അഭയാര്‍ത്ഥികള്‍ക്ക് കൊവിഡ് വാക്സിന്‍ നല്‍കി മാതൃകയായി ജോര്‍ദാന്‍

അഭയാര്‍ത്ഥികള്‍ക്ക് കൊവിഡ് വാക്സിന്‍ നല്‍കി മാതൃകയായി ജോര്‍ദാന്‍

ജോര്‍ദാന്‍ ഗവണ്‍മെന്റിന് തങ്ങളുടെ രാജ്യത്തെ ഒരു കോടിയോളം വരുന്ന സ്വന്തം പൗരന്മാര്‍ക്ക് നല്കാന്‍ വേണ്ട വാക്സിന്‍ സ്റ്റോക്ക് ഇതുവരെ കിട്ടിയിട്ടില്ല.

എന്നിട്ടും, അവരുടെ ആദ്യത്തെ മുന്‍ഗണനാ പട്ടികകളില്‍ അവിടത്തെ സിറിയന്‍ അഭയാര്‍ഥികളുടെ പേരും കടന്നുവരുന്നുണ്ട്. ലോകത്തില്‍ തന്നെ ആദ്യമായി വാക്സിന്‍ സ്വീകരിക്കാന്‍ ഭാഗ്യമുണ്ടായ അഭയാര്‍ത്ഥി, ജോര്‍ദാനിലെ ഒരു സാത്താറി സ്വദേശിയാണ്. ജോര്‍ദാനിലെ സാത്താറി അഭയാര്‍ത്ഥി ക്യാമ്ബുകളില്‍ കഴിഞ്ഞുകൂടുന്നത് 80,000-ലധികം പേരാണ്. യുദ്ധത്തെത്തുടര്‍ന്ന് സിറിയവിട്ടോടി ജോര്‍ദാന്റെ മണ്ണില്‍ അഭയം തേടിയവരാണ് അവരില്‍ ഭൂരിഭാഗവും. അവര്‍ അവിടെ കഴിഞ്ഞു പോരുന്നത് മരുഭൂമിക്ക് നടുവില്‍ സ്ഥാപിച്ചിട്ടുള്ളകണ്ടൈനര്‍ വീടുകളിലും മറ്റുമാണ്. അവരുടെ ഈ ഗതികെട്ട ജീവിതം തന്നെയാണ് ഒരുപക്ഷെ, ശീതീകരിച്ച വാക്സിന്‍ ഡോസുകളുമായി അവരെ തേടിച്ചെല്ലാന്‍ ജോര്‍ദാന്‍ ആരോഗ്യവകുപ്പിന്റെ പ്രേരിപ്പിച്ചതും. ഈ ക്യാമ്ബുകളിലെ മുതിര്‍ന്ന പൗരന്മാരെയും കൊവിഡ് ബാധിക്കാന്‍ സാധ്യത കൂടുതലുള്ളവരെയും എല്ലാം തന്നെ വാക്സിനേറ്റ് ചെയ്യാനുള്ള ദൃഢനിശ്ചയത്തിലാണ് ജോര്‍ദാന്‍ സര്‍ക്കാര്‍ ഇപ്പോള്‍.

ദിനംപ്രതി അമ്ബതോളം അഭയാര്‍ത്ഥികളെ മാത്രമേ ഇപ്പോള്‍ ജോര്‍ദാന് വാക്സിനേറ്റ് ചെയ്യാന്‍ സാധിക്കുന്നുള്ളൂ എങ്കിലും, അതും ഈ ദിശയിലെ വളരെ നല്ലൊരു നീക്കമെന്ന് തന്നെയാണ് അന്താരാഷ്ട്ര ആരോഗ്യ സംഘടനകള്‍ കാണുന്നത്. പത്തുലക്ഷത്തോളം സിറിയന്‍ അഭയാര്‍ത്ഥികളും, 80,000-ത്തോളം ഇറാഖി അഭയാര്‍ത്ഥികളും, പതിനായിരക്കണക്കിന് യെമനികളും, സുഡാനികളും, നൈജീരിയക്കാരും ഒക്കെ ജോര്‍ദാനില്‍ കഴിയുന്നുണ്ട്. ഈ അഭയാര്‍ഥികളുടെ കൂടി ആരോഗ്യം ഉറപ്പു വരുത്തുക എന്നത് തങ്ങളുടെ ദേശീയ പ്രാധാന്യമുള്ള വിഷയങ്ങളില്‍ ഒന്നായിട്ടാണ് ജോര്‍ദാന്‍ കാണുന്നത് എന്ന് ആരോഗ്യവകുപ്പ് അധികാരികള്‍ പറഞ്ഞു.

വര്‍ണ്ണത്തിന്റെയും വര്‍ഗത്തിന്റെയും പൗരത്വത്തിന്റെയും വംശീയതയുടെയും ധനസ്ഥിതിയുടെയും ഒക്കെ പേരില്‍ മനുഷ്യര്‍ പരസ്പരം വിവേചനങ്ങള്‍ കാണിക്കുന്ന ഇക്കാലത്ത് ലോകത്തെ മുഴുവന്‍ ഒന്നിപ്പിക്കാനുള്ള ഒരവസരമായി കൊവിഡ് മഹാമാരിയെ കാണണം എന്ന് വാക്സിനേറ്റ് ചെയ്യപ്പെട്ട ഒരു അഭയാര്‍ത്ഥി സിഎസ് മോണിറ്റര്‍ പോര്‍ട്ടലിനോട് പറഞ്ഞു.