കേരളത്തില്‍ ഇന്ന് മുതല്‍ കൂടുതല്‍ ആര്‍ടിപിസിആര്‍ പരിശോധനകള്‍; കൊവിഡ് നിയന്ത്രണം കടുപ്പിക്കും
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മുതല്‍ കൂടുതല്‍ ആര്‍ടിപിസിആര്‍ പരിശോധനകള്‍ നടത്തും. രോഗവ്യാപനം കുതിച്ചുയരുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്. ആര്‍ടിപിസിആര്‍ പരിശോധനകള്‍ കുറച്ചതാണ് കേരളത്തില്‍ മാത്രം കൊവിഡ് സാഹചര്യം രൂക്ഷമാക്കിയതെന്ന് ആരോപണമുയര്‍ന്നിരുന്നു. സംസ്ഥാനത്തെ സ്ഥിതി ആശങ്കാജനകമെന്ന് വിദഗ്ധര്‍ പറയുന്നു. ഒന്‍പത് ജില്ലകളില്‍ ടെസ്റ്റ് പോസിറ്റിവിറ്റി പത്ത് കടന്നു. ദേശീയ ശരാശരിയുടെ ആറിരട്ടിയാണ് കേരളത്തിലെ ടെസ്റ്റ് പോസിറ്റിവിറ്റി. രാജ്യത്ത് മറ്റെല്ലാ സംസ്ഥാനങ്ങളിലും രോഗപ്പകര്‍ച്ച കുത്തനെ കുറയുമ്ബോഴാണ് കേരളത്തില്‍ സ്ഥിതി ഗുരുതരമാകുന്നത്.
പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ നിര്‍ദ്ദേശപ്രകാരം ആര്‍ടിപിസിആര്‍ പരിശോധനയുടെ ആരോഗ്യ അനുപാതം 40% ആക്കി ഉയര്‍ത്തണം. കൊവിഡ് രോഗലക്ഷണങ്ങളുള്ള എല്ലാ പ്രൈമറി കോണ്‍ടാക്റ്റുകളേയും ആര്‍ടിപിസിആര്‍ ഉപയോഗിച്ച് മാത്രമായിരിക്കണം ഇനി പരിശോധിക്കേണ്ടത്. ജലദോഷം, പനി , ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങള്‍ തുടങ്ങി ശക്തമായ കൊവിഡ് ലക്ഷണങ്ങളുള്ള രോഗികള്‍ക്കും ഇനി മുതല്‍ ആര്‍ടിപിസിആര്‍ പരിശോധന നിര്‍ബന്ധമാക്കി. ഇത്തരം കൊവിഡ് ലക്ഷണങ്ങളുമായി വരുന്ന എല്ലാവര്‍ക്കും ഇനി മുതല്‍ ആന്‍്റിജന്‍, ട്രൂനാറ്റ് ടെസ്റ്റുകള്‍ക്ക് പകരം ആര്‍ടിപിസിആര്‍ ടെസ്റ്റുകളായിരിക്കും നടത്തുക.
രോഗലക്ഷണമുള്ള രോഗികളുടെ പ്രാഥമിക പരിശോധനയ്ക്കായി മാത്രം ആന്റിജന്‍ കിറ്റുകള്‍ ഉപയോഗിക്കണമെന്നും കൂടാതെ ആന്റിജന്‍ പരിശോധന നെഗറ്റീവ് ആണെങ്കിലും ആര്‍ടിപിസിആര്‍ ടെസ്റ്റ് നടത്തണമെന്നും ആരോഗ്യവകുപ്പ് നിര്‍ദേശിച്ചിട്ടുണ്ട്. ലക്ഷണമില്ലാത്ത ആളുകളെ പരിശോധിക്കുന്നതിന് ആന്റിജന്‍ കിറ്റുകള്‍ ഉപയോഗിക്കരുതെന്നും പുതിയ മാര്‍ഗ്ഗനിര്‍ദേത്തില്‍ പറയുന്നു.
ലക്ഷണം ഇല്ലാത്ത വ്യക്തികളെ (യാത്രക്കാര്‍ ഉള്‍പ്പെടെ) പരിശോധിക്കേണ്ടതുണ്ടെങ്കില്‍ അതിനും ആര്‍ടിപിസിആര്‍ ടെസ്റ്റിനെ തന്നെ ആശ്രയിക്കണം. നിലവില്‍ കൊവിഡ് രോഗം സ്ഥിരീകരിച്ചവര്‍ക്ക് പത്ത് ദിവസം കഴിഞ്ഞ് ആന്‍്റിജന്‍ പരിശോധന നടത്തി നെഗറ്റീവായാല്‍ വീട്ടിലേക്ക് പോകാന്‍ അനുവദിക്കുന്നുണ്ട്. ഈ രീതി തന്നെ ഇനിയും തുടരാനാണ് മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നത്.
സംസ്ഥാനത്ത് കൊവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കാനും തീരുമാനിച്ചിട്ടുണ്ട്. നിയന്ത്രണങ്ങളിലെ ഇളവ് രോഗ വ്യാപനത്തിന് കാരണമായെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. പൊതുപരിപാടികള്‍ സംഘടിപ്പിക്കുമ്ബോള്‍ കൊവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണം. ശാരീരിക അകലവും മാസ്‌ക്കും നിര്‍ബന്ധമാക്കും. മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടോ എന്ന് നിരീക്ഷിക്കുന്നതിന് പൊലീസിനെ നിയോഗിക്കാനും തീരുമാനിച്ചു. കണ്ടെയിന്റ്‌മെന്റ് സോണുകളില്‍ നിയന്ത്രണങ്ങള്‍ കൂടുതല്‍ കര്‍ക്കശമായിരിക്കും. ഫെബ്രുവരി പകുതിയോടെ രോഗവ്യാപനം കാര്യമായി കുറയ്ക്കാനാണ് സര്‍ക്കാര്‍ പരിശ്രമിക്കുന്നത്.
Comments (0)