വാഗമണ്ണിലെ ലഹരിവിരുന്ന്: റിസോര്‍ട്ടില്‍ വീണ്ടും പരിശോധന, ഉടമയെ ചോദ്യം ചെയ്യുന്നു,കേസ് ഒതുക്കാന്‍ ശ്രമമെന്ന് കോണ്‍ഗ്രസ്

വാഗമണ്ണിലെ ലഹരിവിരുന്ന്: റിസോര്‍ട്ടില്‍ വീണ്ടും പരിശോധന, ഉടമയെ ചോദ്യം ചെയ്യുന്നു,കേസ് ഒതുക്കാന്‍ ശ്രമമെന്ന് കോണ്‍ഗ്രസ്

ഇടുക്കി: വാഗമണില്‍ നിശാപാര്‍ട്ടി നടക്കുന്നിടത്ത് നിന്നും വന്‍ മയക്കുമരുന്ന് ശേഖരം പിടികൂടിയ സംഭവത്തില്‍ റിസോര്‍ട്ട് ഉടമയെ ചോദ്യം ചെയ്യുന്നു. സിപിഐ പ്രാദേശിക നേതാവും മുന്‍ ഏലപ്പാറ പഞ്ചായത്ത് പ്രസിഡന്റ്‌ കൂടിയായ ഷാജി കുറ്റിക്കടനെയാണ് ചോദ്യം ചെയുന്നത്. ജന്മദിന പാര്‍ട്ടി ആഘോഷങ്ങള്‍ക്കെന്ന പേരിലാണ് റിസോര്‍ട്ട് എടുത്തതെന്നും മൂന്ന് റൂം മാത്രമാണ് എടുത്തത് എണ്ണത്തില്‍ കൂടുതല്‍ ആളുകള്‍ വന്നപ്പോള്‍ ചോദ്യം ചെയ്തിരുന്നുവെന്നുമാണ് റിസോര്‍ട്ട് ഉടമ നല്‍കിയ വിശദീകരണം. പാര്‍ട്ടി നടത്തിയത് സ്വകാര്യ വ്യക്തികളാണെന്ന് പൊലീസ് വ്യക്തമാക്കി. അന്വേഷണ ഉദ്യോഗസ്ഥന്‍ എഎസ്പി സുരേഷ് കുമാറിന്‍്റെ നേതൃത്വത്തില്‍ റിസോര്‍ട്ടില്‍ വീണ്ടും പരിശോധന നടത്തുന്നുണ്ട്.

അതിനിടെ റിസോര്‍ട്ടിലേക്ക് പ്രതിഷേധവുമായി കോണ്‍ഗ്രസ് ഡിസിസി പ്രസിഡന്റ്‌ ഇബ്രാഹിംകുട്ടി കല്ലാറിനെയും സംഘത്തെയും റിസോട്ടിന് മുന്നില്‍ പൊലീസ് തടഞ്ഞു. കേസ് ഒതുക്കാന്‍ പൊലീസ് ശ്രമം നടത്തുന്നതായി കോണ്‍ഗ്രസ് ആരോപിച്ചു. പിടികൂടിയ ലഹരിമരുന്നിന്റെ അളവ് കുറച്ച്‌ കാണിക്കാന്‍ ശ്രമിക്കുന്നതായും റിസോര്‍ട്ട് കേന്ദ്രീകരിച്ച്‌ നടക്കുന്ന മയക്കുമരുന്ന് പാര്‍ട്ടികള്‍ക്ക് സിപിഎം-സിപിഐ നേതാക്കളുടെ ഒത്താശയുണ്ടെന്നും കോണ്‍ഗ്രസ് ആരോപിച്ചു. റിസോര്‍ട്ട് ഉടമ ഷാജി കുറ്റികാടന്‍ നക്ഷത്ര ആമ കടത്ത് ഉള്‍പ്പടെ കേസിലെ പ്രതിയാണെന്നും നിഷ്പക്ഷ അന്വേഷണം വേണമെന്നും ഡിസിസി പ്രസിഡന്റ് ഇബ്രാഹിംകുട്ടി കല്ലാര്‍ ആവശ്യപ്പെട്ടു.

ഇന്നലെ രാത്രിയോടെയാണ് വാഗമണില്‍ നിശാപാര്‍ട്ടിനടക്കുന്ന റിസോര്‍ട്ടില്‍ നിന്നും വന്‍ മയക്കുമരുന്ന് ശേഖരം പിടികൂടിയത്.എല്‍എസ്ഡി സ്റ്റാന്പുകളും കഞ്ചാവും ഹെറോയിനുമടക്കമുള്ള ലഹരിമരുന്നുകള്‍ പിടികൂടിയിട്ടുണ്ട്. സംഭവത്തില്‍ വിശദമായ അന്വേഷണമാണ് പൊലീസ് നടത്തുന്നത്. മയക്കുമരുന്ന്‌എവിടെ നിന്നാണ് എത്തിയതെന്നും ആരാണ് സംഘാടകരെന്നുമാണ് പ്രധാനമായും പൊലീസ് അന്വേഷിക്കുന്നത്.

നിശാപാര്‍ട്ടിക്ക് പിന്നില്‍ ഒമ്ബത് പേരാണെന്ന നിഗമനത്തിലാണ് പൊലീസുള്ളത്. ഇതില്‍ മൂന്ന് പേരാണ് മുഖ്യ ആസൂത്രകര്‍. ഇവരാണ് മറ്റ് ആറ് പേര്‍ക്ക് നിര്‍ദ്ദേശങ്ങള്‍ നല്‍കിയത്. ഇവര്‍ ഇടുക്കി ജില്ലക്ക് പുറത്ത് നിന്നുള്ളവരാണ്. നിശാ പാര്‍ട്ടിയില്‍ ഇവരും പങ്കെടുത്തിരുന്നു. സാമൂഹ്യ മാധ്യമങ്ങളിലൂടെയാണ് പാര്‍ട്ടി സംബന്ധിച്ച വിവരം പ്രതികള്‍ പങ്കുവച്ചത്.

റിസോര്‍ട്ടില്‍ നേരത്തെയും സമാന രീതിയില്‍ പാര്‍ട്ടികള്‍ നടന്നിരുന്നു. അന്ന് പൊലീസ് താക്കീത് നല്‍കി വിട്ടയക്കുകയുമായിരുന്നു. രണ്ട് ദിവസം മുമ്ബ് മയക്കുമരുന്നുമായി കൊച്ചിയില്‍ പിടിയിലായ രണ്ട് പേരില്‍ നിന്നാണ് ഇടുക്കിയിലെ നിശാപാര്‍ട്ടി സംബന്ധിച്ച വിവരം ലഭിച്ചത്. ഇന്നലെ റെയ്ഡിനിടെ പിടിയിലായ 25 സ്ത്രീകളടക്കം 60 പേരെയും ചോദ്യം ചെയ്യുന്നത് തുടരുകയാണ്. ഇതില്‍ നാല് പേരെ ചോദ്യം ചെയ്യലിന് ശേഷം വാഗമണ്‍ സ്റ്റേഷനിലേക്ക് കൊണ്ട് പോയി. മറ്റുള്ളവരെ മൂന്ന് സംഘങ്ങളാക്കി തിരിച്ചാണ് ചോദ്യം ചെയ്യുന്നത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ളവരുണ്ടെന്നാണ് വിവരം.