പ്രശാന്താനന്ദസ്വാമി ഓര്‍മ്മയായി
ഡോ.സുകുമാര്‍ അഴിക്കോടിനോടും ലേഖകനോടുമൊപ്പം സ്വാമിജി
പാവങ്ങളെ ജീവനു തുല്യം സ്‌നേഹിച്ച സന്യാസി വര്യനായിരുന്നു സ്വാമി പ്രാശാന്താനന്ദ. തൃശ്ശൂരിന്റെ സാംസ്‌കാരിക സാമൂഹ്യ മണ്ഡലങ്ങളില്‍ തൃശൂര്‍ ശ്രീരാമകൃഷ്ണമഠം പ്രസിഡന്റായിരുന്ന കാലയളവില്‍ സജീവ സാന്നിദ്ധ്യമായിരുന്നു. ഡിസംബര്‍ 24ന് വൈകീട്ട് എല്ലാ വര്‍ഷവും രാമകൃഷ്ണമഠത്തില്‍ ക്രിസ്തുമസ് ഈവ് സര്‍വ്വമതസമ്മേളനം നടത്തുകയും ആര്‍ച്ച് ബിഷപ്പ്മാര്‍ ആന്‍ഡ്രൂസ് താഴത്ത് , ആലപ്പാട്ടച്ചന്‍, അബ്ദുള്‍ സമദ് സമദാനി, ഡോ.സുകുമാര്‍ അഴിക്കോട്, സി.രാധാകൃഷ്ണന്‍ തുടങ്ങിയവര്‍ പങ്കെടുക്കാറുള്ളതും പതിവായിരുന്നു. 1963ല്‍ പുറനാട്ടുകര ശ്രീരാകൃഷ്ണ മഠത്തില്‍ ബ്രഹ്മചാരിയായി ചേരുകയും രാമകൃഷ്ണപ്രസ്ഥാനത്തിന്റെ ഉപാധ്യാക്ഷനായിരുന്ന യതീശ്വരാനന്ദസ്വാമികളുടെ ശിഷ്യനായി മന്ത്രദീക്ഷ സ്വീകരിക്കുകയും ഈശ്വരാന്ദസ്വാമികള്‍, മൃഡാനന്ദസ്വാമികള്‍, ശക്രാനന്ദ സ്വാമികള്‍ എന്നിവരോടൊപ്പം പ്രവര്‍ത്തിക്കുകയും ചെയ്തു. 2005 മുതല്‍ 2010 വരെ തൃശൂര്‍ പുറനാട്ടുകര ശ്രീരാമകൃഷ്ണ മഠത്തിന്റെ അദ്ധ്യക്ഷനായിരുന്നു. ശ്രീരാമകൃഷ്ണഗുരുകുലത്തിന്റെ വാര്‍ഡനായും സ്വാമിജി സേവനമനുഷ്ടിച്ചിട്ടുണ്ട്. കൊല്‍ക്കത്തയിലെ ഗോല്‍പാര്‍ക്കിലുള്ള രാമകൃഷ്ണമിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കള്‍ച്ചര്‍ ചെന്നൈയിലെ രാമകൃഷ്ണമഠം, ശാസ്തമംഗലം രാമകൃഷ്ണമഠം, തിരുവല്ലയിലെ രാമകൃഷ്ണാശ്രമം, എന്‌നീ ശാഖകളിലെല്ലാം അദ്ദേഹം സേവനം അനുഷ്ഠിച്ചു. പ്രഭാഷകനും എഴുത്തുകാരനുമായിരുന്ന സ്വാമിജി പ്രബുദ്ധകേരളം മാസികയില്‍ കുട്ടികളോട്, ബാലസാഹിത്യം എന്നീ പംക്തികളിലൂടെ ധര്‍മ്മവിഷയങ്ങള്‍ കുട്ടികള്‍ക്ക് പരിചയപ്പെടുത്തി. ശ്രീകൃഷ്ണന്‍, ശ്രീരാമന്‍, ശ്രീശങ്കരാചാര്യര്‍, ശ്രീരാമകൃഷ്ണദേവന്‍, ചട്ടമ്പിസ്വാമികള്‍, രമണമഹര്‍ഷി, മുഹമ്മദ് നബി, ഭര്‍തൃഹരി, വരരുചി, പാക്കനാര്‍, നാറാണത്ത് ഭ്രാന്തന്‍, ജയദേവന്‍, തപോവനസ്വാമികള്‍, അല്‍ഫോസാമ്മ, റാബിയ, എന്നിവരെയെല്ലാം തന്റേതായ ലളിതമായ ഭാഷയില്‍ കുട്ടികള്‍ക്ക് പരിചയപ്പെടുത്തി. ശ്രീമദ് ഭഗവദ്ഗീത കുട്ടികള്‍ക്ക് വേണ്ടി വളരെ ലളിതമായി വ്യാഖ്യാനിച്ചിട്ടുണ്ട്. കര്‍ക്കിടകമാസങ്ങളില്‍ തൃശൂര്‍ ടിസിവിയില്‍ രാമായമപ്രഭാഷണങ്ങള്‍ വളരെ ശ്രദ്ധ നേടിയിരുന്നു. ശ്രീരാമകൃഷ്ണദേവന്റെ ശിഷ്യനായ നിര്‍മ്മലാനന്ദ സ്വാമികള്‍ തുടങ്ങി വെച്ച ഗ്രാമീണ വികസനപരിപാടികള്‍ക്ക് സ്വാമിജിയായിരുന്നു പില്‍ക്കാലത്ത് നേതൃത്വം നല്‍കിയത്. നൂറുകണക്കിന് പാവപ്പെട്ട കുടുംബങ്ങള്‍ക്ക് ആശ്വാസമാവുകയും ചെയ്തു. തൃശൂര്‍ ശ്രീരാമകൃഷ്ണ ഗുരുകുലവിദ്യാമന്ദിരത്തിലെ അധ്യാപക ഒഴിവുകളില്‍ വളരെ പാവപ്പെട്ടവര്‍ക്ക് വളരെ മുന്‍ഗണന നല്‍കിയിരുന്നു. ആശ്രമവുമായി തീരെ ബന്ധമില്ലാത്ത ഒരു ഇടതുപക്ഷതീവ്രവാദിക്ക് നിയമനം നല്‍കിയതിന് ധാരാളം വിമര്‍ശനങ്ങള്‍ സ്വാമിജി നേരിട്ടപ്പോള്‍ അവരോടൊക്കെ ഒരു മറുപടിയേ സ്വാമിജിക്ക് പറയാനുണ്ടായിരുന്നുള്ളൂ. ആ കുട്ടി തീരെ ദരിദ്രയാണ്. ഭക്ഷണത്തിന് പോലും വളരെ ബുദ്ധിമുട്ടിലാണ്. വാടകവീട്ടിലാണ് താമസം. ഞാന്‍ രാഷ്ടീയം നോക്കിയില്ല. വിശക്കുന്ന വയറിന് ഒരാശ്വാസമാകട്ടെ എന്നു മാത്രമേ കരുതിയുള്ളൂ. സരളനും എല്ലാവര്‍ക്കും പ്രിയങ്കരനുമായിരുന്ന സ്വാമിജിയുടെ പൂര്‍വ്വാശ്രമത്തിലെ പേര് നാരായണന്‍ എന്നായിരുന്നു. പാല മുത്തോലി പാലമറ്റം തറവാട്ടിലെ അംഗമായിരുന്നു. വര്‍ക്കല ശിവഗിരി ആശ്രമം മാതാ അമൃതാനന്ദമയി ആശ്രമം തുടങ്ങിയ പ്രസ്ഥാനങ്ങളോട് നല്ല ബന്ധം പുലര്‍ത്തിയിരുന്നു സ്വാമിജി. ഒരു വര്‍ഷത്തോളമായി സ്വാമിജി തിരുവനന്തപുരം, ശാസ്തമംഗലം ആശുപത്രിയില്‍ ഗസ്റ്റ് ഹൗസില്‍ കിടപ്പിലായിരുന്നു. ചൊവ്വാഴ്ച്ച ഉച്ചക്കാണ് സ്വാമിജി സമാധിയായത്. സംസ്‌കാരചടങ്ങുകള്‍ രാത്രി നെട്ടയത്തെ ശ്രീരാമകൃഷ്ണാശ്രമത്തില്‍ നടന്നു. സ്വാമി ഗോലോകാനന്ദ, തൃശൂര്‍ പുറനാട്ടുകര മഠം അദ്ധ്യക്ഷന്‍ സ്വാമി സദ്ഭവാനന്ദ, ശാസ്തമംഗലം ശ്രീരാമകൃഷ്ണ അദ്ധ്യാക്ഷന്‍ സ്വാമി മോക്ഷവ്രതാനന്ദ, സ്വാമി അജിതേഷാനന്ദ, സ്വാമി നന്ദാത്മജാനന്ദ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
- ശശി കളരിയേല്‍
Comments (0)