തോല്‍ക്കില്ല; വാഹനാപകടത്തില്‍ അരക്കുതാഴെ തളര്‍ന്ന റിയാസ് അതിജീവനവഴിയില്‍
കൊച്ചി: പുതുവര്‍ഷത്തിന്റെ ഈ പ്രഭാതത്തില്‍ ജീവിതത്തിന്റെ നിറങ്ങളത്രയും സ്വപ്നം കാണാന്‍ തുടങ്ങുകയാണ് റിയാസ്. കൊഴിഞ്ഞ കാലത്തോടൊപ്പം വേദനയും കണ്ണീരും കടന്നുപോകട്ടെയെന്ന് ആ മനസ്സ് മാത്രമല്ല, റിയാസിനെ അറിയാവുന്ന എല്ലാവരും പ്രാര്‍ഥിക്കും. തളര്‍ന്നുവീണ ഒരു ജീവിതം അസാധാരണ ദൃഢനിശ്ചയത്തില്‍ നിന്ന് വീണ്ടും തളിര്‍ത്ത് തുടങ്ങുന്നു; അതിജീവനത്തിന്റെ പുതിയ നാളുകളിലേക്ക്.കോതമംഗലം ഇരുമലപ്പടി തോട്ടത്തിക്കുളം വീട്ടില്‍ റിയാസ് എന്ന 33കാരന് ബി.ടെക് ബിരുദധാരിയാണ്.
ചെറുവട്ടൂര്‍ റൂറല്‍ ബാങ്കിലെ കലക്ഷന്‍ ഏജന്റായിരുന്നു. യൂത്ത് കോണ്‍ഗ്രസിന്റെ സജീവ പ്രവര്ത്തകന്. ജീവകാരുണ്യവും അതിന്റെ ഭാഗമായി. തിരക്കേറിയ പൊതുപ്രവര്‍ത്തനത്തിനിടയിലും അനാഥര്‍ക്കും അഗതികള്‍ക്കും ഭക്ഷണവും മരുന്നുമായി ഓടിയെത്തി.
കഴിഞ്ഞ ജൂണ്‍ 25ന് രാത്രി 11.30ന് പാര്‍ട്ടി യോഗം കഴിഞ്ഞ് ബൈക്കില്‍ മടങ്ങുമ്പോൾ വഴിയരികില്‍ നിര്‍ത്തിയിട്ടിരുന്ന ലോറിക്ക് പിന്നില്‍ ഇടിച്ച് നട്ടെല്ലിന് ഗുരുതര പരിക്കേറ്റ് അരക്കുതാഴെ തളര്‍ന്നു. ശസ്ത്രക്രിയയും തുടര്‍ചികിത്സയുമായി ഒന്നര മാസത്തോളം ആശുപത്രിയില്‍.
തുടര്‍ന്ന് സാന്ത്വന പരിചരണരംഗത്തും നട്ടെല്ലിന് പരിക്കേറ്റവരുടെ ചികിത്സയും പുനരധിവാസവുമായി ബന്ധപ്പെട്ടും പ്രവര്‍ത്തിക്കുന്ന കോതമംഗലം നെല്ലിക്കുഴിയിലെ പീസ്വാലിയിലെത്തി. ജീവിതംതന്നെ അവസാനിച്ചെന്ന തോന്നലായിരുന്നു റിയാസിന്. പക്ഷേ, ജീവിതത്തിലേക്ക് തിരിച്ചുവരുമെന്ന ദൃഢനിശ്ചയത്തില്‍ ആ മനസ്സ് എല്ലാ തളര്‍ച്ചകളെയും അതിജീവിച്ചു. മുറുകെപ്പിടിച്ച പ്രതീക്ഷകള്‍ ഊന്നുവടികളായി.
ഇപ്പോള്‍ മെല്ലെ എഴുന്നേറ്റുനില്ക്കാമെന്നായി. സ്വന്തം കാര്യങ്ങള്‍ ചെറുതായി ചെയ്തുതുടങ്ങി. വലിയ മാറ്റത്തിന്റെ ലക്ഷണങ്ങളാണ്. അതിെന്റ ആഹ്ലാദവുമായാണ് റിയാസ് പുതുവര്‍ഷത്തെ വരവേല്‍ക്കുന്നത്. ആര്‍ക്കും ഭാരമാകാതെ, കഴിയുന്നിടത്തോളം ഇനിയും മറ്റുള്ളവര്‍ക്ക് തണലാകണം തന്റെ ജീവിതം എന്ന് റിയാസ് ആഗ്രഹിക്കുന്നു.
പരസഹായം കൂടാതെ സഞ്ചരിക്കണം, തന്റെ ശാരീരികാവസ്ഥക്ക് യോജിക്കുന്ന തൊഴില്‍ കണ്ടെത്തണം, ഭാര്യ സുലേഖയും ഒരു വയസ്സുകാരി മകള്‍ അമയയും അടങ്ങുന്ന കുടുംബത്തിന് താങ്ങാകണം ജീവിതം തിരിച്ചുപിടിക്കാന്‍ വെമ്ബുന്ന ആ മനസ്സിലെ സ്വപ്നങ്ങള്‍ക്ക് ഇപ്പോഴും ആയിരം നിറങ്ങള്‍.
Comments (0)