'സ്‌കൂള്‍ പുതുവര്‍ഷം' ആകാംക്ഷയും ആശങ്കയും

കൊച്ചി: പത്ത്‌, പ്ലസ്‌ടുക്ലാസുകള്‍ ഇന്നുതുറക്കാനിരിക്കെ രക്ഷിതാക്കള്‍ക്കും അധ്യാപകര്‍ക്കും ആശങ്ക ഒരുപോലെ. കോവിഡ്‌ വ്യാപന വാര്‍ത്തകളാണ്‌ സ്‌കുള്‍ തുറക്കലിനെ അനുകൂലിച്ച്‌ സമ്മതപത്രത്തില്‍ ഒപ്പുവയ്‌ക്കുമ്ബോഴും രക്ഷിതാക്കളെ ആശങ്കയിലാഴ്‌ത്തുന്നത്‌.
രാവിലെ 10 മുതല്‍ ഒരുമണിവരെ ഒന്നിടവിട്ട ദിവസങ്ങളിലാണ്‌ ക്ലാസുകള്‍. കുട്ടികളെ സ്‌കൂളുകളില്‍ എത്തിക്കുകയും മടക്കിഎത്തിക്കുകയും ചെയ്യേണ്ടതിന്റെ പ്രയാസങ്ങള്‍ മറുവശത്ത്‌. സ്‌കൂള്‍ വാഹനങ്ങള്‍ക്കു പുറമെ പൊതുഗതാഗതത്തെ ആശ്രയിക്കുന്ന കുട്ടികളുടെ യാത്രയും ദുഷ്‌കരമാകും. യാത്രാ സൗകര്യം ഒരുക്കാന്‍ ട്രാന്‍സ്‌പോര്‍ട്ട്‌ അഥോറിട്ടിക്ക്‌ കത്തുനല്‍കി കാത്തിരിക്കുകയാണ്‌ സ്‌കൂള്‍ അധികൃതര്‍.

സ്‌കൂളുകള്‍ അണുവിമുക്‌തമാക്കി സജ്‌ജമായികഴിഞ്ഞു.
ഭക്ഷണം കൊണ്ടുവരാന്‍ കുട്ടികള്‍ക്ക്‌ അനുവാദമില്ല. ഒരുബെഞ്ചില്‍ ഒരാള്‍മാത്രം. 50 ശതമാനം ഹാജര്‍ നിലയില്‍ രണ്ടുഷിഫ്‌റ്റുകളില്‍ പഠനം. റഗുലര്‍ ക്ലാസുകള്‍ ആരംഭിക്കാത്തതിനാല്‍ തല്‍ക്കാലം അറ്റന്‍ഡന്‍സ്‌ രേഖപ്പെടുത്തില്ല. യൂണിഫോമും നിര്‍ബന്ധമില്ല. സംശയദൂരീകരണത്തിനും പ്രാക്‌ടിക്കല്‍ വിഷയങ്ങള്‍ക്കുമായിരിക്കും പ്രധാന്യം നല്‍കുക. ആദ്യദിനത്തിനുശേഷം വിഷയങ്ങള്‍ അനുസരിച്ച്‌ ക്ലാസുകള്‍ ക്രമീകരിക്കും.
ഒരാഴ്‌ച പ്രവര്‍ത്തനം നിരീക്ഷിച്ചശേഷം പ്രധാനാധ്യാപകര്‍ ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ക്ക്‌ റിപ്പോര്‍ട്ട്‌ നല്‍കണം. കോവിഡ്‌ കമ്മിറ്റിയുടെ പരിശോധനയും നിരീക്ഷണവും എല്ലാ സ്‌കൂളുകളിലും ഉണ്ടാവും.