ആംബുലന്‍സ് പീഡനം: പ്രതിയുടെ ജാമ്യഹര്‍ജി തള്ളി
കൊച്ചി: കോവിഡ് ബാധിച്ച യുവതിയെ ആംബുലന്‍സില്‍ പീഡിപ്പിച്ച കേസിലെ പ്രതിയുടെ ജാമ്യഹര്‍ജി ഹൈകോടതി തള്ളി. പന്തളത്തെ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി പീഡിപ്പിച്ചതിന് അറസ്റ്റിലായ ആംബുലന്‍സ് ഡ്രൈവര്‍ കായംകുളം സ്വദേശി നൗഫലിന്റെ ജാമ്യഹര്‍ജിയാണ് ജസ്റ്റിസ് വി.ജി. അരുണ്‍ തള്ളിയത്. സുരക്ഷിതയെന്ന് കരുതി ആശുപത്രിയിലേക്ക് പോയ യുവതി പീഡിപ്പിക്കപ്പെട്ടത് സര്‍ക്കാറിന്റെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെപ്പോലും പ്രതികൂലമായി ബാധിച്ച സംഭവമാണെന്നും ഈ ക്രൂരത ആരെയും ഞെട്ടിക്കുന്നതാണെന്നും വിലയിരുത്തിയാണ് ഹര്‍ജി തള്ളിയത്. സെപ്റ്റംബര്‍ അഞ്ചിന് രാത്രി പതിനൊന്നരയോടെ നടന്ന സംഭവത്തില്‍ തൊട്ടടുത്ത ദിവസംതന്നെ പ്രതിയെ അറസ്റ്റ് ചെയ്തിരുന്നു.
അന്വേഷണം പൂര്‍ത്തിയായ സാഹചര്യത്തില്‍ കസ്റ്റഡിയിൽ തുടരേണ്ടതില്ലെന്നും ജാമ്യം നല്‍കണമെന്നുമായിരുന്നു ഹര്‍ജിക്കാരന്റെ ആവശ്യം. എന്നാല്‍, യുവതി ശാരീരികവും മാനസികവുമായി തളര്‍ന്നതും സംഭവത്തെത്തുടര്‍ന്ന് വ്യാപക പ്രതിഷേധം ഉയര്‍ന്നതും കണ്ടില്ലെന്ന് നടിക്കാന്‍ കഴിയില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. ജാമ്യഹര്‍ജി പത്തനംതിട്ട സെഷന്‍സ് കോടതി തള്ളിയിരുന്നു.



Author Coverstory


Comments (0)