ഫ്ലാറ്റിൽനിന്ന് വീണ വീട്ടുജോലിക്കാരി മരിച്ചു.
കൊച്ചി: ഫ്ലാറ്റിൽ നിന്ന് ദുരൂഹസാഹചര്യത്തിൽ വീണ് ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന സേലം സ്വദേശിനി കുമാരി (55) മരിച്ചു. മറൈൻ ഡ്രൈവിലെ ലിങ്ക് ഹൊറൈസൺ ഫ്ലാറ്റിൽ നിന്ന് ഒരാഴ്ച മുമ്പാണ് ഇവർ ദുരൂഹസാഹചര്യത്തിൽ വീണത്. ശനിയാഴ്ച വൈകിട്ടായിരുന്നു മരണം.ഫ്ലാറ്റിൽ നിന്നും രക്ഷപ്പെടാൻ ശ്രമിക്കുമ്പോൾ അപകടത്തിൽപെട്ടെന്നനിലയിലാണ് പോലീസ് ആദ്യം കേസെടുത്തത്.ആത്മഹത്യാശ്രമം ആരോപിച്ച് കുമാരിക്കെതിരെ കേസ് എടുക്കുവാനും നീക്കം നടന്നു.
ഫ്ളാറ്റ് ഉടമ ആരാണെന്നറിയിലെന്ന പോലീസ് നിലപാട് വിമർശനങ്ങൾക്ക് ഇടയാക്കി.ഫ്ളാറ്റ് ഉടമ പൂട്ടിയിട്ടതിനെത്തുടർന്നാണ് ജനാലവഴി സാരികൾ കൂട്ടിക്കെട്ടി താഴേക്കിറങ്ങാൻ ശ്രമിച്ചതെന്ന വിവരം പുറത്തുവന്നതോടെ ഫ്ലാറ്റുടമയ്ക്കെതിരെ കൊലക്കേസ് ചുമത്തണമെന്ന് ആവശ്യപ്പെട്ട് ബന്ധുക്കൾ രംഗത്തിറങ്ങിയിരുന്നു.ഗുരുതരാവസ്ഥയിൽ ആയതിനാൽ കുമാരിയുടെ മൊഴിയെടുക്കാൻ കഴിഞ്ഞിരുന്നില്ല. കുമാരിയുടെ ഭർത്താവിന്‍റെ കാഴ്ച പരിമിതമാണ്. ഉടൻ നാട്ടിലെത്താൻ കുമാരിയോടു ആവശ്യപ്പെട്ടിരുന്നുവെന്നും വന്നില്ലെങ്കിൽ ആത്മഹത്യ ചെയ്യേണ്ട സാഹചര്യമാണെന്നും ഫോണിലൂടെ അറിയിച്ചതായും ഇയാളുടെ മൊഴി പൊലീസ് രേഖപ്പെടുത്തി.ഇൻക്വസ്റ്റ് പോസ്റ്റ് മോർട്ടം റിപ്പോർട്ടുകൾ ലഭിച്ചശേഷം കൂടുതൽ നടപടികളിലേക്ക് നീങ്ങും എന്നാണ് പോലീസ് പറയുന്നത്.അഭിഭാഷകനായ ഇംതിയാസ് മുഹമ്മദിന്റെ ഫ്ലാറ്റിലെ ജോലിക്കാരി ആയിരുന്നു കുമാരി.അഡ്വാൻസായി നൽകിയ 1000 രൂപ തിരികെ നൽകാതെ വീട്ടിൽ പോവാൻ അനുവദിക്കില്ലെന്ന് ഇയാൾ പറഞ്ഞതിനാലാണ് കുമാരി സാഹസത്തിനു തുനിഞ്ഞതെന്ന് ആരോപണമുണ്ട്.എന്നാൽ താൻ അവരെ തടഞ്ഞു മറച്ചിരുന്നില്ലന്നാണ് ഇംതിയാസിനെ വാദം.ലോക്ക് ഡൗൺ സമയത്ത് നാട്ടിലേക്ക് മടങ്ങിയ കുമാരി രണ്ടാഴ്ച മുമ്പാണ് കൊച്ചിയിൽ തിരിച്ചെത്തിയത്.
Comments (0)