ആഴിമല തീരത്ത് അപകടം അരികെ; രണ്ടുമാസത്തിനിടെ പൊലിഞ്ഞത് മൂന്ന് ജീവനുകള്‍
വിഴിഞ്ഞം: അപകട മേഖലയായി ആഴിമല തീരം മാറുേമ്ബാഴും സംരക്ഷണ നടപടികള്‍ക്ക് തയാറാകാതെ അധികൃതര്‍. കടലിെന്റ പശ്ചാത്തലത്തില്‍ പാറക്കെട്ടുകള്‍ക്ക് മുകളില്‍നിന്ന് ഒരു സെല്‍ഫി എടുക്കാനെത്തുന്നവരാണ് പലേപ്പാഴും അപകടത്തില്‍പെടുന്നത്. രണ്ടുമാസത്തിനിടെ പൊലിഞ്ഞത് മൂന്ന് ജീവനുകളാണ്.
വിഴിഞ്ഞം ആഴിമല ശിവക്ഷേത്രത്തിലെ ഗംഗാധരേശ്വര ശില്പം കാണാന്‍ വരുന്നവരുടെ തിരക്ക് വര്‍ധിച്ചിട്ടുണ്ട്. സ്വദേശികളും വിദേശികളമടക്കം നൂറുകണക്കിന് ആളുകളാണ് ദിവസവും ഇവിടെ എത്തുന്നത്. ക്ഷേത്രദര്‍ശനം കഴിഞ്ഞ് പലരും കടലിലേക്ക് ഇറങ്ങുന്നതും പാറക്കൂട്ടങ്ങള്‍ക്ക് മുകളില്‍ കയറുന്നതും പതിവായിട്ടുണ്ട്. ശാന്തമായി കാണുന്ന കടലില്‍ പ്രതീക്ഷിക്കാതെ തിരമാലകളെത്തുന്നു. അപ്രതീക്ഷിതമായ ഈ തിരകളില്‍ നല്ല നീന്തല്‍ അറിയാവുന്നവര്‍ക്കുപോലും പിടിച്ചുനില്‍ക്കാനാകില്ലെന്ന് മത്സ്യത്തൊഴിലാളികള്‍ പറയുന്നു. കഴിഞ്ഞ സെപ്റ്റംബറില്‍ സ്വദേശികളായ നാലുപേരുടെ ജീവന് ഇവിടെ നഷ്ടമായിരുന്നു.
അതില്‍ ഒരാളുടെ മൃതദേഹം ഇനിയും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. കഴിഞ്ഞ ജനുവരിയില്‍ കടലില്‍ കുളിക്കാനിറങ്ങിയ കൊല്ലം ചടയമംഗലം സ്വദേശിയായ യുവാവിെന്റ ജീവനും നഷ്ടമായിരുന്നു. തിങ്കളാഴ്ച രാവിലെ തിരയില്‍പെട്ട് രണ്ടു യുവാക്കളുടെ ജീവന് നഷ്ടമായതാണ് അവസാനത്തെ സംഭവം. ഉയരമുള്ള പാറക്കൂട്ടങ്ങളാല്‍ ചുറ്റപ്പെട്ട വിശാലമായ തീരം സഞ്ചാരികളുടെ മനം മയക്കുന്നതാണ്. കാഴ്ചയില്‍ ആഴമില്ലെന്ന് തോന്നുമെങ്കിലും വെള്ളത്തിനടിയിലെ കുത്തനെയുള്ള ചരിവും ചുഴിയും പാറക്കൂട്ടങ്ങളുമാണ് സഞ്ചാരികളെ അപായപ്പെടുത്തുന്നത്. കടലിലേക്ക് വീഴുന്നവര്‍ പലപ്പോഴും ആഴങ്ങളിലെ പാറയിടുക്കുകളില്‍ അകപ്പെട്ട് രക്ഷപ്പെടാന്‍ പറ്റാത്ത നിലയിലാകും. പാറക്കെട്ടുകളില്‍ തലയിടിച്ച് ജീവന് നഷ്ടമാകാനുമിടയുണ്ട്.
സമീപത്തെ ബീച്ചില്‍ മാത്രമാണ് നിലവില്‍ കോസ്റ്റല്‍ വാര്ഡന്മാരുടെ സേവനമുള്ളത്. അതിനാല്‍ അഴിമലക്കും മുല്ലൂരിനും ഇടയിലെ തീരത്ത് എന്ത് അപകടം നടന്നാലും ചിപ്പി വാരുന്നവരോ മത്സ്യത്തൊഴിലാളികളോ സമീപത്തുണ്ടെങ്കില്‍ മാത്രമേ ഉടനടി രക്ഷാപ്രവര്‍ത്തനം സാധ്യമാകുന്നുള്ളൂ. ഇരുള് വീണാല്‍ ഇവിടം ലഹരി മാഫിയയുടെ താവളമാണെന്ന് നാട്ടുകാര്‍ പറയുന്നു. പാറക്കൂട്ടങ്ങള്‍ക്കിടയില്‍ ചെറിയ ഗുഹ പോലുള്ള പ്രദേശവും പാറയിടുക്കുകളുമാണ് സാമൂഹിക വിരുദ്ധരുടെ താവളം. മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിച്ച്, വാര്ഡന്മാരുടെ സേവനവും പൊലീസ് എയ്ഡ് പോസ്റ്റും സജ്ജമാക്കണമെന്ന ആവശ്യം ശക്തമാണ്.
Comments (0)