കാര്യങ്ങള്‍ കുഴഞ്ഞ് മറിയുന്നു... തിരുവനന്തപുരം കോണ്‍സുലേറ്റില്‍ ദുബായ് പോലീസും ജോലി ചെയ്തിരുന്നതായി വിവരം; കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സികള്‍ക്കു റിപ്പോര്‍ട്ട് ചെയ്യാനൊരുങ്ങിയ മലയാളി ഉദ്യോഗസ്ഥനെ പുറത്താക്കിയതായി എന്‍ഐഎ

കാര്യങ്ങള്‍ കുഴഞ്ഞ് മറിയുന്നു... തിരുവനന്തപുരം കോണ്‍സുലേറ്റില്‍ ദുബായ് പോലീസും ജോലി ചെയ്തിരുന്നതായി വിവരം; കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സികള്‍ക്കു റിപ്പോര്‍ട്ട് ചെയ്യാനൊരുങ്ങിയ മലയാളി ഉദ്യോഗസ്ഥനെ പുറത്താക്കിയതായി എന്‍ഐഎ

തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസ് മറ്റൊരു വഴിത്തിരിവിലേക്ക് കടക്കുകയാണ്. തിരുവനന്തപുരം യുഎഇ കോണ്‍സുലേറ്റിലെ നയതന്ത്ര പ്രതിനിധികളോടൊപ്പം ദുബായ് പൊലീസിനെ 4 ഉദ്യോഗസ്ഥര്‍ കൂടി ജോലി ചെയ്തിരുന്ന നിര്‍ണായക വിവരമാണ് ഇപ്പോള്‍ പുറത്ത് വരുന്നത്.

4 ഉദ്യോഗസ്ഥര്‍ കൂടി ജോലി  ചെയ്യുന്ന വിവരം കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സികള്‍ക്കു റിപ്പോര്‍ട്ട് ചെയ്യാനൊരുങ്ങിയ മലയാളി ഉദ്യോഗസ്ഥനെ കോണ്‍സല്‍ ജനറല്‍ ജമാല്‍ ഹുസൈന്‍ അല്‍സാബി പുറത്താക്കിയതായി ദേശീയ അന്വേഷണ ഏജന്‍സിയായ എന്‍ഐഎ കണ്ടെത്തി.

കോണ്‍സുലേറ്റിലെ പിആര്‍ഒയായിരുന്ന കോഴിക്കോടു സ്വദേശിയെ പുറത്താക്കാനും പകരം സ്വര്‍ണക്കടത്തു കേസിലെ കൂട്ടുപ്രതി പി.എസ്.സരിത്തിനെ അതേ പദവിയില്‍ നിയമിക്കാനും ചരടുവലിച്ചതു ജമാലിന്റെ സെക്രട്ടറിയായിരുന്ന സ്വപ്ന സുരേഷാണെന്നും എന്‍ഐഎ കണ്ടെത്തി.

കോണ്‍സുലേറ്റിലെ രഹസ്യ വിവരങ്ങള്‍ ചോര്‍ത്തിയെന്നു കാണിച്ചാണു കോഴിക്കോടു സ്വദേശിയെ കോണ്‍സല്‍ ജനറല്‍ പുറത്താക്കിയത്. യുഎഇ വിദേശകാര്യ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ക്കു പുറമേ ദുബായ് പോലീസിലെ 4 ഉദ്യോഗസ്ഥരായ അബ്ദുല്ല ഖാനിം അല്‍ അറൈ, സുല്‍ത്താന്‍ സയീദ് അല്‍ ഷംസി, ഇബ്രാഹിം റഷീദ് അല്‍ നുഅയിമി, അഹമ്മദ് അല്‍ ദൗഖി എന്നിവരും ജോലി ചെയ്യുന്നതായുള്ള വിവരം കേന്ദ്ര ഏജന്‍സികളെ അറിയിക്കാന്‍ ശ്രമിച്ചതാണു ജമാല്‍ ഹുസൈന്‍ അല്‍ സാബിയെ ചൊടിപ്പിച്ചത്. കോവിഡ് കാലത്ത് ജമാലിനൊപ്പം 4 പൊലീസ് ഉദ്യോഗസ്ഥരും യുഎഇയിലേക്കു മടങ്ങി.

കോണ്‍സുലേറ്റ് ഓഫിസും വാഹനങ്ങളും നയതന്ത്ര പരിരക്ഷയും മറയാക്കി 22 തവണയായി 167 കിലോഗ്രാം സ്വര്‍ണമാണു സ്വപ്നയും കൂട്ടാളികളും കടത്തിയത്. ഇതില്‍ 20 തവണ സ്വര്‍ണം കടത്തിയപ്പോഴും ജമാല്‍ ഹുസൈന്‍ കോണ്‍സുലേറ്റിലുണ്ടായിരുന്നു.

കസ്റ്റംസ് പ്രിവന്റീവ് വിഭാഗം സ്വര്‍ണക്കടത്തു പിടികൂടുന്നതിനു മുന്‍പു തന്നെ സ്വപ്നയെയും സരിത്തിനെയും കോണ്‍സുലേറ്റിലെ പദവികളില്‍ നിന്നു മാറ്റിനിര്‍ത്തിയതും ജമാലിന്റെ അതിബുദ്ധിയാണെന്നാണ് അന്വേഷണ ഏജന്‍സികളുടെ നിഗമനം. പദവികളില്‍ നിന്നു മാറ്റിനിര്‍ത്തിയ ഘട്ടത്തിലും കോണ്‍സുലേറ്റില്‍ അതുവരെ അവര്‍ ചെയ്തിരുന്ന മുഴുവന്‍ ഉത്തരവാദിത്തങ്ങളും തുടര്‍ന്നും നിറവേറ്റുന്നതിനു സ്വപ്നയ്ക്കും സരിത്തിനും കോണ്‍സല്‍ ജനറല്‍ പ്രതിഫലം നല്‍കിയിരുന്നു.

ലൈഫ് മിഷന്‍ വടക്കാഞ്ചേരി പദ്ധതിയുടെ കരാറില്‍ ഇടപെടാനും യുഎഇ റെഡ്ക്രസന്റ് ജീവകാരുണ്യ സംഘടന സംസ്ഥാന സര്‍ക്കാരിന്റെ ഭവനപദ്ധതിക്കു നല്‍കിയ 18 കോടി രൂപയുടെ 26% കമ്മിഷനായി വാങ്ങാനും സ്വപ്ന വഴി ഒത്താശ ചെയ്തതു ജമാലാണെന്നു യൂണിടാക് ഉടമ സന്തോഷ് ഈപ്പന്‍ എന്‍ഐഎക്കു മൊഴി നല്‍കിയിട്ടുണ്ട്. യൂണിടാക്കുമായി നിര്‍മാണക്കരാറില്‍ ഒപ്പിട്ടതും ജമാലാണ്.

പദ്ധതിയുടെ നിര്‍മാണക്കരാറിനായി യൂണിടാക് നല്‍കിയ 4.40 കോടി രൂപയില്‍ 3.80 കോടി രൂപ യുഎസ് ഡോളറായി വിദേശത്തേക്കു കടത്താന്‍ ചരടുവലിച്ചതും ജമാല്‍ ഹുസൈന്‍ അല്‍സാബിയാണ്.

ആശ്രിതനായിരുന്ന ഖാലിദ് അലി ഷൗക്രിയെന്ന ഈജിപ്ഷ്യന്‍ പൗരനെ മുന്നില്‍ നിര്‍ത്തി ലൈഫ് മിഷന്‍ കമ്മിഷന്‍ തുക ജമാല്‍ കൈപ്പറ്റിയതിനു സ്വപ്ന സുരേഷ്, സന്ദീപ് നായര്‍, പിഎസ്.സരിത്ത്, സന്തോഷ് ഈപ്പന്‍ എന്നിവര്‍ തെളിവു നല്‍കിയിട്ടുണ്ട്.