ഗെലോട്ടിനെ മുഖ്യമന്ത്രി സ്ഥാനത്തു നിന്നും മാറ്റാന്‍ ഗൂഢാലോചന

ഗെലോട്ടിനെ മുഖ്യമന്ത്രി സ്ഥാനത്തു നിന്നും മാറ്റാന്‍ ഗൂഢാലോചന

ന്യൂഡല്‍ഹി : രാജസ്ഥാനിലുണ്ടായത് കടുത്ത അച്ചടക്ക ലംഘനമെന്ന് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് നിയോഗിച്ച കേന്ദ്ര നിരീക്ഷകനായ അജയ് മാക്കന്‍. അശോക് ഗെലോട്ടിന്റെ അനുയായികളായ മന്ത്രിമാരും എംഎല്‍എമാരും കാണിച്ചത് അച്ചടക്കലംഘനമാണ്. എംഎല്‍എമാരെ ഒറ്റയ്ക്കൊറ്റയ്ക്ക് കണ്ട് അഭിപ്രായങ്ങള്‍ ആരായാനാണ് ഹൈക്കമാന്‍ഡ് നിര്‍ദേശിച്ചത്. എന്നാല്‍ ഒറ്റയ്ക്കൊറ്റയ്ക്ക് കാണാന്‍ എംഎല്‍എമാര്‍ കൂട്ടാക്കിയില്ല. എന്നു മാത്രമല്ല മൂന്ന് നിബന്ധനകള്‍ പാര്‍ട്ടിക്ക് മുന്നില്‍ വെക്കുകയാണ് ഇവര്‍ ചെയ്തതെന്നും മാക്കന്‍ പറഞ്ഞു. പാര്‍ട്ടി അധ്യക്ഷനെ തിരഞ്ഞെടുത്തതിനുശേഷം മതി കോണ്‍ഗ്രസ് നിയമസഭാ കക്ഷി നേതാവിനെ തീരുമാനിക്കല്‍, 2020ലെ പ്രതിസന്ധി സമയത്ത് കൂടെനിന്ന 102 എംഎല്‍എമാരില്‍ നിന്നൊരാളാവണം മുഖ്യമന്ത്രി, എംഎല്‍എമാരെ ഒറ്റയ്ക്കൊറ്റയ്ക്ക് കാണുന്നതിനുപകരം കൂട്ടമായി കാണണം എന്നിവ. ഇത് സ്ഥാപിത താത്പര്യമാണ്. കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗത്തിന്റെ സമയത്ത് സമാന്തരയോഗം ചേര്‍ന്നത് അച്ചടക്ക ലംഘനമാണെന്നും അജയ് മാക്കന്‍ പറഞ്ഞു. അതേസമയം വിമതപക്ഷത്തിനൊപ്പം ചേര്‍ന്ന് അജയ് മാക്കന്‍ ഗൂഢാലോചന നടത്തിയെന്നാണ് ഗെലോട്ട് പക്ഷം ആരോപിക്കുന്നത്. പാര്‍ട്ടി വഞ്ചകര്‍ക്ക് മുഖ്യമന്ത്രി പദവി നല്‍കാനാവില്ല. ചതിയന്മാരെ ആദരിക്കുന്നത് അംഗീകരിക്കാനാവില്ല. അശോക് ഗെലോട്ടിനെ മുഖ്യമന്ത്രിസ്ഥാനത്തു നിന്നും മാറ്റാന്‍ ഗൂഢാലോചന നടന്നുവെന്നും ഗെലോട്ട് പക്ഷക്കാരനായ മന്ത്രി ശാന്തി ധരിവാള്‍ ആരോപിച്ചു. ഗെലോട്ടിനെ മുഖ്യമന്ത്രി സ്ഥാനത്തു നിന്നും മാറ്റാന്‍ നൂറുശതമാനം ഗൂഢാലോചന നടന്നു. ഇതില്‍ സംസ്ഥാനത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി അജയ് മാക്കനും പങ്കാളിയാണ്. എംഎല്‍എമാരുടെ അഭിപ്രായം തേടാതെയാണ് സച്ചിനെ പകരം മുഖ്യമന്ത്രിയാക്കാന്‍ നീക്കം നടത്തിയത്. മുമ്ബ് സച്ചിന്‍ പക്ഷം സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ശ്രമിച്ചപ്പോള്‍ കോണ്‍ഗ്രസിനൊപ്പം ഉറച്ചു നിന്നവരാണ് താനടക്കമുള്ള 102 എംഎല്‍എമാര്‍. ഇവരില്‍ നിന്നും ഒരാളാകണം അടുത്ത മുഖ്യമന്ത്രിയെന്നും ശാന്തി ധരിവാള്‍ ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയെ അധ്യക്ഷ സോണിയഗാന്ധി തീരുമാനിക്കുമെന്ന ഒറ്റവരി പ്രമേയം നിയമസഭാ കക്ഷിയോഗത്തില്‍ പാസ്സാക്കാമെന്ന പ്രതീക്ഷയോടെയാണ് കേന്ദ്രനിരീക്ഷകരായ മല്ലികാര്‍ജുന്‍ ഖാര്‍ഗെയും അജയ് മാക്കനും ഞായറാഴ്ച ജയ്പൂരിലെത്തിയത്. എന്നാല്‍ തീര്‍ത്തും നാടകീയരംഗങ്ങളാണുണ്ടായത്. മന്ത്രി ശാന്തി ധരിവാളിന്റെ വീട്ടില്‍ ഒത്തുകൂടിയ ഗെലോട്ട് പക്ഷത്തെ എതിര്‍ പ്രമേയം പാസാക്കി. സച്ചിന്‍ പൈലറ്റിനെ മുഖ്യമന്ത്രിയാക്കിയാല്‍ രാജിവെക്കുമെന്ന് 92 എംഎല്‍എമാര്‍ ഭീഷണി മുഴക്കി. മുഖ്യമന്ത്രിയെ സോണിയ തിരഞ്ഞെടുക്കണമെന്നുള്ള പ്രമേയത്തില്‍, അത് അധ്യക്ഷ തിരഞ്ഞെടുപ്പിനുശേഷം മതിയെന്ന നിബന്ധനയും ചേര്‍ത്തു. ഗെലോട്ട് അധ്യക്ഷനായാല്‍ തങ്ങള്‍ക്കിഷ്ടമുള്ള ആളെ മുഖ്യമന്ത്രിയാക്കും എന്ന ധ്വനിയോടെയുള്ള പ്രമേയത്തെ നേതൃത്വത്തോടുള്ള അവഹേളനമെന്നാണ് അജയ് മാക്കന്‍ വിശേഷിപ്പിച്ചത്. സ്പീക്കര്‍ സി പി ജോഷി, മന്ത്രി ശാന്തി ധരിവാള്‍ എന്നിവര്‍ക്കെതിരേ അച്ചടക്കലംഘനത്തിന് നോട്ടീസ് നല്‍കിയതായി സൂചനയുണ്ട്. തന്റെ വിശ്വസ്തരായ സി പി ജോഷി, ഗോവിന്ദ് സിങ് ദൊതാസറ, ബി ഡി കല്ല എന്നിവരിലൊരാളെ മുഖ്യമന്ത്രിയാക്കണമെന്നാണ് ഗെലോട്ടിന്റെ ആവശ്യം. മന്ത്രി ശാന്തി ധരിവാളിനും കസേരയില്‍ നോട്ടമുണ്ട്.