രാജഗോപാലിനു വിശ്രമിക്കാം, കുമ്മനം നേമത്തേക്ക്‌; ശ്രീധരന്‍ പിളളയും സുരേന്ദ്രനും കൃഷ്ണദാസും മത്സരത്തിന്, പ്രചാരണത്തിന്റെ മുന്‍നിരയിലേയ്ക്ക് ശോഭാ സുരേന്ദ്രന്‍

രാജഗോപാലിനു വിശ്രമിക്കാം, കുമ്മനം നേമത്തേക്ക്‌; ശ്രീധരന്‍ പിളളയും സുരേന്ദ്രനും കൃഷ്ണദാസും മത്സരത്തിന്, പ്രചാരണത്തിന്റെ മുന്‍നിരയിലേയ്ക്ക് ശോഭാ സുരേന്ദ്രന്‍

തിരുവനന്തപുരം : സംസ്‌ഥാന നിയമസഭയിലേക്കു ബി.ജെ.പിക്കു വാതില്‍ തുറന്ന നേമം മണ്ഡലത്തില്‍ ഇക്കുറി കുമ്മനം രാജശേഖരന്‍ സ്‌ഥാനാര്‍ഥിയാകും. സ്‌പീക്കര്‍ തെരഞ്ഞെടുപ്പ്‌, പൗരത്വ ഭേദഗതി നിയമം, കര്‍ഷകനിയമം തുടങ്ങി പല കാര്യങ്ങളിലും നിയമസഭയില്‍ പാര്‍ട്ടിയെ ഞെട്ടിച്ച ഒ. രാജഗോപാലിനു 91 വയസ്‌ പിന്നിട്ടതു ചൂണ്ടിക്കാട്ടി രാഷ്‌ട്രീയത്തിന്റെ മുന്‍നിരയില്‍ നിന്നു വിശ്രമജീവിതത്തിലേക്കു നയിക്കും. ജനസംഘകാലം മുതല്‍ മുന്‍നിരയിലുണ്ടായിരുന്ന അദ്ദേഹത്തിന്‌ എല്ലാ ആദരവും നല്‍കി എതിരാളികളുടെ വിമര്‍ശനത്തിന്റെ മുനയൊടിക്കും.പാര്‍ട്ടിയുടെ അടിത്തറയ്‌ക്ക്‌ ഉലച്ചിലുണ്ടായിട്ടില്ലെന്നു തദ്ദേശ തെരഞ്ഞെടുപ്പുഫലം വ്യക്‌തമാക്കുന്നുവെന്ന കണക്കുകൂട്ടലില്‍ നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിടാന്‍ സംസ്‌ഥാന ബി.ജെ.പി. ഒരുക്കം തുടങ്ങി.

മിസോറം രാജ്‌ഭവനില്‍ കുമ്മനത്തിന്റെ പിന്‍ഗാമിയായ പി.എസ്‌. ശ്രീധരന്‍ പിള്ളയടക്കം മത്സരരംഗത്ത്‌ ഉണ്ടാകുമെന്നാണു സൂചന. സംസ്‌ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍, പി.കെ. കൃഷ്‌ണദാസ്‌, എം.ടി. രമേശ്‌, ജോര്‍ജ്‌ കുര്യന്‍ അടക്കമുള്ള പ്രമുഖര്‍ സ്‌ഥാനാര്‍ഥികളാകും. ജയസാധ്യതയുള്ള മണ്ഡലങ്ങള്‍ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കാന്‍ അവര്‍ക്കു നിര്‍ദേശം നല്‍കി. യുവജനങ്ങള്‍ക്കും വനിതകള്‍ക്കും സ്‌ഥാനാര്‍ഥിത്വത്തില്‍ മികച്ച പരിഗണന നല്‍കും.

കഴിഞ്ഞ തെരഞ്ഞെടുപ്പിലും നേമം മണ്ഡലത്തിലേക്കു കുമ്മനത്തിനായിരുന്നു ആദ്യപരിഗണന. എന്നാല്‍, രാജഗോപാലിനു വേണ്ടി അദ്ദേഹം വഴി മാറിക്കൊടുത്തു. രാജഗോപാല്‍ ഇല്ലാത്തതിനാല്‍ ഇക്കുറി നേമം കുമ്മനത്തിനു നല്‍കും. പാര്‍ട്ടിചിന്തകള്‍ക്ക്‌ അതീതമായ വോട്ടുകളാണു നേമത്തു രാജഗോപാലിനു തുണയായതെന്നു നേരത്തേ വിലയിരുത്തിയിരുന്നു. ജനകീയനായ കുമ്മനത്തിന്‌ ആ വോട്ടുകള്‍ നിലനിര്‍ത്തി മണ്ഡലത്തില്‍ വിജയത്തുടര്‍ച്ച നേടാന്‍ കഴിയുമെന്നു പാര്‍ട്ടി പ്രതീക്ഷിക്കുന്നു.

പള്ളിത്തര്‍ക്കത്തില്‍ സമവായമുണ്ടാകുമെന്ന പ്രതീക്ഷയില്‍ യാക്കോബായ, ഓര്‍ത്തഡോക്‌സ്‌ സഭകളുടെ പിന്തുണ കിട്ടുമെന്ന പ്രതീക്ഷയാണ്‌ ബി.ജെ.പിക്കുള്ളത്‌. ഇരുകൂട്ടരുമായും ആശയവിനിമയം നടത്തുന്ന പി.എസ്‌. ശ്രീധരന്‍ പിള്ളയ്‌ക്ക്‌ അതാണു വീണ്ടും സംസ്‌ഥാന രാഷ്‌ട്രീയത്തിലേക്കു വഴിതുറക്കുന്നത്‌. തദ്ദേശ തെരഞ്ഞെടുപ്പിലുണ്ടായ മട്ടിലൊരു വോട്ട്‌ ധ്രുവീകരണം നിയമസഭയില്‍ ഉണ്ടാകില്ലെന്നു ദേശീയ നേതൃത്വവും കണക്കുകൂട്ടുന്നു.
സംസ്‌ഥാന നേതൃത്വവുമായി ഇടഞ്ഞുനില്‍ക്കുന്ന ശോഭാ സുരേന്ദ്രനെ അനുനയിപ്പിക്കാനുള്ള നീക്കങ്ങള്‍ തുടരുകയാണ്‌. അവര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ മുഖ്യപ്രചാരകയായി ഉണ്ടാകുമെന്നാണു സൂചന. അവര്‍ മത്സരിക്കാതിരിക്കുകയും കെ. സുരേന്ദ്രന്‍ സ്‌ഥാനാര്‍ഥിയാകുകയും ചെയ്‌താല്‍ പാര്‍ട്ടിയെ നയിക്കുന്നത്‌ ശോഭയാകാനാണ്‌ സാധ്യത.

ഘടകകക്ഷികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക്‌ അര്‍ഹമായ സീറ്റ്‌ വിഹിതം നല്‍കുമെങ്കിലും സ്‌ഥാനാര്‍ഥിത്വത്തില്‍ യുവാക്കള്‍ക്കും സ്‌ത്രീകള്‍ക്കും പരിഗണന നല്‍കണമെന്നു കര്‍ശനമായി നിഷ്‌കര്‍ഷിക്കും.