ഭക്ഷ്യവസ്തുകളിൽ മായം, ജാഗ്രത, കടുത്ത നിയന്ത്രണങ്ങൾ അനിവാര്യം
ഭക്ഷ്യവസ്തുക്കളിൽ മായം ചേർക്കുന്ന പ്രവണത ഇന്ന് നമ്മുടെ ജീവനും ജീവിതത്തിനും ഭീഷണിയായി മാറിയിരിക്കുന്നു. വളരെ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളാണ് പൊതു സമൂഹം അഭിമുഖീകരിക്കുന്നത്. മായം ചേർക്കൽ തടയാനുള്ള നിയമമുണ്ടെങ്കിലും,എന്തുകൊണ്ടോ നടപടികൾ മാത്രം ഉണ്ടാകുന്നില്ല. ഉപ്പ് തൊട്ട് കർപ്പൂരം വരെ ഇന്ന് വിഷമയമാണ്. പാലിൽ പോലും 70% മായമാണെന്ന് ഭക്ഷ്യ സുരക്ഷാ ഗുണനിലവാര അതോറിറ്റി കണ്ടെത്തിയത് അടുത്തകാലത്താണ്.നമ്മൾ വിശ്വസിച്ചു വാങ്ങുന്ന പല ബ്രാന്റുകളിലും മായം മാത്രമല്ല മാരകമായ രാസവസ്തുക്കളും ചേർത്തതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.അതായത് നമ്മുടെ അധ്വാനഫലം കൊണ്ട് നമ്മൾ വാങ്ങിക്കഴിക്കുന്നത് നമ്മളെത്തന്നെ നിത്യരോഗികളാക്കുന്ന വിഷമാണെന്ന് സാരം.ചായം തേച്ചും മെഴുകുപുരട്ടിയും നമ്മുടെ തീന്മേശകളിലെത്തുന്ന ഭക്ഷ്യ വസ്തുക്കൾ കഴിക്കുമ്പോൾ നമ്മളാരെങ്കിലുമറിയുന്നുണ്ടോ നമ്മൾ രോഗം വിലകൊടുത്തുവാങ്ങുകയാണെന്നു!! ഇത്തരത്തിൽ വഞ്ചിതരാകാതിരിക്കാനും രോഗത്തിന് ഇരയാകാതിരിക്കാനും ജാഗരൂകമായ ഒരു പൊതു സമൂഹമാണ് നമുക്കാവശ്യം.
2006 ലെ ഭക്ഷ്യ സുരക്ഷാ നിലവാര നിയമ പ്രകാരം "മായം" കൃത്യമായി നിർവചിക്കപ്പെട്ടിട്ടുണ്ട്.ഭക്ഷ്യ വസ്തുക്കളുടെ ഗുണനിലവാരം കുറക്കുന്നതോ ആരോഗ്യത്തിന് ഹാനികരമായതോ ആയ ഏത് വസ്തുവും ഭക്ഷ്യവസ്തുക്കളിൽ ചേർക്കുന്നത് മായമാണ്. തെറ്റായതോ തെറ്റിദ്ധരിപ്പിക്കുന്നതോ ആയ അവകാശവാദത്തോടെ വിൽക്കുന്നതും, സംസ്കരണ - പായ്ക്കിങ് പ്രക്രിയകളിൽ ഇതര വസ്തുക്കൾ കടന്നുകൂടിയതുമായ വസ്തുക്കളും മായത്തിന്റെ പരിധിയിൽ വരും. പഴകിയ വസ്തുക്കൾ പുതിയതെന്നു തോന്നിപ്പിക്കുക,എളുപ്പത്തിൽ കേട് വരുന്ന വസ്തുക്കളുടെ ആയുർദൈർഘ്യം കൂട്ടുക,കൃത്രിമ രുചിയും,മണവും,നിറവും നൽകുക,ഭാരവും വലുപ്പവും കൂട്ടുക എന്നിവയും മായം ചേർക്കലാണ്. ഇതിന് കച്ചവടക്കാരെ പ്രേരിപ്പിക്കുന്നതാവട്ടെ കൊള്ളലാഭം കൊയ്യാനുള്ള ആർത്തിയും.
കളറുകൾ,പ്രിസർവേറ്ററുകൾ,ഫ്ലേവറുകൾ തുടങ്ങിയ രാസമായങ്ങളാണ് ഇന്ന് ഭക്ഷ്യവസ്തുക്കളിൽ ചേർക്കുന്നത്. ഇവയാകട്ടെ മറ്റ് ഭൗതിക മായങ്ങളെ അപേക്ഷിച്ചു മാരകവുമാണ്. ഇത്തരം മായം ചേർക്കലുകൾ കണ്ടെത്താനുള്ള സംവിധാനങ്ങളുടെ അപര്യാപ്തതയാണ് ഇന്ന് നമ്മൾ അഭിമുഖീകരിക്കുന്ന ഒരു പ്രധാന സാമൂഹ്യ പ്രശ്നം.ഭക്ഷ്യവസ്തുക്കളിലെ മായംചേർക്കൽ മൂലം ഭക്ഷ്യ വിഷബാധ,വയറു വേദന,ഛർദ്ദി,വിളർച്ച,ഗർഭഛിദ്രം ,പക്ഷാഘാതം,അർബുദം,ബി പി,കൊളസ്‌ട്രോൾ, പ്രമേഹം ഹൃദയാഘാതം,കരൾ -വൃക്ക രോഗങ്ങൾ,ചർമ്മ രോഗങ്ങൾ,പൊണ്ണത്തടി,വന്ധ്യത തുടങ്ങിയ പല ആരോഗ്യപ്രശ്നങ്ങളും ഉണ്ടാകുന്നു.
ശുദ്ധമായ വെളിച്ചെണ്ണ ഇപ്പോൾ സ്വപ്നങ്ങളിൽ മാത്രം.വളരെ വ്യാപകമായി വെളിച്ചെണ്ണയിൽ മായം ചേർക്കപ്പെടുന്നു.മലയാളികൾ തേങ്ങ അരച്ച് വയ്ക്കുന്ന കറികൾ ഇഷ്ടപ്പെടുന്നവരാണ്.കറികളിലും വെളിച്ചെണ്ണ ഉപയോഗിക്കുന്നു.ആരോഗ്യദായകവും ഔഷധ ഗുണവുമുള്ള വെളിച്ചെണ്ണ ഇന്ന് മാർക്കറ്റിൽ ലഭ്യമാകുന്നത് വില കുറഞ്ഞതും ഗുണ നിലവാരമില്ലാത്തതുമായ മറ്റ് എണ്ണകൾ മിക്സ് ചെയ്തിട്ടാണ്.അതായത് വെളിച്ചെണ്ണ നമ്മുടെ ആരോഗ്യത്തിന് ഹാനികരമായ വിധത്തിൽ കച്ചവടവൽക്കരിക്കപ്പെട്ടിരിക്കുന്നു.ഛർദ്ദിയും വയറിളക്കവും മുതൽ ക്യാൻസറും പക്ഷാഘാതവും വരെയുള്ള ഗുരുതരമായ രോഗങ്ങൾക്ക് വെളിച്ചെണ്ണയിലെ മായം ചേർക്കലുകൾ കാരണമാവുന്നു.
ഭക്ഷ്യവസ്തുക്കളിൽ മായം ചേർത്തതായി കണ്ടെത്തുകയോ,അങ്ങനെ സംശയിക്കുകയോ ചെയ്താൽ ഫുഡ് സേഫ്റ്റി ഓഫീസർക്കാണ് പരാതി കൊടുക്കേണ്ടത്.റീജിയണൽ വിജിലൻസ് സ്‌ക്വാഡിനും പരാതിപ്പെടാം. ഫോൺ വഴിയോ രേഖാമൂലമോ പരാതിപ്പെടാവുന്നതാണ്. പരാതിക്കൊപ്പം ഭക്ഷ്യവസ്തുവിന്റെ സാമ്പിൾ വേണമെന്ന് യാതൊരു നിർബന്ധവുമില്ല.ഉപഭോക്താവിന് നേരിട്ട് റീജിയണൽ ലാബുകളിൽ കൊണ്ടുപോയി ഭക്ഷ്യവസ്തു പരിശോധിക്കുകയും ചെയ്യാം.
ജാഗരൂകമായ ഒരു പൊതുസമൂഹവും കാര്യക്ഷമമായ നീതി നിർവ്വഹണ സംവിധാനവുമുണ്ടെങ്കിൽ മാത്രമെ ഈ പ്രശ്നത്തിന് പരിഹാരം കാണാൻ കഴിയൂ.പൊതുജനാരോഗ്യത്തെ ഗുരുതരമായി ബാധിക്കുന്ന മായം ചേർക്കലിനെതിരെ ശക്തമായ നിയമ നടപടികളുമായി മുന്നോട്ട് പോകാനാണ് CHRF ന്റെ തീരുമാനം.
അഡ്വ.ഗണേഷ് പറമ്പത്ത്
നാഷണൽ ചെയർമാൻ
സെൻട്രൽ ഹ്യൂമൻ റൈറ്റ്സ് ഫോറം



Author Coverstory


Comments (0)