സര്‍ക്കാര്‍‍ കൊയ്ത് യന്ത്രങ്ങള്‍ കട്ടപ്പുറത്ത്; ചൂഷണത്തിനിരയായി കുട്ടനാട്‍ടിലെ കര്‍ഷകര്‍‍

സര്‍ക്കാര്‍‍ കൊയ്ത് യന്ത്രങ്ങള്‍ കട്ടപ്പുറത്ത്; ചൂഷണത്തിനിരയായി കുട്ടനാട്‍ടിലെ കര്‍ഷകര്‍‍

ആലപ്പുഴ: കുട്ടനാട്ടില്‍ പുഞ്ചകൃഷി വിളവെടുപ്പിന് ദിവസങ്ങള്‍ അവശേഷിക്കേ സര്‍ക്കാര്‍ കൊയ്ത്ത് യന്ത്രങ്ങള്‍ കൂട്ടത്തോടെ കട്ടപ്പുറത്ത്. സ്വകാര്യ ഏജന്‍സികളുടെ ചൂഷണത്തില്‍ കര്‍ഷകര്‍. നെല്‍കൃഷി വിളവെടുപ്പിനായി സര്‍ക്കാര്‍ ജില്ലക്കുവേണ്ടി വാങ്ങിക്കൂട്ടിയ 164 കൊയ്ത് യന്ത്രങ്ങളില്‍ എട്ട് യന്ത്രങ്ങള്‍ മാത്രമാണ് പ്രവര്‍ത്തിക്കുന്നത്. പ്രവര്‍ത്തന രഹിതായ 156 യന്ത്രങ്ങള്‍ യാഡില്‍ കട്ടപ്പുറത്താണ്. കുട്ടനാട്ടിലെ പുഞ്ചകൃഷി വിളവെടുപ്പിന് 650 ഓളം യന്ത്രങ്ങള്‍ ആവശ്യമാണ്. സര്‍ക്കാര്‍ യന്ത്രത്തിന്റെ ലഭ്യത കുത്തനെ കുറഞ്ഞതോടെ സ്വകാര്യ ഏജന്‍സികളെയാണ് കര്‍ഷകര്‍ അഭയം പ്രാപിക്കുന്നത്.

ജങ്കാറില്‍ കയറ്റി കായല്‍ നിലങ്ങളില്‍ എത്തിക്കുന്ന യന്ത്രങ്ങള്‍ക്ക് മണിക്കൂറില്‍ 2200 രൂപയും, വാഹനങ്ങല്‍ നേരിട്ട് എത്തിക്കുന്നിടത്ത് 2100 രൂപയുമാണ് നിജപ്പെടുത്തിയിരിക്കുന്നത്. വീണടിഞ്ഞ നെല്ലിന്റെ വിളവെടുപ്പിന് ഏക്കറിന് നാല് മുതല്‍ അഞ്ച് മണിക്കൂറുകള്‍ വരെ സമയമെടുക്കും. എന്നാല്‍ വീണടിയാത്ത പാടത്തെ കൊയ്ത്തിനും ഇതേ സമയമാണ് സ്വകാര്യ ഏജന്‍സികള്‍ ഈടാക്കുന്നത്. വിളവെടുപ്പ് സമയത്ത് സര്‍ക്കാര്‍ യന്ത്രങ്ങള്‍ പൂര്‍ണ്ണതോതില്‍ ലഭ്യമായാല്‍ അധിക സമയം ഈടാക്കില്ലെന്നാണ് കര്‍ഷകര്‍ ചൂണ്ടിക്കാട്ടുന്നത്. യാഡില്‍ കട്ടപ്പുറത്തായ യന്ത്രങ്ങളുടെ അറ്റകുറ്റപണി പൂര്‍ത്തിയാക്കി കൊയ്ത് സീസണില്‍ ഇറക്കിയാല്‍ സ്വകാര്യ ഏജന്‍സികളുടെ ചൂഷണം തടയാന്‍ കാഴിയുമെന്നാണ് കര്‍ഷകരുടെ വാദം.

ചമ്ബക്കുളം കൃഷിഭവന്‍ പരിധിയില്‍പ്പെട്ട കുണ്ടന്‍വേലി പാടത്ത് 25ന് വിളവെടുപ്പ് നടത്താനാണ് തീരുമാനം. വിളവെടുപ്പ് നടക്കുന്ന പാടശേഖരങ്ങളില്‍ പാടശേഖര സമതികള്‍ എഗ്രിമെന്റ് വെയ്ക്കുന്ന പാടത്ത് മാത്രമേ വിളവെടുപ്പ് നടക്കുകയുള്ളൂ. അതാത് കൃഷി ഓഫീസറുടെ സാന്നിദ്ധ്യത്തില്‍ വേണം എഗ്രിമെന്റ് വെയ്ക്കാന്‍. മുന്‍കാലങ്ങളിലെ പ്രശ്നങ്ങള്‍ പരിഹരിക്കാനാണ് പുതിയ നിബന്ധന പ്രായോഗികമാക്കുന്നത്. കഴിഞ്ഞ വിളവെടുപ്പ് സീസണില്‍ എഗ്രിമെന്റ് വെയ്ക്കാത്ത പാടശേഖരങ്ങളില്‍ കൊയ്യണമെന്നാവശ്യപ്പെട്ട് കര്‍ഷകര്‍ യന്ത്രം തടഞ്ഞിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഏജന്‍സികളും, കര്‍ഷകരും തമ്മിലുള്ള തര്‍ക്കം പരിഹരിക്കാനാണ് എഗ്രിമെന്റ് നിര്‍ബന്ധമാക്കിയത്.