മതചിഹ്നങ്ങളും പേരുകളും ഉപയോഗിക്കുന്ന രാഷ്ട്രീയ പാര്‍ട്ടികളെ നിരോധിക്കണമെന്ന് ഹര്‍ജി
ന്യൂഡല്‍ഹി : മതചിഹ്നങ്ങളും പേരുകളും ഉപയോഗിക്കുന്ന രാഷ്ട്രീയ പാര്‍ട്ടികളെ നിരോധിക്കണമെന്ന റിട്ട് ഹര്‍ജിയില്‍ തെരഞ്ഞെടുപ്പ് കമ്മീഷന് സുപ്രീംകോടതി നോട്ടീസ് അയച്ചു. ഒക്‌ടോബര്‍ 18നകം മറുപടി നല്‍കണം. ഹര്‍ജിയില്‍ നിലപാട് അറിയിക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും അവസരമുണ്ട്. മതാടിസ്ഥാനത്തിലോ പ്രീണനം വഴിയോ വോട്ട് തേടുന്നത് വിലക്കുന്ന ജനപ്രാതിനിധ്യ നിയമത്തിലെ വിവിധ വകുപ്പുകള്‍ ഈ വിഷയത്തില്‍ ബാധകമാക്കണമെന്ന് ആവശ്യപ്പെട്ട് സയ്യിദ് വസീം റിസ്‌വിയാണ് ഹര്‍ജി നല്‍കിയത്. രണ്ട് അംഗീകൃത സംസ്ഥാന പാര്‍ട്ടികളുടെ പേരില്‍ 'മുസ്ലിം' ഉണ്ടെന്ന് പരാതിക്കാരനുവേണ്ടി ഹാജരായ അഭിഭാഷകന്‍ ഗൗരവ് ഭാട്ടിയ ജസ്റ്റിസുമാരായ എം ആര്‍ ഷാ, കൃഷ്ണ മുരാരി എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ചിനെ ബോധിപ്പിച്ചു. ചില പാര്‍ട്ടികള്‍ ചന്ദ്രക്കലയും നക്ഷത്രവും പാര്‍ട്ടി പതാകയില്‍ ഉപയോഗിക്കുന്നു. ചില പാര്‍ട്ടികളുടെ പേരിന് സമുദായച്ചുവയാണ്. മതനിരപേക്ഷതയാണ് രാജ്യത്തിന്റെ അടിസ്ഥാന സ്വഭാവമെന്ന് എസ് ആര്‍ ബൊമ്മെ കേസില്‍ സുപ്രീംകോടതി വ്യക്തമാക്കിയിട്ടുണ്ട്. ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിം ലീഗ്, ഹിന്ദു ഏകതാ ദള്‍ തുടങ്ങിയ പാര്‍ട്ടികള്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് ജസ്റ്റിസ് എം ബി ഷാ പരാമര്‍ശിച്ചു. മതപരമായ പേരുള്ള ഒരു പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥി വോട്ടു ചോദിക്കുന്നത് ജനപ്രാതിനിധ്യ നിയമത്തിനും മതനിരപേക്ഷതക്കും എതിരാണെന്ന് ഗൗരവ് ഭാട്ടിയ പറഞ്ഞു. ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിം ലീഗിന്റെ കാര്യമെടുത്താല്‍, അവര്‍ക്ക് ലോക്‌സഭയിലും രാജ്യസഭയിലും കേരള നിയമസഭയിലും അംഗങ്ങളുണ്ട്. ഇത് മാതൃക പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണ്. രാഷ്ട്രീയം മലീമസമാക്കുന്നത് നാം കാണേണ്ടതുണ്ടോയെന്നും ഹര്‍ജിക്കാരന്റെ അഭിഭാഷകന്‍ ചോദിച്ചു.
Comments (0)