എം. അനില്‍കുമാര്‍ കൊച്ചി മേയര്‍

എം. അനില്‍കുമാര്‍ കൊച്ചി മേയര്‍

കൊച്ചി: അഡ്വ. എം. അനില്‍കുമാര്‍ കൊച്ചി മേയറായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. വരണാധികാരിയായ ജില്ല കലക്ടര്‍ എസ്. സുഹാസ് സത്യവാചകം ചൊല്ലി കൊടുത്തു. കൊച്ചി കോര്‍പ്പറേഷന്‍ 33-ാം ഡിവിഷന്‍ കൗണ്‍സിലറാണ് അഡ്വ. എം. അനില്‍കുമാര്‍.

രണ്ട് ഘട്ടമായി നടന്ന തിരഞ്ഞെടുപ്പിലൂടെയാണ് മേയറെ തിരഞ്ഞെടുത്തത്. ആകെയുള്ള 74 കൗണ്‍സിലര്‍മാരില്‍ 73 പേര്‍ ആദ്യ ഘട്ട വോട്ടെടുപ്പിലും 68 കൗണ്‍സിലര്‍മാര്‍ രണ്ടാം ഘട്ട വോട്ടെടുപ്പിലും പങ്കെടുത്തു. എല്‍.ഡി.എഫ്, യു.ഡി.എഫ് , ബി.ജെ.പി പ്രതിനിധികളായ അഡ്വ. എം. അനില്‍കുമാര്‍, അഡ്വ. ആന്‍റണി കുരീത്തറ, സുധ ദിലീപ് കുമാര്‍ എന്നിവരാണ് മത്സരിച്ചത്. ആദ്യ ഘട്ടത്തില്‍ യഥാക്രമം 36,32, 5 വോട്ടുകള്‍ എല്‍.ഡി.എഫ്, യു.ഡി.എഫ് , ബി.ജെ.പി കൗണ്‍സിലര്‍മാര്‍ നേടി.

23-ാം ഡിവിഷന്‍ കൗണ്‍സിലര്‍ തിരഞ്ഞെടുപ്പില്‍ നിന്നും വിട്ട് നിന്നു. തിരഞ്ഞെടുപ്പ് ചട്ടം 8 ബി പ്രകാരം നടന്ന രണ്ടാം ഘട്ട വോട്ടെടുപ്പില്‍ അഡ്വ. എം. അനില്‍കുമാര്‍ 36 വോട്ടും അഡ്വ. ആന്‍റണി കുരീത്തറ 32 വോട്ടുമാണ് നേടിയത്. ബി.ജെ.പി കൗണ്‍സിലര്‍മാര്‍ വോട്ടെടുപ്പില്‍ നിന്നും വിട്ട് നിന്നു. ഓപ്പണ്‍ ബാലറ്റ് വഴിയാണ് തിരഞ്ഞെടുപ്പ് നടന്നത്.