പുതു വര്‍ഷം; പുതു പ്രതീക്ഷ: സംസ്ഥാനത്തെ 10,12 ക്ലാസിലെ വിദ്യാര്‍ഥികള്‍ നാളെ മുതല്‍ സ്കൂളിലേക്ക്

പുതു വര്‍ഷം; പുതു പ്രതീക്ഷ: സംസ്ഥാനത്തെ 10,12 ക്ലാസിലെ വിദ്യാര്‍ഥികള്‍ നാളെ മുതല്‍ സ്കൂളിലേക്ക്

തിരുവനന്തപുരം: മാസങ്ങള്‍ നീണ്ട ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്തെ സ്കൂളുകള്‍ നാളെ മുതല്‍ ഭാഗികമായി തുറക്കുന്നു. പത്ത്-പ്ലസ് ടു ക്ലാസ് വിദ്യാര്‍ഥികള്‍ക്കാണ് ക്ലാസുകള്‍ ആരംഭിക്കുക. 3118 ഹൈസ്കൂളുകളിലും 2077 ഹയര്‍ സെക്കന്‍ഡറി സ്കൂളുകളിലുമായി ഏകദേശം ഏഴുലക്ഷത്തിലേറെ കുട്ടികളുണ്ടെന്നാണ് കണക്ക്. ക്ലാസുകള്‍ തുടങ്ങുമെങ്കിലും ഹാജര്‍ നിര്‍ബന്ധമാക്കിയിട്ടില്ല. സ്കൂളില്‍ എത്തുന്ന കുട്ടികള്‍ക്ക് രക്ഷകര്‍ത്താക്കളുടെ സമ്മതപത്രം നിര്‍ബന്ധമാക്കിയിട്ടുണ്ട്.

ആശങ്കകള്‍:

പത്ത്-പ്ലസ് ടു പൊതുപരീക്ഷ നടക്കാനിരിക്കുന്നതിനാലാണ് ഈ ക്ലാസിലെ വിദ്യാര്‍ഥികള്‍ക്കായി സ്കൂള്‍ തുറക്കുന്നത്. ഓണ്‍ലൈന്‍ വഴി പൂര്‍ത്തിയാക്കിയ പാഠഭാങ്ങളിലെ സംശയനിവാരണം, റിവിഷന്‍ എന്നിവയ്ക്കാകും പ്രാധാന്യം നല്‍കുക.

എന്നാല്‍ കോവിഡ് വ്യാപനം കുറയാത്ത സാഹചര്യത്തില്‍ ക്ലാസുകള്‍ ആരംഭിക്കുന്നത് സംബന്ധിച്ച്‌ ആശങ്കയും ഉയരുന്നുണ്ട്. കുട്ടികള്‍ക്ക് ഐഡന്റിറ്റി കാര്‍ഡ് യാത്രാ പാസ് തുടങ്ങിയവ നല്‍കിയിട്ടില്ലാത്തതിനാല്‍ സ്കൂളിലെത്താന്‍ ബുദ്ധിമുട്ടുണ്ടാകുമെന്ന പരാതികളും ഉയര്‍ന്നിട്ടുണ്ട്

മുന്നൊരുക്കങ്ങള്‍:

കോവിഡ് പശ്ചാത്തലത്തില്‍ ക്ലാസുകള്‍ ആരംഭിക്കുന്നതിനാല്‍ സ്കൂളുകളിലെ കോവിഡ് സെല്‍ രൂപീകരണം അടക്കമുള്ള നടപടികള്‍ പൂര്‍ത്തിയായതായി പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ (ഡിപിഐ) എ. ജീവന്‍ ബാബു അറിയിച്ചു. സ്കൂള്‍ തലത്തില്‍ യോഗങ്ങളും നടത്തിയിരുന്നു.

സുരക്ഷ:

വിദ്യാര്‍ഥികളുടെ സുരക്ഷയ്ക്ക് പ്രഥമ പരിഗണന നല്‍കിയാണ് ക്ലാസുകള്‍ ഒരുക്കുന്നത്. ഓരോ ക്ലാസിലും പകുതി വീതം വിദ്യാര്‍ഥികള്‍ ഷിഫ്റ്റ് ആയോ ഒന്നിടവിട്ട ദിവസങ്ങളിലോ ക്ലാസുകളിലെത്തുന്ന വിധം ക്രമീകരണം നടത്താനാണ് നീക്കം. ഒരു ബഞ്ചില്‍ ഒരു കുട്ടി, ഒഴിഞ്ഞ കിടക്കുന്ന ക്ലാസ് മുറികളും പ്രയോജനപ്പെടുത്താം തുടങ്ങിയ നിര്‍ദേശങ്ങളും വിദ്യാഭ്യാസ വകുപ്പ് നല്‍കിയിട്ടുണ്ട്. ആദ്യ ആഴ്ചയിലെ സ്ഥിതിഗതികള്‍ വിലയിരുത്തിയ ശേഷം ഈ ക്രമീകരണങ്ങളില്‍ മാറ്റം വരുത്തും

ഫസ്റ്റ്ബെല്‍:

വിക്ടേഴ്സ് വഴിയുള്ള ക്ലാസുകളും തുടരും. സ്കൂളില്‍ പോകുന്ന കുട്ടികള്‍ക്ക് വൈകിട്ട് റിപ്പീറ്റ് ക്ലാസുകള്‍ കാണും.