പണം നൽകാതെ വഞ്ചിച്ചെന്ന് പരാതി; നടപടിയെടുക്കാതെ പോലീസ്

പറവൂർ: കോടതിയുടെ നിർദ്ദേശത്തെ തുടർന്ന്, നിർബന്ധിത സാഹചര്യത്തിൽ കേസെടുത്തെങ്കിലും കോടികളുടെ തട്ടിപ്പ് കേസിലെ പ്രതികളെ അറസ്റ്റ് ചെയ്യാതെ പോലീസ് സംരക്ഷിക്കുന്നതായി പരാതി. ചിറ്റാറ്റുകര പഞ്ചായത്തിലെ പൂയ്യപ്പിള്ളി, കോയമ്പത്തൂരിനടുത്ത് ന്യൂസിദ്ധാ പുദൂർ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിരുന്ന സ്വകാര്യ സ്ഥാപനത്തിന്റെ ഉടമകളെയാണ് പോലീസ് സഹായിക്കുന്നതായി പരാതി ഉയർന്നിട്ടുള്ളത്. ദമ്പതികൾ ഉൾപ്പെടെ മൂന്ന് ഡയറക്ടർമാരാണ് ഏഴരക്കോടിയിലധികം രൂപ, ഉയർന്ന ലാഭവിഹിതം നൽകാമെന്ന് വാഗ്ദാനം നൽകി പലരിൽ നിന്നായി തട്ടിയെടുത്തതായുള്ള പരാതി. കൂനമ്മാവ് കൊച്ചു തുണ്ടത്തിൽ ഷൈൻ (38) രണ്ട് ലക്ഷം രൂപ കമ്പനിയിൽ നിക്ഷേപിച്ചെങ്കിലും മുതലോ, ലാഭ വിഹിതമോ നൽകാതെ വഞ്ചിച്ചതിന് പറവൂർ പോലീസിൽ പരാതി നൽകിയെങ്കിലും പോലീസ് കേസെടുത്തില്ല. പിന്നീട് ആലുവ റൂറൽ എസ്.പി.ക്ക് പരാതി നൽകിയെങ്കിലും വേണ്ടത്ര ഫലം കണ്ടില്ല. ഒടുവിൽ പറവൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ളാസ് മജിസ്ട്രേറ്റ് കോടതിയെ സമീപിച്ചു.തുടർന്ന് കേസെടുക്കാൻ കോടതി ഉത്തരവിട്ടതോടെയാണ് പോലീസ് ഉണർന്നത്. വൈൻ ജി ഡി കമ്പനി ഡയറക്ടർമാരായ പൂയപ്പിളളി കളത്തിൽ വീട്ടിൽ അനിൽകുമാർ, ഭാര്യ ശോഭ, ആലങ്ങാട് നീറിക്കോട് നെടുകപ്പിള്ളി വീട്ടിൽ എൻ.എം ഷാജി എന്നിവർക്കെതിരെയാണ് കേസെടുത്തിട്ടുള്ളത്. ഇതിൽ മുഖ്യ പ്രതി അനിൽകുമാർ ഖത്തറിലാണുള്ളത്. 2, 20000 രൂപ നഷ്ടപ്പെട്ടതിന് പാലക്കാട് മണ്ണാർക്കാട് സ്വദേശി മുണ്ടയിൽ ഉണ്ണികൃഷ്ണൻ നൽകിയ പരാതിയിലും പോലീസ് കേസെടുത്തിട്ടുണ്ട്.