ജൂഡി ആലപ്പുഴയിലെത്തി; ലാദന്‍ വേട്ടയില്‍ വഴികാട്ടിയായ ബെല്‍ജിയം വംശത്തിലെ ട്രാക്കര്‍, പോലീസ്‌ സ്‌ക്വാഡ്‌ ഇനി വേറെ ലെവല്‍

ജൂഡി ആലപ്പുഴയിലെത്തി; ലാദന്‍ വേട്ടയില്‍ വഴികാട്ടിയായ ബെല്‍ജിയം വംശത്തിലെ ട്രാക്കര്‍, പോലീസ്‌ സ്‌ക്വാഡ്‌ ഇനി വേറെ ലെവല്‍

ആലപ്പുഴ: ജില്ലാ പോലീസ്‌ സ്‌ക്വാഡിന്‌ കരുത്തുപകരാന്‍ ജൂഡി ആലപ്പുഴയിലെത്തി. ട്രാക്കര്‍ ട്രേഡില്‍ പരിശീലനം പൂര്‍ത്തിയാക്കിയാണ്‌ ഒരു വയസുകാരി ജൂഡി എന്ന ബെല്‍ജിയം നായ്‌ ആലപ്പുഴ ജില്ലാ പോലീസ്‌ സ്‌ക്വാഡിന്‌ സ്വന്തമായത്‌. സ്‌ഫോടകവസ്‌തുക്കള്‍, ലഹരിവസ്‌തുക്കള്‍ എന്നിവ കണ്ടെത്തുന്നതിനും മോഷണം, കൊലപാതകം തുടങ്ങിയ കുറ്റകൃത്യങ്ങള്‍ തെളിയിക്കുന്നതിനും സഹായകരമായ ട്രാക്കര്‍ വിഭാഗത്തില്‍ ബെല്‍ജിയം നായ്‌ക്കളെ ഉപയോഗിച്ചുവരുന്നുണ്ട്‌.

ഇന്ന്‌ ലോകമെമ്പാടുമുള്ള രാജ്യങ്ങളുടെ ശ്വാനസേനയില്‍ ഏറ്റവും മുന്നില്‍ സ്‌ഥാനം വഹിക്കുന്നത്‌ ബെല്‍ജിയം നായകളാണ്‌. അഫ്‌ഗാനിസ്‌ഥാനിലെ അല്‍ക്വയ്‌ദ കേന്ദ്രങ്ങള്‍ റെയ്‌ഡ്‌ ചെയ്യുന്നതിനും ബിന്‍ ലാദനെ കീഴ്‌പ്പെടുത്തുന്നതിനും അമേരിക്കന്‍ സൈന്യത്തിന്‌ വഴികാട്ടിയായി നിന്നത്‌ ഇവരാണ്‌. 
ബുദ്ധികൂര്‍മ്മതയും സാഹചര്യങ്ങളോടു പെട്ടെന്ന്‌ പ്രതികരിക്കാനുള്ള കഴിവും നിരീക്ഷണപാടവവും ഉടമസ്‌ഥരോടുമാത്രമുള്ള ആത്മാര്‍ഥതയുമാണ്‌ ഇവയുടെ സവിശേഷത. പഞ്ചാബ്‌ പോലീസിന്റെ ഹോം ഗാര്‍ഡ്‌, കനൈന്‍ ട്രയിനിങ്‌ ആന്‍ഡ്‌ ബ്രീഡിങ്‌ സെന്ററില്‍ ജനിച്ച ജൂഡി മൂന്ന്‌ മാസം മാത്രം പ്രായമുള്ളപ്പോള്‍ കേരളത്തില്‍ എത്തിയതാണ്‌.
സബ്‌ ഇന്‍സ്‌പെക്‌ടര്‍ ബിജുരാജിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ആലപ്പുഴ സ്‌ക്വാഡില്‍ സി.പി.ഒമാരായ തോമസ്‌ ആന്റണിയുടേയും പ്രശാന്ത്‌ ലാലിന്റേയും കീഴില്‍ മികച്ച പരിശീലനം സിദ്ധിച്ച്‌ പരിശീലന കാലയളവിലെ ഏറ്റവും മികച്ച പ്രകടനത്തിന്‌ മുഖ്യമന്ത്രി പിണറായി വിജയനില്‍നിന്നും സില്‍വര്‍ മെഡല്‍ കരസ്‌ഥമാക്കിയാണ്‌ ജില്ലയില്‍ എത്തിയത്‌.

കുറ്റാന്വേഷണ രംഗത്ത്‌ പുതിയ മാറ്റം ജൂഡിയെക്കൊണ്ട്‌ ഉണ്ടാക്കാന്‍ സാധിക്കുമെന്ന്‌ ജില്ലാ പോലീസ്‌ മേധാവി ജി. ജയ്‌ദേവ്‌ പറഞ്ഞു.