ബ്യൂട്ടി പാര്‍ലര്‍ വെടിവയ്‌പ്പ്‌ , രവി പൂജാര അറസ്‌റ്റില്‍

ബ്യൂട്ടി പാര്‍ലര്‍ വെടിവയ്‌പ്പ്‌ , രവി പൂജാര അറസ്‌റ്റില്‍

തിരുവനന്തപുരം : കൊച്ചിയില്‍ നടി ലീന മരിയപോളിന്റെ ബ്യൂട്ടി പാര്‍ലറിനു നേരേ വെടിവയ്‌പ്പുണ്ടായ കേസില്‍ അധോലോക കുറ്റവാളി രവി പൂജാരയുടെ അറസ്‌റ്റ്‌ രേഖപ്പെടുത്തി. ക്രൈംബ്രാഞ്ച്‌ സംഘം ബംഗളുരു പരപ്പന അഗ്രഹാര ജയിലിലെത്തിയാണ്‌ അറസ്‌റ്റ്‌ രേഖപ്പെടുത്തിയത്‌. അറസ്‌റ്റ്‌ വിവരം ഇന്ന്‌ എറണാകുളം അഡീഷണല്‍ ചീഫ്‌ മജിസ്‌ട്രേറ്റ്‌ കോടതിയെ അറിയിക്കും.
മൂന്നാം പ്രതിയായ പൂജാരയെ ജയില്‍ അധികൃതരുടെ സാന്നിധ്യത്തില്‍ അഞ്ചു ദിവസം ചോദ്യംചെയ്യാന്‍ ബെംഗളുരു സെഷന്‍സ്‌ കോടതിയുടെ അനുമതിയുണ്ട്‌. ഇയാളെ അടുത്ത മാസം കൊച്ചിയിലെത്തിച്ച്‌ തെളിവെടുപ്പ്‌ നടത്താനാണ്‌ ക്രൈംബ്രാഞ്ച്‌ മേധാവി എ.ഡി.ജി.പി: എസ്‌. ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം തയാറെടുക്കുന്നത്‌. വെടിവയ്‌പ്പു കേസില്‍ നേരത്തേ കേസില്‍ മൂന്നു പേരെ അറസ്‌റ്റ്‌ ചെയ്‌തിരുന്നു. പൂജാരയുടെ വലംകൈയായ കൊച്ചി സ്വദേശി ബിലാലാണ്‌ ഒന്നാം പ്രതി. വിപിന്‍ വര്‍ഗീസ്‌, അല്‍ത്താഫ്‌ എന്നിവരാണ്‌ മറ്റു പ്രതികള്‍.
2018 ഡിസംബര്‍ 15ന്‌ ഉച്ചയ്‌ക്കു രണ്ടരയ്‌ക്കാണ്‌ പനമ്ബിള്ളി നഗറിയെ ബ്യൂട്ടി പാര്‍ലറിനു നേരേ ബൈക്കിലെത്തിയ രണ്ടു യുവാക്കള്‍ വെടിതുതിര്‍ത്തത്‌. ആദ്യം ലോക്കല്‍ പോലീസ്‌ അനേ്വഷിച്ച കേസ്‌ ക്രൈംബ്രാഞ്ച്‌ ഏറ്റെടുത്ത ശേഷമാണ്‌ തുമ്ബുണ്ടായത്‌. ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കുകയായിരുന്നു ലക്ഷ്യം. സംഭവത്തിന്‌ മുമ്ബ്‌ പൂജാര ലീനയെ വിളിച്ച്‌ 25 കോടി രൂപ ആവശ്യപ്പെട്ടിരുന്നു. പണം നല്‍കിയില്ലെങ്കില്‍ പ്രത്യാഘാതം നേരിടേണ്ടിവരുമെന്നു ഭീഷണിപ്പെടുത്തി. പണം നല്‍കാതിരുന്നതോടെയാണു ബിലാലിന്റെ നേതൃത്വത്തില്‍ വെടിവയ്‌പ്‌ നടത്തിയത്‌.
സെനഗലില്‍ നിന്നാണു രവി പൂജാര ഫോണ്‍ വിളിച്ചിരുന്നതെന്ന്‌ ക്രൈംബ്രാഞ്ച്‌ കണ്ടെത്തിയിരുന്നു. ഇന്റര്‍പോളിന്റെ സഹായത്തോടെയാണ്‌ ഇയാളെ പിടികൂടി ഇന്ത്യയിലെത്തിച്ചത്‌.