ട്വന്റി : 20 അശ്വമേധം : തകരുന്നത് കോണ്‍ഗ്രസ്‌ - അജിതാ ജയ്‌ഷോര്‍

ട്വന്റി : 20  അശ്വമേധം  : തകരുന്നത് കോണ്‍ഗ്രസ്‌ - അജിതാ ജയ്‌ഷോര്‍

കിഴക്കമ്പലത്ത് ഉദയം കൊണ്ട് ജില്ലയില്‍ ആകമാനം വ്യാപകമാകുന്ന ട്വന്റി 20 കൂട്ടായ്മ ഏറ്റവും കൂടുതല്‍ ബാധിക്കുന്നത് കോണ്‍ഗ്രസ്‌ ഉള്‍പ്പെടുന്ന ജനാധിപത്യ മുന്നണിക്ക് ; കിഴക്കമ്പലം പഞ്ചായത്ത് ഭരണം പിടിച്ചെടുത്ത് പതിയെ കുന്നത്തുനാട് മണ്ഡലം കീഴടക്കി മുന്നേറുന്നട്വന്റി 20 കൂട്ടുകെട്ട് നിയമസഭ മണ്ഡലത്തിന്‍റെ പകുതി ഭാഗധേയം പ്രകടമാകുന്ന ജില്ലാ പഞ്ചായത്ത് ട്വന്റി 20 കൂട്ടായ്മ നേടികഴിഞ്ഞു.അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ തിരഞ്ഞെടുത്ത 17 മണ്ഡലങ്ങളില്‍ മത്സരിക്കാന്‍ കൂട്ടായ്മ തീരുമാനിച്ചു കഴിഞ്ഞു.തികച്ചും പ്രൊഫഷണലായി തികഞ്ഞ ആസൂത്രണത്തോടെയാണ് ജനാധിപത്യ പ്രക്രിയയുടെ അച്ചുതണ്ട് കീഴടക്കാന്‍ കൂട്ടായ്മ തയ്യാറെടുക്കുന്നത്.അതിനായി മാധ്യമങ്ങളിലൂടെ പരസ്യം നൽകി അംഗങ്ങളെ കൂട്ടായ്മയിലാക്കി അധികാരകേന്ദ്രങ്ങൾ ഉറപ്പിക്കാൻ നീക്കം തുടങ്ങിക്കഴിഞ്ഞു. ഇതിനകം തന്നെ ആലുവ, എറണാകുളം മേഖലകളിൽ നിന്ന് കോൺഗ്രസിന്റെ പല പ്രധാന പ്രവർത്തകരും ട്വന്റി 20 യിൽ ചേർന്നു കഴിഞ്ഞു. കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ നിന്നോ ബിജെപിയിൽ നിന്നോ എത്തുന്നവരുടെ എണ്ണം വളരെ കുറവാണ്. ആ നിലയ്ക്ക് കോൺഗ്രസിന് കിട്ടേണ്ട വോട്ടുകളാണ്  പൂർണമായും നഷ്ടപ്പെടുന്നത്. കൂടാതെ നിഷ്പക്ഷ വോട്ടുകളും കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ വോട്ടുകൾ ഒന്നുംതന്നെ നഷ്ടപ്പെടുന്നുമില്ല. അരാഷ്ട്രീയവാദികളെന്ന് കുറ്റപ്പെടുത്തുന്നവര്‍  ഇതുവരെ ഭരിച്ച ഇടതും വലതും മുന്നണികള്‍ ജനങ്ങളെ നിരാശരാക്കിയതിനാലും അധികാരമോഹികളായ ബിജെപിക്കാർക്ക് ഒന്നും ചെയ്യാനില്ല എന്ന കണ്ടെത്തലുകളുമാണ് പുതിയ ഒരു മുന്നേറ്റത്തില്‍  ജനം പങ്കുചേരുന്നത്. ഭാവിയിലെ  ഒരു കമ്പനി ഭരണമാണ് ട്വന്റി 20 എന്നു പറയുന്നവർ നാളിതുവരെ ജനങ്ങൾക്ക് എന്താണ് നൽകാതിരുന്നത് അത് ട്വന്റി 20 നൽകുന്നു എന്ന് അവരെ ബോധ്യപ്പെടുത്താൻ അവര്‍ക്ക്  കഴിഞ്ഞു എന്നതാണ് ട്വന്റി 20 യുടെ പുതിയ മേച്ചിൽ പുറങ്ങളിലേക്ക് ഉള്ള പടയോട്ടം കാണിക്കുന്നത്. രാഷ്ട്രീയമായി നോക്കിയാൽ കോൺഗ്രസിന് കനത്ത തിരിച്ചടിയാണ് ഇനിയുള്ള നാളുകളിൽ എറണാകുളം ജില്ലയിലും ഭാവി കേരളത്തിലും കാണുന്നത്.