ഗുരുതര രോഗികള്‍ക്ക് ഇ.എസ്.ഐ ആശുപത്രിയില്‍ ബുദ്ധിമുട്ടുണ്ടാക്കരുത് - മനുഷ്യാവകാശ കമ്മീഷന്‍

ഗുരുതര രോഗികള്‍ക്ക് ഇ.എസ്.ഐ ആശുപത്രിയില്‍ ബുദ്ധിമുട്ടുണ്ടാക്കരുത് - മനുഷ്യാവകാശ കമ്മീഷന്‍

കൊച്ചി: ഗുരുതരരോഗം ബാധിച്ച്‌ സൂപ്പര്‍ സ്പെഷാലിറ്റി ചികിത്സ നടത്തി വരുന്ന രോഗികള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാകാത്ത വിധത്തില്‍ ഇ.എസ്.ഐ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഇന്‍ഷുറന്‍സ് മെഡിക്കല്‍ സര്‍വിസ് മേധാവി ഉറപ്പാക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍. ആഴ്ചയില്‍ രണ്ടുതവണ ഡയാലിസിസിന് വിധേയരാകുന്നവരെ പോലുള്ളവരുടെ ശാരീരികവും മാനസികവുമായ അവസ്ഥകൂടി പരിഗണിച്ചുള്ള സമീപനമാണ് സ്വീകരിക്കേണ്ടതെന്നും കമ്മീഷന്‍ അധ്യക്ഷന്‍ ജസ്​റ്റിസ് ആന്‍റണി ഡൊമിനിക് ഉത്തരവില്‍ വ്യക്തമാക്കി. ആവശ്യമായ നിര്‍ദേശം എല്ലാ ഇ.എസ്.ഐ ആശുപത്രികള്‍ക്കും നല്‍കണമെന്ന് കമ്മീഷന്‍ ഇന്‍ഷുറന്‍സ് മെഡിക്കല്‍ സര്‍വിസ് ഡയറക്ടറോട്​ ഉത്തരവിട്ടു. ചോറ്റാനിക്കര സ്വദേശി കെ.പി.ശശിധരന്‍ പിള്ളയുടെ പരാതിയിലാണ് നടപടി. കോലഞ്ചേരി മെഡിക്കല്‍ കോളജില്‍ ചികിത്സ നടത്തുന്ന പരാതിക്കാരന് റഫര്‍ കത്ത് നല്‍കുമ്പോള്‍ എറണാകുളം ഇ.എസ്.ഐ ആശുപത്രി ചികിത്സ ആവശ്യങ്ങള്‍ മുഴുവന്‍ രേഖപ്പെടുത്തുന്നില്ലെന്നാണ് പരാതി. അത്യാവശ്യ കുത്തിവെപ്പുകളും ലാബ് പരിശോധനകളും നടത്താനാകുന്നില്ല. സൂപ്പര്‍ സ്പെഷാലിറ്റി ചികിത്സ പാക്കേജാണെന്നും മുഴുവന്‍ ലഭ്യമാക്കാന്‍ എം പാനല്‍ഡ് ആശുപത്രികള്‍ ബാധ്യസ്ഥരാണെന്നും ഇന്‍ഷുറന്‍സ് മെഡിക്കല്‍ സര്‍വിസ് ഡയറക്ടര്‍ കമ്മീഷനെ അറിയിച്ചു. ചില മരുന്നുകളും ലാബ് പരിശോധനകളും ഇ.എസ്.ഐ ആശുപത്രികളില്‍ ലഭ്യമാണെന്നും അതിനാലാണ് അവ റഫറല്‍ കത്തില്‍ രേഖപ്പെടുത്താത്തതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.