പെന്‍ഷന് വേണ്ടി ബന്ധുക്കള്‍ മുഖ്യമന്ത്രിയുടെ മുന്നിലേക്ക് എടുത്തുകൊണ്ട് പോയത് അഞ്ചുതവണ; നീതി ലഭിക്കാന്‍ എന്തുവേണമെന്നറിയാതെ സുഗുണന്
മുഹമ്മ: അഞ്ചു തവണ മുഖ്യമന്ത്രിയെ കണ്ടിട്ടും വികലാംഗ പെന്ഷന് ലഭിക്കാതെ മുഹമ്മയിലെ സുഗുണന്. തണ്ണീര്‍മുക്കം നാഗനേഴത്ത് കോളനിയില്‍ സുഗുണന്റെ ഫയലും സ്വന്തം ജീവിതം പോലെ ചുവപ്പുനാടയില്‍ കുരുങ്ങി കിടക്കാന്‍ തുടങ്ങിയിട്ട് നാളുകളേറെയായി. മുഖ്യമന്ത്രിയോട് പരാതി പറഞ്ഞിട്ടും ഇതാണ് ഗതിയെങ്കില്‍ മറ്റെന്തു ചെയ്യണമെന്ന് അറിയാതെ കിടക്കുകയാണ് പരസഹായമില്ലാതെ എഴുന്നേല്‍ക്കാന്‍പോലും കഴിയാത്ത ഈ മനുഷ്യന്‍.
സുഗുണന്‍ ഇങ്ങനെ മുഖ്യമന്ത്രിക്ക് മുന്‍പില്‍ പോയത് ഒന്നുംരണ്ടും പ്രാവശ്യമല്ല, അഞ്ചുതവണ പോയി. എല്ലാ പ്രാവശ്യവും പെന്‍ഷന്‍ നല്‍കാന്‍ മുഖ്യമന്ത്രി എഴുതി. പക്ഷേ കിട്ടിയില്ല. മുഖ്യമന്ത്രി നല്‍കിയ ഉത്തരവുമായി സുഗുണന്‍ ചേര്‍ത്തല താലൂക്ക് ഓഫീസില്‍ ചെന്നു. അപ്പോള്‍ പെന്‍ഷന്‍ കിട്ടുന്നതിന് തടസ്സമാകുന്ന നീണ്ട പട്ടിക നല്‍കി. അതില്‍ ആദ്യത്തേത് വികലാംഗത്വം തെളിയിക്കുന്നതിന് മെഡിക്കല്‍ ബോര്‍ഡ് തയ്യാറാക്കിയ സര്‍ട്ടിഫിക്കറ്റ് വേണമെന്നതായിരുന്നു. അത് അക്കൗണ്ടന്റ് ജനറല്‍ ഓഫീസില്‍ എത്തിച്ചപ്പോള്‍ സര്‍ട്ടിഫിക്കറ്റ് അവരുടെ അപേക്ഷാമാതൃകയില്‍ വേണമെന്നായി. അത് മെഡിക്കല്‍ ബോര്‍ഡിനെ അറിയിച്ചപ്പോള്‍ പുതിയ സര്‍ട്ടിഫിക്കറ്റ് അഞ്ചുവര്‍ഷത്തിനുശേഷമേ നല്‍കൂ എന്നറിയിച്ചു
പരസഹായമില്ലാതെ പ്രാഥമികകാര്യങ്ങള്‍പോലും നടത്താനാവാത്ത ഒരു ഹതഭാഗ്യനെന്ന പരിഗണനപോലും ഉദ്യോഗസ്ഥര്‍ കാണിച്ചില്ല.
സുഗുണന്റെ അച്ഛന്‍ സ്വാതന്ത്ര്യസമരസേനാനി പരേതനായ പരമക്കുറുപ്പാണ്. അദ്ദേഹത്തിന്റെ ആശ്രിത പെന്‍ഷന്‍ കിട്ടുന്നതിനുള്ള അപേക്ഷയും നല്‍കി. അതിന് അച്ഛന്‍, പെന്‍ഷന്‍ അവസാനമായി വാങ്ങിയതിന്റെ അസ്സല്‍ രേഖ വേണം. ഇത് ചേര്‍ത്തല ട്രഷറിയില്‍നിന്നാണ് ലഭിക്കേണ്ടത്. തിരുവനന്തപുരത്തുനിന്ന് അറിയിപ്പ് ലഭിക്കാതെ അത് നല്‍കാനാവില്ലെന്നാണ് അവരും പറയുന്നത്. സുഗുണന് 57 വയസ്സായി. രോഗിയായ ഭാര്യയ്ക്ക് സുഗുണനെ നോക്കുന്നതിന് 525 രൂപ പെന്‍ഷന്‍ ലഭിക്കും. അത് വല്ലപ്പോഴും കിട്ടിയാലായി. കിട്ടിയാല്‍ത്തന്നെ രണ്ടുപേര്‍ക്കുമുള്ള മരുന്നിനുപോലും തികയില്ല.
Comments (0)