സ്പീക്കര്‍ രാജിവെക്കണം: കെ.സുരേന്ദ്രന്‍

സ്പീക്കര്‍ രാജിവെക്കണം: കെ.സുരേന്ദ്രന്‍

തിരുവനന്തപുരം: ഡോളര്‍ കടത്ത് കേസുമായി ബന്ധപ്പെട്ട് സ്പീക്കര്‍ക്കെതിരെ ഉയരുന്ന ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ രാജിവെക്കണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. പുറത്തു വരുന്ന വാര്‍ത്ത ഞെട്ടിക്കുന്നതാണ്. തന്റെ പദവിയുടെ പവിത്രത കാത്തുസൂക്ഷിക്കാന്‍ ബധ്യതയുള്ള സ്പീക്കര്‍ ഇത്തരമൊരു കാര്യം ചെയ്തിട്ടുണ്ടെങ്കില്‍ സ്ഥാനമൊഴിയണം. കേരളം ലോകത്തിനു മുന്നില്‍ നാണംകെടുന്ന കാര്യമാണിതെന്നും സുരേന്ദ്രന്‍ പ്രസ്താവനയില്‍ പറഞ്ഞു.
സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതികളുമായി സ്പീക്കര്‍ക്ക് ബന്ധം സ്ഥാപിക്കാന്‍ കഴിഞ്ഞത് എങ്ങനെയാണ്? എന്താണ് കൈമാറിയ ബാഗിലുണ്ടായിരുന്നത്? എന്താണ് പ്രതികള്‍ക്ക് നല്‍കിയ സന്ദേശം? തുടങ്ങിയ നിരവധി ചോദ്യങ്ങള്‍ക്ക് ഉത്തരം കിട്ടേണ്ടതുണ്ട്. ധാര്‍മികമായി ഈ ചോദ്യങ്ങള്‍ക്കെല്ലാം ഉത്തരം നല്‍കാന്‍ സ്പീക്കര്‍ക്ക് ബാധ്യതയുണ്ട്. ധാര്‍മികതയുണ്ടെങ്കില്‍ സ്പീക്കര്‍ രാജിവെച്ച്‌ പദവിയില്‍നിന്ന് ഒഴിയണമെന്ന് സുരേന്ദ്രന്‍ പറഞ്ഞു.

ഡോളര്‍ കടത്ത് കേസില്‍ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണനെ കസ്റ്റംസ് ചോദ്യം ചെയ്യുമെന്ന പുറത്തുവരുന്ന റിപ്പോര്‍ട്ട് നിയമസഭയ്ക്ക് കളങ്കമാണ്. ഡോളര്‍ അടങ്ങിയ ബാഗ് കോണ്‍സുലേറ്റ് ഓഫീസില്‍ എത്തിക്കാന്‍ സ്പീക്കര്‍ ആവശ്യപ്പെട്ടുവെന്ന സ്വര്‍ണക്കടത്ത് കേസിലെ പ്രതികളായ സ്വപ്നയും സരിത്തും മൊഴി നല്‍കിയെന്ന വാര്‍ത്തയോട് പ്രതികരിക്കാന്‍ മുഖ്യമന്ത്രി തയ്യാറാവണമെന്നും സുരേന്ദ്രന്‍ പറഞ്ഞു.