തുടി കൊട്ടി ,പാട്ടുപാടി പണിയ കോളനികള്‍
ബത്തേരി: വനവാസി വിഭാഗമായ പണിയ സമുദായക്കാർ താമസിക്കുന്ന തീണൂർ കോളനിയിലെ നഞ്ചിക്കും കുട്ടിക്കും ബിജെപി അധ്യക്ഷൻ കെ. സുരേന്ദ്രൻ ഊരിലേക്ക് വന്നപ്പോൾ ഏറെ സന്തോഷം. പണിയ വിഭാഗത്തിന്റെ പരമ്പരാഗത രീതിയിൽ പാരമ്പര്യ ഭക്ഷ്യവിഭവങ്ങളൊരുക്കി അവർ സുരേന്ദ്രനെ വരവേറ്റു.
വിജയ യാത്രയുടെ ഭാഗമായി വയനാട്ടിലെ സുൽത്താൻ ബത്തേരിയിലെത്തിയ കെ. സുരേന്ദ്രൻ തീനൂർ കേദാർ വനവാസി കോളനിയിൽ നിന്നാണ് യാത്രയാരംഭിച്ചത്. തുടി കൊട്ടിയും പരമ്പരാഗത നൃത്തം ചവിട്ടിയുമാണ് അവർ അദ്ദേഹത്തെ വരവേറ്റത്. ഊരിലെ മുഴുവൻ താമസക്കാരും കുട്ടികളും സ്ത്രീകളും ഒന്നിച്ചെത്തിയായിരുന്നു സ്വീകരണം. സുരേന്ദ്രനൊപ്പം നേതാക്കളായ സി. കൃഷ്ണകുമാർ, നാരായണൻ നമ്പൂതിരി , പ്രശാന്ത് മലവയൽ, പി.ജി. ആനന്ദകുമാർ, മോഹൻദാസ് തുടങ്ങിയവരുമായിരുന്നു.നഞ്ചിയുടെ കുടിലിനു മുന്നിൽ ഇലയിട്ട് ഭക്ഷണം വിളമ്പി.ഇഡ്ഡലിയും ദോശയും പരമ്പരാഗത രുചിയിൽ താളും കാന്താരിയും കൂട്ടി തയാറാക്കിയ ചമ്മന്തിയും മത്തങ്ങാക്കറിയുമായിരുന്നു വിഭവങ്ങൾ. ഒപ്പം നല്ല വയനാടൻ തേയിലയുടെ ചായയും.
നഞ്ചിക്ക് പ്രായം എത്രയെന്നറിയില്ല. കുട്ടിയോട് ചോദിച്ചാൽ പത്തെഴുപതായെന്ന് പറയും. ജീവിതം എങ്ങനെയെന്ന് ചോദിക്കുമ്പോൾ മുറുക്കിച്ചുവപ്പിച്ച വായ തുറന്ന് ചിരിക്കും. ഓർമ വച്ച കാലം മുതൽ ഇങ്ങനെയൊക്കെയങ്ങ് ജീവിക്കുന്നെന്ന് ഉത്തരം.തങ്ങളുടെ നേതാവിനെ അടുത്ത് കിട്ടിയപ്പോൾ കോളനി വാസികൾക്ക് പറയാൻ പാതികളും ദുരിത കഥകളുമേറെയുണ്ടായി.ചിലർ നിവേദനങ്ങൾ നൽകി. കുടി വെള്ളമില്ലാത്തതും ശൗചാലയങ്ങൾ ഇല്ലാത്തതുമൊക്കെ പരാതിയായി വന്നു. കേന്ദ്രത്തിലെ നരേന്ദ്ര മോദിസർക്കാർ ഇതിനെല്ലാം കേരളത്തിന് പണം നൽകുന്നുണ്ടെങ്കിലും അതെല്ലാം വക മാറ്റി ചെലവിടുന്നെന്ന് കെ. സുരേന്ദ്രൻ പറഞ്ഞു.വനവാസി ക്ഷേമത്തിനായി അനുവദിക്കുന്ന കോടികൾ സംസ്ഥാന സര്‍ക്കാര്‍ വക മാറ്റുകയും ധൂര്‍ത്തടിക്കുകയും ചെയ്യുന്നു.
കോളനിക്കാരോട് വീണ്ടും വരാമെന്നും പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഇടപെടാമെന്നും പറഞ്ഞിറങ്ങുമ്പോള്‍ അവരുടെ മുഖങ്ങളില്‍ സന്തോഷം വിടര്‍ന്നു.വീണ്ടും തുടി കൊട്ടി വായ്ക്കുരവയിട്ട് അവര്‍ സുരേന്ദ്രനെ യാത്രയാക്കി.
Comments (0)