വാളയാര്‍ കേസില്‍ പുനര്‍വിചാരണ , ആ പിഞ്ചുമക്കള്‍ക്ക് നീതിക്കു വഴിതുറന്നു
കൊച്ചി : വാളയാറില്‍ പീഡനത്തിനിരയായ പ്രായപൂര്‍ത്തിയാകാത്ത സഹോദരിമാര്‍ മരിച്ച കേസില്‍ പ്രതികളെ വെറുതേവിട്ട വിചാരണക്കോടതി വിധി ഹൈക്കോടതി റദ്ദാക്കി. സര്‍ക്കാരും കുട്ടികളുടെ രക്ഷിതാക്കളും നല്‍കിയ അപ്പീല്‍ അംഗീകരിച്ച ഹൈക്കോടതി, കേസില്‍ പുനര്‍വിചാരണ നടത്താന്‍ പാലക്കാട് അഡീഷണല്‍ സെഷന്‍സ് കോടതിയോടു നിര്‍ദേശിച്ചു.
കേസില്‍ കേരളാ പോലീസ് നടത്തിയ അന്വേഷണം അവജ്‌ഞ ഉളവാക്കുന്നതാണെന്നു ജസ്‌റ്റിസുമാരായ എ. ഹരിപ്രസാദ്, എം.ആര്‍. അനിത എന്നിവരുള്‍പ്പെട്ട ബെഞ്ച് വിമര്‍ശിച്ചു. തുടക്കത്തിലെ പാളിച്ചകള്‍ മൂലമാണു പിന്നീട് അന്വേഷണമേറ്റെടുത്ത ഡിവൈ.എസ്.പിക്കു ഫലപ്രദമായി മുന്നോട്ടുനീങ്ങാന്‍ കഴിയാതിരുന്നത്. കാര്യക്ഷമതയില്ലാത്ത ഉദ്യോഗസ്‌ഥന്‍ പോലീസിനാകെ നാണക്കേടാണ്. പ്രധാന കേസുകളുടെ അന്വേഷണത്തിലെ പാളിച്ചകള്‍ ഭരണസംവിധാനത്തോട് അവമതിപ്പുണ്ടാക്കുമെന്നും ഹൈക്കോടതി നിരീക്ഷിച്ചു. വിചാരണ കൃത്യമായി നടത്തുന്നതില്‍ പാലക്കാട് അഡീ. സെഷന്‍സ് കോടതി പരാജയപ്പെട്ടെന്നും പോക്‌സോ കോടതി ജഡ്‌ജിമാര്‍ക്കു പരിശീലനം നല്‍കണമെന്നും ഉത്തരവിലുണ്ട്. കേസില്‍ തുടരന്വേഷണം ആവശ്യപ്പെട്ടാണു കുട്ടികളുടെ രക്ഷിതാക്കളും സര്‍ക്കാരും ഹൈക്കോടതിയെ സമീപിച്ചത്. എന്നാല്‍, ആവശ്യമെങ്കില്‍ ഹര്‍ജിക്കാര്‍ ഇതിനായി വിചാരണക്കോടതിയില്‍ പ്രത്യേകാപേക്ഷ നല്‍കാനാണു ഹൈക്കോടതി നിര്‍ദേശം.
പ്രതികള്‍ക്കെതിരേ ചുമത്തിയ കുറ്റം തെളിയിക്കാന്‍ പ്രോസിക്യൂഷനു കഴിഞ്ഞില്ലെന്നു വ്യക്‌തമാക്കിയ വിചാരണക്കോടതി സംശയത്തിന്റെ അനുകൂല്യത്തിലാണു പ്രതികളായ വി. മധു, ഷിബു, എം. മധു, പ്രദീപ് എന്നിവരെ വെറുതേവിട്ടത്. എന്നാല്‍, പോലീസിന്റെയും പ്രോസിക്യൂഷന്റെയും വീഴ്‌ചകളാണു പ്രതികളെ വെറുതേവിടാന്‍ കാരണമായതെന്നു സര്‍ക്കാര്‍ വാദിച്ചു. വേണ്ടിവന്നാല്‍ തുടരന്വേഷണത്തിനോ പുനരന്വേഷണത്തിനോ സര്‍ക്കാര്‍ ഒരുക്കമാണെന്നും സ്‌പെഷല്‍ പ്രോസിക്യൂട്ടര്‍ ഹൈക്കോടതിയെ അറിയിച്ചിരുന്നു. തെളിവുകള്‍ പരിശോധിക്കുന്നതില്‍ വിചാരണക്കോടതിക്കും വീഴ്‌ച സംഭവിച്ചെന്നു സര്‍ക്കാര്‍ ആരോപിച്ചു.
പോലീസ് തുടക്കം മുതല്‍ പ്രതികള്‍ക്ക് അനുകൂലമായി കേസ് മാറ്റിയെന്ന് ഇരകളുടെ രക്ഷിതാക്കള്‍ വാദിച്ചു. കേസില്‍ പ്രായപൂര്‍ത്തിയാകാത്ത ഒരാളുള്‍പ്പെടെ അഞ്ച് പ്രതികളാണുണ്ടായിരുന്നത്. വിചാരണക്കോടതി വെറുതേവിട്ട നാലുപേരില്‍ ഒരാളെ മാസങ്ങള്‍ക്കു മുമ്ബ് ചേര്‍ത്തലയിലെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി. കോടതിയുടെ മേല്‍നോട്ടത്തില്‍ സി.ബി.ഐ. അന്വേഷണമെന്ന രക്ഷിതാക്കളുടെ ആവശ്യം കോടതി തള്ളി. പ്രതികള്‍ 20-നു വിചാരണക്കോടതിയില്‍ ഹാജരാകണം. ആവശ്യമെങ്കില്‍ കൂടുതല്‍ സാക്ഷികളെ വിസ്‌തരിക്കാം. പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടാല്‍ മുമ്ബ് വിസ്‌തരിച്ച സാക്ഷികളെ വീണ്ടും വിസ്‌തരിക്കാമെന്നും ഹൈക്കോടതി വ്യക്‌തമാക്കി.
Comments (0)