കനത്ത മഴയിലെ വെള്ളക്കെട്ടില്‍ ബംഗളൂരു നഗരം ; വൈദ്യുതി ലൈനുകള്‍ പൊട്ടി വീണു ; ദുരിതത്തിലായി ജനങ്ങള്‍

കനത്ത മഴയിലെ വെള്ളക്കെട്ടില്‍ ബംഗളൂരു നഗരം ; വൈദ്യുതി ലൈനുകള്‍ പൊട്ടി വീണു ; ദുരിതത്തിലായി ജനങ്ങള്‍

ബംഗളൂരു : കനത്ത മഴയില്‍ മുങ്ങി ബംഗളൂരു നഗരം. നഗരത്തിലെ റോഡുകളിലും അപ്പാര്‍ട്ട്മെന്റുകളിലും വെള്ളം കയറുകയും വൈദ്യുതി ലൈനുകള്‍ പൊട്ടി വീഴുകയും ചെയ്തു. റോഡുകളില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് ഗതാഗതം സ്തംഭിച്ചു. റോഡുകള്‍ പുഴയ്ക്ക് സമാനമായതോടെ രക്ഷാപ്രവര്‍ത്തനത്തിനായി ബോട്ടുകള്‍ ഇറക്കി. നഗരത്തിലെ നദികള്‍ കരകവിഞ്ഞൊഴുകുകയാണ്. 4000 ഓളം വീടുകളും അപ്പാര്‍ട്ട്മെന്റുകളുമാണ് വെള്ളത്തിനടിയില്‍ ആയിരിക്കുന്നത്. നിരവധി പേര്‍ വീടുകളില്‍ കുടുങ്ങി കിടക്കുകയാണ്. ഇവരെ പുറത്ത് എത്തിക്കാനുള്ള രക്ഷാപ്രവര്‍ത്തനങ്ങള്‍ തുടരുന്നുണ്ട്. മഴ തുടരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതിന് പിന്നാലെ ജനങ്ങളോട് സുരക്ഷിത സ്ഥാനത്തേക്ക് മാറാന്‍ അധികാരികള്‍ ആവശ്യപ്പെട്ടു. ഒരാഴ്ചയ്ക്കിടെ ഇത് രണ്ടാം തവണയാണ് ബംഗളൂരുവില്‍ മഴക്കെടുതി രൂക്ഷമാകുന്നത്. അതേസമയം ചൊവ്വാഴ്ച നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ ജലവിതരണം തടസ്സപ്പെടുമെന്ന് ബാംഗ്ലൂര്‍ വാട്ടര്‍ സപ്ലൈ ആന്‍ഡ് മലിനജല ബോര്‍ഡ് മുന്നറിയിപ്പ് നല്‍കി. താല്‍ക്കാലിക ടാങ്കറുകള്‍ കുടിവെള്ള വിതരണത്തിനായി ഏര്‍പ്പെടുത്തിയിട്ടുണ്ട്. ടാപ്പ് വഴിയുള്ള ജലവിതരണം നിര്‍ത്തിവച്ച പ്രദേശങ്ങളിലേക്കാണ് ഇവ വിതരണം ചെയ്യുക. ഉദ്യോഗസ്ഥര്‍ മാണ്ഡ്യ ജില്ലയില്‍ പമ്ബിംഗ് സ്റ്റേഷനില്‍ നിന്ന് വെള്ളം വറ്റിക്കുന്ന തിരക്കിലാണ്. സ്ഥിതി നിയന്ത്രണവിധേയമാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും മുഖ്യമന്ത്രി ബൊമ്മൈ പറഞ്ഞു. നഗരത്തില്‍ അടുത്തിടെ പെയ്ത മഴ അസാധാരണമാണെന്ന് ഐടി മന്ത്രി ഡോ. സിഎന്‍ അശ്വത്നാരായണന്‍ വ്യക്തമാക്കി. ബൊമ്മൈയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ പ്രശ്‌നം നിരീക്ഷിക്കുകയും എത്രയും വേഗം പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കഠിനമായി പരിശ്രമിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.