കേരളത്തിനുള്ള ആദ്യ ബാച്ച്‌ കൊവിഡ് വാക്‌സിന്‍ കൊച്ചിയിലെത്തി, വൈകുന്നേരം തിരുവനന്തപുരത്തെത്തും

കേരളത്തിനുള്ള ആദ്യ ബാച്ച്‌ കൊവിഡ് വാക്‌സിന്‍ കൊച്ചിയിലെത്തി, വൈകുന്നേരം തിരുവനന്തപുരത്തെത്തും

കൊച്ചി:കേരളത്തിനുള്ള ആദ്യ ബാച്ച്‌ കവിഡ് വാക്‌സിന്‍ കൊച്ചിയിലെത്തി. മുംബയില്‍ നിന്നുള്ള ഗോ എയര്‍ വിമാനത്തിലാണ് വാക്‌സിന്‍ നെടുമ്ബാശ്ശേരി വിമാനത്താവളത്തിലെത്തിച്ചത്. ശീതീകരിച്ച പ്രത്യേക വാഹനത്തില്‍ എറണാകുളം ജനറല്‍ ആശുപത്രിയിലെ റീജനല്‍ വാക്സിന്‍ സ്റ്റോറില്‍ എത്തിക്കും.

ഗേറ്റ് നമ്ബര്‍ നാലിലൂടെയാണ് കേരളത്തിലേക്കുള്ള വാക്‌സിന്‍ വിമാനത്താവളത്തില്‍ നിന്നും പുറത്തെത്തിച്ചത്. ഉച്ചയോടെ മറ്റ് ജില്ലകളിലേക്ക് കൊണ്ടുപോകും. ബിജെപി ജില്ലാ പ്രസിഡന്റടക്കമുള്ളവര്‍ എത്തി വാക്‌സിന്‍ കൊണ്ടുപോകുന്ന വാഹനത്തില്‍ മാല ചാര്‍ത്തിയാണ് സ്വീകരിച്ചത്.

1,33,500 ഡോസ് കൊവിഷീല്‍ഡ് വാക്‌സിനാണ് കൊച്ചിയിലെത്തിച്ചത്

പത്ത് പെട്ടി വാക്‌സിന്‍ റോഡ് മാര്‍ഗം കോഴിക്കോട്ടേക്ക് കൊണ്ടുപോകും. കനത്ത പൊലീസ് സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. രണ്ടാമത്തെ ബാച്ച്‌ വാക്സിനുമായി വിമാനം വൈകുന്നേരം ആറ് മണിക്ക് തിരുവനന്തപുരത്തെത്തും.

ജനുവരി 16നാണ് വാക്‌സിനേഷന്‍ തുടങ്ങുന്നത്. ഇതിനായി റീജിയണല്‍ സ്റ്റോറുകളില്‍ നിന്ന് പ്രത്യേക വാഹനങ്ങളില്‍ സംസ്ഥാനത്തുടനീളമുള്ള 133 വാ‌ക്സിനേഷന്‍ കേന്ദ്രങ്ങളിലെത്തിക്കും.ആദ്യഘട്ടത്തില്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്കാണ് കുത്തിവയ്‌പ്. 3,62,870 പേരാണ് വാ‌ക്സിനേഷന് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. എല്ലാ കേന്ദ്രങ്ങളിലും വെബ്കാസ്റ്റിംഗ് ഉണ്ടാവും.ഒരു കേന്ദ്രത്തില്‍ ഒരു ദിവസം 100 പേര്‍ക്ക് വാക്‌സിന്‍ കുത്തിവയ്ക്കും.