കെ സുരേന്ദ്രന്റെ മകള്‍ക്കെതിരായ അശ്ലീല പരാമര്‍ശം വ്യാജ വിലാസത്തില്‍ നിന്ന്; ആരോപണം നിഷേധിച്ച്‌ അജ്‌നാസ്

കെ സുരേന്ദ്രന്റെ മകള്‍ക്കെതിരായ അശ്ലീല പരാമര്‍ശം വ്യാജ വിലാസത്തില്‍ നിന്ന്; ആരോപണം നിഷേധിച്ച്‌ അജ്‌നാസ്

ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്റെ മകള്‍ക്കെതിരെ അശ്ലീല പരാമര്‍ശം നടത്തിയ സംഭവത്തില്‍ വിശദീകരണവുമായി ആരോപണ വിധേയനായ അജ്‌നാസ്. തന്റെ പേരിലുള്ള വ്യാജ വിലാസത്തില്‍ നിന്നാണ് കമന്റ് വന്നതെന്ന് അജ്‌നാസ് പറഞ്ഞു. ഇക്കാര്യം താന്‍ അറിഞ്ഞിരുന്നില്ലെന്നും അജിനാസ് വ്യക്തമാക്കി.

ഇതിനുള്ള തെളിവുകള്‍ തന്റെ പക്കലുണ്ട്. സംഭവത്തില്‍ പിതാവ് ക്ഷമാപണം നടത്തിയ വാര്‍ത്ത തെറ്റാണ്. ഇതുമായി ബന്ധപ്പെട്ട് ഖത്തര്‍ പൊലീസിനും സൈബര്‍ പൊലീസിനും ഇന്ത്യന്‍ എംബസിക്കും പരാതി നല്‍കുമെന്നും അജിനാസ് പറഞ്ഞു. കഴിഞ്ഞ ദിവസം അജിനാസിനെ കസ്റ്റഡിയില്‍ എടുത്തിരുന്നു. പേരാമ്ബ്ര സ്വദേശിയായ അജിനാസിനെ ഖത്തര്‍ പൊലീസ് കസ്റ്റഡിയില്‍ എടുത്തുവെന്ന് ഖത്തര്‍ ന്യൂസായിരുന്നു റിപ്പോര്‍ട്ട് ചെയ്തത്.

കഴിഞ്ഞദിവസം കെ സുരേന്ദ്രന്‍ ഫേസ്ബുക്കിലിട്ട ഫോട്ടോയ്ക്ക് കീഴിലാണ് അജ്‌നാസ് എന്നയാള്‍ അശ്ലീലപരാമര്‍ശം നടത്തിയത്. ഇതിനെതിരെ രൂക്ഷവിമര്‍ശനവുമായി പാര്‍ട്ടി സംസ്ഥാന വക്താവ് സന്ദീപ് വാര്യര്‍ രംഗത്തെത്തിയിരുന്നു. അസഭ്യം പറഞ്ഞവരെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് ബിജെപിക്ക് അറിയാമെന്നും അവരെ വെറുതെ വിടാന്‍ ഉദേശിക്കുന്നില്ലെന്നുമായിരുന്നു സന്ദീപ് വാര്യരുടെ പ്രതികരണം.

പിന്നാലെ അജിനാസിന്റെ വീട്ടിലേക്ക് ബിജെപി പ്രവര്‍ത്തകര്‍ മാര്‍ച്ച്‌ നടത്തിയിരുന്നു. അദ്ദേഹത്തിന്റെ പിതാവിന് താക്കീത് നല്‍കിയാണ് ബിജെപി പ്രവര്‍ത്തകര്‍ മടങ്ങിയത്. 'ഈ പ്രതികരണമൊന്നുമല്ല ഉണ്ടാകേണ്ടത്. അറിയാല്ലോ, അതിനുള്ള ആള്‍ക്കാരും സംവിധാനവും ഇവിടെ തന്നെയുണ്ടാവും.' എന്നായിരുന്നു ബിജെപി പ്രവര്‍ത്തകര്‍ പറഞ്ഞത്. അജ്‌നാസിനെ തങ്ങള്‍ ഫോണില്‍ ബന്ധപ്പെട്ടെന്നും അവന്‍ പറഞ്ഞത് താന്‍ അല്ല, അങ്ങനെയൊരു പരാമര്‍ശം നടത്തിയതെന്നാണ്. അവന്‍ അല്ലെങ്കില്‍ കുഴപ്പമില്ല. ആണെങ്കില്‍ നിയമപരമായും അല്ലാതെയും നേരിടുമെന്നും ബിജെപിക്കാര്‍ മുന്നറിയിപ്പായി പറഞ്ഞിരുന്നു.

ഖത്തര്‍ ആഭ്യന്തരമന്ത്രാലയത്തിന്റെ ഫേസ്ബുക്ക് പേജിലും അജ്‌നാസിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട് ബിജെപിപ്രവര്‍ത്തകര്‍ കമന്റ് പ്രവാഹങ്ങള്‍ നടത്തുന്നുണ്ട്. കേരളത്തിലെ രാഷ്ട്രീയപാര്‍ട്ടിയുടെ സംസ്ഥാന നേതാവിന്റെ മകള്‍ക്കെതിരെ അശ്ലീലപരാമര്‍ശം നടത്തിയ അജ്‌നാസിനെതിരെ നടപടി സ്വീകരിക്കണമെന്നും രാജ്യത്ത് നിന്ന് പുറത്താക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു.