ദാ ഇവിടെയുണ്ട്‌, പ്രധാനമന്ത്രി പറഞ്ഞ രാജപ്പന്‍ സാഹിബ്

ദാ ഇവിടെയുണ്ട്‌, പ്രധാനമന്ത്രി പറഞ്ഞ രാജപ്പന്‍ സാഹിബ്

കോട്ടയം: അസാധാരണമായ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന വിവിധ സംഘടനകളെക്കുറിച്ചു "മന്‍ കീ ബാത്‌" റേഡിയോ പ്രഭാഷണത്തില്‍ എടുത്തുപറഞ്ഞ പ്രധാനമന്ത്രി നരേന്ദ്ര മോദി, മലയാളിയായ ഒരാളെക്കൂടി രാജ്യത്തിനു പരിചയപ്പെടുത്തി. കുമരകം സ്വദേശിയായ രാജപ്പനെ. പരിസ്‌ഥിതി ശുചിത്വം പാലിക്കുകയെന്ന കടമ ഓരോരുത്തരെയും ഓര്‍മപ്പെടുത്തുമ്ബോഴാണ്‌ ഭിന്നശേഷിക്കാരനായ "എന്‍.എസ്‌. രാജപ്പന്‍ സാഹിബ്‌" അദ്ദേഹം പങ്കുവച്ച ചിന്തകളില്‍ കടന്നുവന്നത്‌.
നമ്മളില്‍ പലരും നദികളിലേക്കും കായലുകളിലേക്കും വലിച്ചെറിയുന്ന പ്ലാസ്‌റ്റിക്‌ കുപ്പികള്‍ കുമരകംകാരുടെ രാജുവിനു ജീവിതമാര്‍ഗം കൂടിയാണ്‌. ഒരു കുഞ്ഞു വള്ളത്തില്‍ സഞ്ചരിച്ച്‌ വേമ്ബനാട്ടു കായലിലും പരിസരത്തെ തോടുകളിലും കിടക്കുന്ന കുപ്പികള്‍ ശേഖരിക്കും.

വരുമാനമാര്‍ഗത്തിനപ്പുറം ഇതു കായല്‍ സംരക്ഷണത്തിന്റെ ഭാഗം കൂടിയാണെന്ന ഈ എഴുപത്തിരണ്ടുകാരന്റെ വാക്കുകള്‍ നമുക്കൊരു ഓര്‍മപ്പെടുത്തല്‍ കൂടിയാണ്‌.
കുമരകം മഞ്ചാടിക്കരി സ്വദേശിയായ രാജപ്പനു ചെറുപ്പത്തില്‍ പോളിയോ ബാധിച്ചു രണ്ടുകാലുകളും തളര്‍ന്നതിനാല്‍ നടക്കാനാവില്ല. കണ്ടുവളര്‍ന്ന മീനച്ചിലാറും കായലും മലിനമാകുന്നതിലുള്ള സങ്കടമാണ്‌ അദ്ദേഹത്തെ പ്ലാസ്‌റ്റിക്‌ കുപ്പികള്‍ പെറുക്കുന്നതിലേക്കു നയിച്ചത്‌. മറ്റു ജോലികള്‍ ചെയ്യാന്‍ കഴിയാത്തതിനാല്‍ ഇത്‌ ഉപജീവനമാര്‍ഗവുമായി. വികലാംഗ പെന്‍ഷനുമുണ്ട്‌.
അവിവാഹിതനായ രാജപ്പന്‍ തോട്ടുവക്കത്തു പ്രളയത്തില്‍ ശോച്യാവസ്‌ഥയിലായ വീട്ടിലാണു താമസം. തൊട്ടടുത്ത്‌ സഹോദരി വിലാസിനിയും കുടുംബവും സഹായത്തിനുണ്ട്‌. രാവിലെ വള്ളത്തിനരികിലേക്കു നിരങ്ങിയെത്തും. കുമരകം മുതല്‍ കോട്ടയം വരെ മീനച്ചിലാറ്റിലും തോടുകളിലും കായലിലുമെല്ലാമെത്തും. കുപ്പികള്‍ പെറുക്കി വൈകുന്നേരത്തോടെ മടങ്ങും. പ്ലാസ്‌റ്റിക്‌ കുപ്പികളായതിനാല്‍ വലിയ തൂക്കമുണ്ടാവില്ല. ഒരു കിലോയ്‌ക്ക്‌ 12 രൂപ കിട്ടും. തിരിച്ചെത്താന്‍ വൈകിയാല്‍ ഏതെങ്കിലും പാലത്തിന്റെ അടിയില്‍ വള്ളം കെട്ടിയിട്ട്‌ രാത്രിയില്‍ കിടന്നുറങ്ങും.
'നല്ലൊരു വള്ളമാണ്‌ ഇപ്പോഴത്തെ സ്വപ്‌നം'
പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചതില്‍ സന്തോഷമുണ്ടെന്നു രാജപ്പന്‍. തന്റെ സേവനത്തെ അഭിനന്ദിച്ച അദ്ദേഹത്തോടു നന്ദിയുമുണ്ട്‌. തോടും പരിസരവും എന്നും വൃത്തിയായി കിടക്കുന്നതിലാണു സന്തോഷം. വാടകയ്‌ക്കെടുത്ത വള്ളത്തിലായിരുന്നു തുടക്കമെങ്കിലും പലരുടെയും സഹായത്തോടെ മറ്റൊന്നു വാങ്ങിയിരുന്നു. നല്ലൊരു വള്ളവും വീടുമാണ്‌ ഇനിയുള്ള ആഗ്രഹമെന്നും രാജപ്പന്‍ മാധ്യമങ്ങളോടു പറഞ്ഞു.