സൗജന്യ ഭക്ഷ്യക്കിറ്റില്‍ നെയ്യും പാല്‍പ്പൊടിയും കൂടി ഉള്‍പ്പെടുത്തണം; മില്‍മ

സൗജന്യ ഭക്ഷ്യക്കിറ്റില്‍ നെയ്യും പാല്‍പ്പൊടിയും കൂടി ഉള്‍പ്പെടുത്തണം; മില്‍മ

തിരുവനന്തപുരം: സര്‍ക്കാര്‍ വിതരണം ചെയ്യുന്ന സൗജന്യ ഭക്ഷ്യക്കിറ്റില്‍ നെയ്യും പാല്‍പ്പൊടിയും കൂടി ഉള്‍പ്പെടുത്തണമെന്ന് മില്‍മ. 100 ഗ്രാം നെയ്യും 200 ഗ്രാം പാല്‍പ്പൊടിയും കിറ്റില്‍ ഉള്‍പ്പെടുത്തണമെന്ന് സംസ്ഥാന സര്‍ക്കാരിനു ശുപാര്‍ശ നല്‍കി. സംസ്ഥാനത്ത് അധികമായി സംഭരിക്കുന്ന നെയ്യും പാല്‍പ്പൊടിയും ഉപയോഗപ്പെടുത്താനാണ് ഇതിലൂടെ മില്‍മ ലക്ഷ്യമിടുന്നത്.മലബാര്‍ മേഖലാ യൂണിയനില്‍ ഒരു ദിവസം ശരാശരി ഒന്നേകാല്‍ ലക്ഷത്തിലധികം ലിറ്റര്‍ പാല്‍ അധികമായി സംഭരിക്കുന്നു.എറണാകുളം മേഖലയില്‍ വിതരണത്തിനാവശ്യമായ മുഴുവന്‍ പാലും അവിടെത്തന്നെ സംഭരിക്കുന്നുണ്ട്. തിരുവനന്തപുരം മേഖലയിലെ സംഭരണത്തിന്റെ കുറവ് മലബാറില്‍ നിന്നാണ് ഇപ്പോള്‍ നികത്തുന്നത്. എങ്കിലും അധികമായി സംഭരിക്കുന്ന മുഴുവന്‍ പാലും വിതരണം ചെയ്യാന്‍ കഴിയുന്നില്ല. ഈ പ്രതിസന്ധി പരിഹരിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ശുപാര്‍ശ സമര്‍പ്പിച്ചത്.പ്രവാസികള്‍ ഉള്‍പ്പെടെ കൂടുതല്‍ ആളുകള്‍ ക്ഷീരമേഖലയിലേക്ക് എത്തിയതോടെ പാല്‍ ഉല്‍പ്പാദനം വര്‍ധിച്ചു. സംഭരിക്കുന്നതിനനുസരിച്ച്‌ പാല്‍ വില്‍പ്പന നടക്കുന്നില്ല. അധിക പാല്‍ മറ്റു രീതിയില്‍ പ്രയോജനപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് ശുപാര്‍ശ സമര്‍പ്പിച്ചത്. ഇതോടൊപ്പം അങ്കണവാടികള്‍ക്കുള്ള പാല്‍വിതരണം സംസ്ഥാനവ്യാപകമാക്കും.