തിമിംഗലങ്ങളുടെ രക്ഷകനായ് വിൽഫ്രഡ്, കൊച്ചിയിൽ
ഇന്ന് രാവിലെ മൂലംകുഴി ബീച്ചിൽ ഉണ്ടായ ഒരു സംഭവം ബന്ധപ്പെട്ട അധികാരികളുടെ ശ്രദ്ധയിൽ പെടുത്തുന്നതിനു വേണ്ടിയാണ് ഈ കുറിപ്പ് . രാവിലെ ബീച്ചിൽ നീന്താൻ പോയപ്പോൾ തീരത്തു പരിക്ക് പറ്റിയ ഒരു ഡോൾഫിൻ കിടക്കുന്നതു കണ്ടു. പല പ്രാവശ്യം അതിനെ തിരികെ കടലിലേക്ക് വിടുവാൻ ശ്രമിച്ചെങ്കിലും അത് കടലിലേക്ക് പോകാതെ തിരികെ തീരത്തേയ്ക് തന്നെ പോന്നുകൊണ്ടിരുന്നു . അതിന്റെ പരുക്ക് ഗുരുതരമായതു മൂലമോ ചെറിയ മീനുകൾ അതിനെ ഉപദ്രവിച്ചുകൊണ്ടിരുന്നത് മൂലമോ ആകാം അത് തിരികെ കടലിലേയ്ക്ക് പോകാതിരുന്നത് . വളരെ ദയനീയ അവസ്ഥയായിരുന്നു അത് . നന്നുടെ തീര പ്രദേശത്തു കാണപ്പെടുന്നതും മനുഷ്യനുമായി വളരെ വേഗം ഇണങ്ങുന്നവയും മനുഷ്യന് പലപ്പോഴും സഹായമായിട്ടുള്ളതുമായ ഒരു ജീവിയാണ് ഡോൾഫിനുകൾ . വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന ഇവയെ മറ്റു രാജ്യങ്ങൾ സംരക്ഷിച്ചു പോരുമ്പോൾ ഇവിടെ അവയെ സംരക്ഷിക്കാനോ അവയുടെ പരിപാലനത്തിനോ മറ്റുള്ളവരുടെ ഉപദ്രവങ്ങളിൽ നിന്നും രക്ഷിക്കാനോ യാതൊരു വിധ സംവിധാനങ്ങളോ ഇല്ലാ എന്ന് തന്നെ പറയാം . തീരക്കടലിൽ ഇവയുടെ സാന്നിധ്യം തന്നെ കൗതുകകരമായ കാഴ്ചയാണ് . കുറെ വർഷങ്ങൾക്കു മുൻപ് ഇവയ്ക്കു വേണ്ടി തീരക്കടലിൽ ഓഷ്യനേറിയം സ്ഥാപിക്കും എന്നൊക്കെ സർക്കാരിന്റെ വാഗ്ദാനങ്ങൾ ഉണ്ടായിരുന്നെങ്കിലും അതൊക്കെ വെറും പാഴ് വാക്കുകൾ മാത്രമായി ഇപ്പോഴും തുടരുന്നു . മാറി മാറി വരുന്ന സർക്കാരുകൾ സൗകര്യം പോലെ അതൊക്കെ മറന്നു എന്നുള്ളതാണ് യാഥാർഥ്യം . കരയിലെ ഇരുകാലികളെ പോലെ ആവശ്യങ്ങൾ നേടിയെടുക്കാൻ സമരം നടത്താനോ ഹർത്താൽ നടത്താനോ അവയ്ക്കു സാധിക്കില്ലല്ലോ . പോരാത്തതിന് അവയ്ക്കു വോട്ടവകാശം ഇല്ലതാനും . അപ്പോൾ പിന്നെ അവയുടെ ജീവിതം എങ്ങിനെ ആയാലും സർക്കാരുകൾക്ക് ഒന്നുമില്ല . മാറി മാറി ഭരിക്കുന്ന സർക്കാരുകളോടും അനുബന്ധ വകുപ്പുകളോടും ഒന്നേ പറയാനുള്ളു , നിങ്ങൾ തകർത്തു ഭരണം നടത്തുമ്പോൾ കൂടെ സഹജീവികളോട് കൂടി അല്പം കരുണ കാണിക്കണം . അത് മനുഷ്യനായാലും ശരി , മൃഗങ്ങളായാലും ശരി . നമ്മുടെ ചുറ്റുപാടുമുള്ള പക്ഷി മൃഗാദികളെ സംരക്ഷിക്കുവാൻ ഉള്ള സംവിധാനങ്ങൾ നടപ്പിലാക്കിയേ തീരു , പ്രത്യെകിച് വംശ നാശം നേരിട്ടു കൊണ്ടിരിക്കുന്ന ഡോൾഫിൻ , കടലാമ , തുടങ്ങിയ ജീവികളെ . നാം വരും തലമുറക്ക് കൊടുക്കുന്ന വളരെ വിലപ്പെട്ട സമ്മാനം കൂടിയാകും അത് . അധികാരികളുടെ അടിയന്തിര ശ്രദ്ധ ഈ വിഷയത്തിൽ ഉണ്ടാകണമേയെന്നു അപേക്ഷിക്കുകയാണ്. എല്ലാം നല്ലതായി ഭവിക്കും എന്ന പ്രതീക്ഷയോടെ . വിൽഫ്രഡ് മാനുവൽ .
Comments (0)