കാലടി സര്‍വകലാശാല: എസ്‌എഫ്‌ഐ നേതാക്കളുമായി ചേര്‍ന്ന് വൈസ് ചാന്‍സലര്‍ ഒത്തുകളിക്കുന്നതായി ആരോപിച്ച വകുപ്പ് മേധാവിയെ മാറ്റി പ്രതികാരം

കാലടി സര്‍വകലാശാല: എസ്‌എഫ്‌ഐ നേതാക്കളുമായി ചേര്‍ന്ന് വൈസ് ചാന്‍സലര്‍ ഒത്തുകളിക്കുന്നതായി ആരോപിച്ച വകുപ്പ് മേധാവിയെ മാറ്റി പ്രതികാരം

കൊച്ചി : കാലടി സര്‍വകലാശാല വൈസ് ചാന്‍സലര്‍ക്കെതിരെ പരാതിപ്പെട്ട വകുപ്പ് മേധാവിയെ സ്ഥാനത്ത് നിന്നും മാറ്റി. എസ്‌എഫ്‌ഐ നേതാക്കള്‍ക്ക് വേണ്ടി വൈസ് ചാന്‍സലറുമായി ചേര്‍ന്ന് പിഎച്ച്‌ഡി പ്രവേശനം അട്ടിമറിച്ചെന്നായിരുന്നു ആരോപണം ഉയര്‍ത്തിയത്. ഇതുടര്‍ന്നാണ് സംസ്‌കൃത സാഹിത്യ വിഭാഗം മേധാവി ഡോ. പി.വി. നാരായണനെ ആ സ്ഥാനത്ത് നിന്നും മാറ്റുകയായിരുന്നു.

സിന്‍ഡിക്കേറ്റ് തീരുമാനം അനുസരിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. ഡിപ്പാര്‍ട്ട്‌മെന്റിലെ സീനിയര്‍ അധ്യാപിക കെ.ആര്‍. അംബികയ്ക്കാണ് പകരം ചുമതല നല്‍കിയിരിക്കുന്നത്.

സര്‍വ്വകലാശാല അധികൃതര്‍ക്ക് താത്പ്പര്യമുള്ളവരെയാണ് ലിസ്റ്റില്‍ ഉള്‍പ്പെടുത്തുന്നത്. ഇത്തരത്തില്‍ ഉള്ളവരെ ലിസ്റ്റില്‍ ഉള്‍പ്പെടുത്താത്തതിന് തിനിക്ക് നേരെ ഭീഷണി നേരിടുന്നതായും പി.വി. നാരായണന്‍ രജിസ്ട്രാര്‍ക്ക് അയച്ച കത്തില്‍ പരാതിപ്പെട്ടിരുന്നു.

അതേസമയം സിന്‍ഡിക്കേറ്റ് തീരുമാന പ്രകാരം റിസര്‍ച്ച്‌ കമ്മിറ്റി തയ്യാറാക്കിയ ഷോര്‍ട്ട് ലിസ്റ്റ് തിരുത്തി നല്‍കാന്‍ വിസി വകുപ്പധ്യക്ഷനോട് ആവശ്യപ്പെട്ടു.വകുപ്പ് അധ്യക്ഷന്‍ ഇത് അനുസരിക്കാത്തതിനെ തുടര്‍ന്നാണ് നടപടി കൈക്കൊള്ളുന്നതെന്നാണ് സ്ഥാനം മാറ്റിയതിന് നല്‍കിയ വിശദീകരണം. പി വി നാരായണനെതിരെ അച്ചടക്ക നടപടി ആവശ്യപ്പെട്ട് എസ്‌എഫ്‌ഐ മൂന്ന് ദിവസമായി ഉപവാസ സമരം നടത്തി വരികയായിരുന്നു.