കോമയിലാണെന്ന് കരുതി മരിച്ചുപോയ ഭര്‍ത്താവിന്റെ മൃതദേഹത്തെ 18 മാസത്തോളം വീട്ടില്‍ ശുശ്രൂഷിച്ച് ഭാര്യ

കോമയിലാണെന്ന് കരുതി മരിച്ചുപോയ ഭര്‍ത്താവിന്റെ മൃതദേഹത്തെ 18 മാസത്തോളം വീട്ടില്‍ ശുശ്രൂഷിച്ച് ഭാര്യ

ലഖ്‌നോ : കോമയിലാണെന്ന് കരുതി മരിച്ചുപോയ ഭര്‍ത്താവിന്റെ മൃതദേഹത്തെ 18 മാസത്തോളം വീട്ടില്‍ ശുശ്രൂഷിച്ച് ഭാര്യ. ഉത്തര്‍പ്രദേശിലെ കാണ്‍പൂരിലാണ് സംഭവം. ഭാര്യക്ക് മാനസികാസ്വാസ്ഥ്യമുള്ളതായി പൊലീസ് പറഞ്ഞു. 2021 ഏപ്രില്‍ 22ന് പെട്ടന്നുണ്ടായ കാര്‍ഡിയാക് റെസ്പിറേറ്ററി സിന്‍ഡ്രോം മൂലമാണ് ആദായനികുതി വകുപ്പ് ജീവനക്കാരനായ ദീക്ഷിത് മരിച്ചത്. ഭര്‍ത്താവ് കോമയില്‍ നിന്നും കരകയറാന്‍ ഭാര്യ ദിവസവും അദ്ദേഹത്തിന്റെ ശരീരത്തില്‍ ഗംഗാജലം തളിക്കുമായിരുന്നു. ഒരു സ്വകാര്യ ആശുപത്രി ഇദ്ദേഹത്തിന്റെ മരണ സര്‍ട്ടിഫിക്കറ്റ് ബന്ധുക്കള്‍ക്ക് നല്‍കിയിരുന്നതായി പൊലീസ് അറിയിച്ചു. ഡോക്ടര്‍മാര്‍ മരണം സ്ഥിരീകരിച്ചിട്ടും ബന്ധുക്കള്‍ ദീക്ഷിത് കോമയിലാണെന്നവകാശപ്പെട്ട് മൃതദേഹം അടക്കാന്‍ തയാറായില്ലെന്ന് ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ. അലോക് രഞ്ജന്‍ പറഞ്ഞു. കുടുംബത്തിന്റെ പെന്‍ഷന്‍ നടപടികള്‍ ഒരിഞ്ച് പോലും നീങ്ങുന്നില്ലെന്നും വിഷയം അന്വേഷിക്കണമെന്നും ആദായനികുതി ഉദ്യോഗസ്ഥര്‍ വിവരമറിയിച്ചതിനെ തുടര്‍ന്നാണ് സംഭവം പുറത്തറിയുന്നത്. പൊലീസുകാര്‍ക്കും മജിസ്ട്രേറ്റിനുമൊപ്പം ആരോഗ്യ ഉദ്യോഗസ്ഥരുടെ ഒരു സംഘം വെള്ളിയാഴ്ച ദീക്ഷിതിന്റെ വീട്ടിലെത്തി. എന്നാല്‍ ഭര്‍ത്താവ് ജീവനോടെയുണ്ടെന്നും കോമയിലാണെന്നും ഭാര്യ തര്‍ക്കിച്ച് കൊണ്ടേയിരുന്നെന്ന് പൊലീസ് പറഞ്ഞു. പൊലീസിന്റെയും ആരോഗ്യ പ്രവര്‍ത്തകരുടെയും നിര്‍ബന്ധത്തെ തുടര്‍ന്ന് മൃതദേഹം ആശുപത്രിയിലേക്ക് മാറ്റാന്‍ കുടുംബം അനുവദിച്ചു. അഴുകിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ദീക്ഷിത് കോമയിലാണെന്നാണ് അയല്‍വാസികളോടും ഇവര്‍ പറഞ്ഞിരുന്നതെന്ന് പൊലീസ് കൂട്ടിച്ചേര്‍ത്തു. സംഭവം വിശദമായി അന്വേഷിക്കുമെന്ന് കാണ്‍പൂര്‍ പൊലീസ് അറിയിച്ചു.