടെ സുരക്ഷയ്ക്കും ക്ഷേമത്തിനുമായി സുഹൃദ്രാജ്യങ്ങള്‍ക്കൊപ്പം നിലകൊള്ളുമെന്നു യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് വക്താവ് നെഡ് പ്രൈസ് പറഞ്ഞു. അണയാത്ത കനല്‍ പോലെ അതിര്‍ത്തികളിലെ സംഘര്‍ഷഭീതി സജീവമാക്കിനിര്‍ത്താനുള്ള ചൈനയുടെ ശ്രമങ്ങളെ ശക്തമായി പ്രതിരോധിക്കുക തന്നെ ചെയ്യുമെന്നും പ്രൈസ് മാധ്യമങ്ങളോടു പറഞ്ഞു. ജോ ബൈഡന്‍ ഭരണകൂടം ബെയ്ജിങ്ങിനോട് അനുഭാവ പൂര്‍ണമായ നിലപാട് കൈകൊള്ളുമെന്ന വാദങ്ങള്‍ തള്ളുന്നതായിരുന്നു യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് വക്താവിന്റെ വാര്‍ത്താസമ്മേളനം.

കൊറോണ വ്യാപനം, ദക്ഷിണ ചൈനാകടല്‍, ഹോങ്കോങ്, സ്റ്റുഡന്റ്, ജേണലിസ്റ്റ് വീസ, വ്യാപാരച്ചുങ്കം, അയല്‍രാജ്യങ്ങളുമായുള്ള ബന്ധം തുടങ്ങിയ നിരവധി വിഷയങ്ങളില്‍ ചൈനയുമായി നിലവില്‍ പ്രശ്‌നങ്ങള്‍ ഉണ്ടെന്നും വ്യാപാര ഇടപാടുകളില്‍ ഉള്‍പ്പെടെ ചൈനയുമായി ഞങ്ങള്‍ ശക്തമായ മത്സരത്തിലാണെന്നും നെഡ് പ്രൈസ് പറഞ്ഞു. തയ്വാനുമായുള്ള ബന്ധം ശക്തമായി തുടരാനാണ് തീരുമാനം. സ്വാതന്ത്ര്യത്തിനുള്ള തയ്വാന്റെ ശ്രമങ്ങള്‍ക്കു എല്ലാ പിന്തുണയും നല്‍കും. ജനങ്ങള്‍ തിരഞ്ഞെടുത്ത സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ശ്രമിക്കുന്നത് അംഗീകരിക്കാനാകില്ല. തയ്വാനെ സൈനികമായി നേരിടുന്നതിനു പകരം നയന്ത്ര ചര്‍ച്ചകളിലൂടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനാണ് ചൈന ശ്രമിക്കേണ്ടത്. മേഖലയിലെ സമാധാന ശ്രമങ്ങള്‍ക്ക് തുരങ്കം വയ്ക്കാനാണ് നീക്കമെങ്കില്‍ ശക്തമായി പ്രതിരോധിക്കുമെന്നും യുഎസ് മുന്നറിയിപ്പ് നല്‍കി.