കെവിന്‍ വധക്കേസ് പ്രതിയെ മര്‍ദ്ദിച്ച സംഭവം; തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണറോട് ഹാജരാകണമെന്ന് ഹൈക്കോടതി

കെവിന്‍ വധക്കേസ് പ്രതിയെ മര്‍ദ്ദിച്ച സംഭവം; തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണറോട് ഹാജരാകണമെന്ന് ഹൈക്കോടതി

കൊച്ചി: കെവിന്‍ വധക്കേസ് പ്രതി ടിറ്റു ജെറോമിനെ ജയിലില്‍ മര്‍ദ്ദിച്ച സംഭവുമായി ബന്ധപ്പെട്ട് തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണറോട് ഹാജരാകാന്‍ ഹൈക്കോടതി നിര്‍ദ്ദേശം.

പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന ടിറ്റു ജെറോമിനെ കാണാന്‍ മാതാപിതാക്കളെ അനുവദിക്കണമെന്ന ഉത്തരവ് നടപ്പിലാക്കാതിരുന്ന സാഹചര്യത്തിലാണ് കോടതിയുടെ നിര്‍ദ്ദേശം. ഓണ്‍ലൈനായി കോടതിക്ക് മുന്‍പാകെ ഹാജരാകാനാണ് നിര്‍ദേശിച്ചിരിക്കുന്നത്.

ടിറ്റു ജെറോമിനെ പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ വെച്ച്‌ മര്‍ദ്ദിച്ചത് ജയില്‍ ജീവനക്കാരാണെന്ന് ജില്ലാ ജഡ്ജിയുടെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. തന്നെ മര്‍ദ്ദിച്ചത് ചില ജയില്‍ ഉദ്യോഗസ്ഥരാണെന്ന് ടിറ്റു മൊഴി നല്‍കിയെന്നാണ് ജഡ്ജിയുടെ റിപ്പോര്‍ട്ടിലുണ്ടായിരുന്നത്.

മര്‍ദ്ദനത്തെ തുടര്‍ന്ന് ടിറ്റു മെഡിക്കല്‍ കോളേജ് കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ആശുപത്രിയിലായിരുന്ന ടിറ്റുവിന് ആന്തരികാവയവങ്ങള്‍ക്ക് ക്ഷതം സംഭവിച്ചതായും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു.

ഡിസംബര്‍ 24 ന് ചില തടവുകാര്‍ ജയിലില്‍ വെച്ച്‌ മദ്യപിച്ചിരുന്നു. ഇതേച്ചൊല്ലി ചില പ്രശ്നങ്ങള്‍ പിന്നീട് ഉണ്ടായെന്നും ഇതിന്റെ പേരിലാണ് ഉദ്യോഗസ്ഥര്‍ മര്‍ദ്ദിച്ചതെന്നുമാണ് ടിറ്റു മൊഴി നല്‍കിയത്.