വിതുര പെണ്‍വാണിഭക്കേസില്‍ കാല്‍നൂറ്റാണ്ടിനുശേഷം വിധി: ഒന്നാംപ്രതി കുറ്റക്കാരന്‍; ശിക്ഷ ഇന്ന്
കോട്ടയം: വിതുര പെണ്‍വാണിഭക്കേസില്‍ ഒന്നാംപ്രതി കൊല്ലം കടയ്‌ക്കല്‍ ജുബേരിയ മന്‍സിലില്‍ ഷാജഹാന്‍ (സുരേഷ്-51) കുറ്റക്കാരനെന്നു കോടതി. പ്രതിക്കുള്ള ശിക്ഷ അഡീഷണല്‍ ജില്ലാക്കോടതി ജഡ്‌ജി ജോണ്‍സണ്‍ ജോണ്‍ ഇന്നു വിധിക്കും. കേസിനാസ്‌പദമായ സംഭവം നടന്ന് 25 വര്‍ഷത്തിനുശേഷമാണു വിധി പ്രഖ്യാപനം.
തിരുവനന്തപുരം, വിതുര സ്വദേശിയായ പെണ്‍കുട്ടിയെ ജോലി വാഗ്‌ദാനം ചെയ്‌തു തട്ടിക്കൊണ്ടുപോയി പലര്‍ക്കായി കാഴ്‌ചവച്ചെന്നാണു കേസ്. 1995 നവംബര്‍ മുതല്‍ 1996 ജൂലൈ വരെയായിരുന്നു കേസിനാസ്‌പദമായ സംഭവം. ഷാജഹാനെതിരായ 24 കേസുകളില്‍ ആദ്യ കേസിലാണ് വിധി. ഐ.പി.സി. 344-ാം വകുപ്പ് (തട്ടിക്കൊണ്ടുപോയി അന്യായതടങ്കല്‍), 372-ാം വകുപ്പ് (മോശം കാര്യങ്ങള്‍ക്കായി മറ്റുള്ളവര്‍ക്കു കൈമാറുക), അനാശാസ്യനിരോധനനിയമം അഞ്ചാംവകുപ്പ് എന്നിവപ്രകാരമുള്ള കുറ്റങ്ങള്‍ പ്രതി ചെയ്‌തതായി കോടതി കണ്ടെത്തി.
ബലാത്സംഗപ്രേരണാക്കുറ്റം നിലനില്‍ക്കില്ല. തടവില്‍ പാര്‍പ്പിച്ചതിനു മൂന്നുവര്‍ഷം, പെണ്‍കുട്ടിയെ കൈമാറിയതിനു 10 വര്‍ഷം, അനാശാസ്യപ്രവര്‍ത്തന നിരോധനനിയമപ്രകാരം മൂന്നുവര്‍ഷം വരെ തടവുശിക്ഷ ലഭിക്കാം. ബലാത്സംഗക്കുറ്റം ഉള്‍പ്പെടെയുള്ളവയില്‍ വിചാരണ തുടരും. എല്ലാ കേസിലും ഷാജഹാനാണ് ഒന്നാംപ്രതി.
വിതുര സ്വദേശിയായ അജിത 1995-ലാണു പെണ്‍കുട്ടിയെ ജോലി വാഗ്‌ദാനം ചെയ്‌ത് ഷാജഹാനു കൈമാറിയത്. 96-ല്‍ പെണ്‍കുട്ടിയെ മറ്റ് പ്രതികള്‍ക്കൊപ്പം പോലീസ് കണ്ടെത്തിയതോടെയാണു കേസിന്റെ ഉത്ഭവം. രാഷ്‌ട്രീയ, ചലച്ചിത്രമേഖലകളിലുള്ളവരും ഉദ്യോഗസ്‌ഥരും പ്രതിചേര്‍ക്കപ്പെട്ടതോടെ ഷാജഹാന്‍ ഒളിവില്‍പ്പോയി. 19 വര്‍ഷം ഒളിവില്‍ കഴിഞ്ഞ ഇയാള്‍ മറ്റ് പ്രതികളെ വിചാരണക്കോടതി വെറുതേവിട്ടതോടെ കോടതിയില്‍ കീഴടങ്ങി. വിചാരണ തുടങ്ങിയതോടെ വീണ്ടും ഒളിവില്‍പ്പോയ ഇയാളെ ഹൈദരാബാദില്‍നിന്നു ക്രൈംബ്രാഞ്ച് അറസ്‌റ്റ് ചെയ്‌തു. പ്രതിയെ ജില്ലാജയിലിലേക്ക് അയച്ചു. പ്രോസിക്യൂഷനു വേണ്ടി അഡ്വ. രാജഗോപാല്‍ പടിപ്പുരയ്‌ക്കല്‍ ഹാജരായി.
Comments (0)